അച്ചുതമേനോൻ പറഞ്ഞു; "ബാഫഖി തങ്ങൾ വിളിച്ചിട്ട് വന്നതാണ്, തങ്ങളെ കണ്ടിട്ട് ബാക്കി കാര്യങ്ങൾ പിന്നീട് പറയാം"!
ഇ.എം.എസിൻ്റെ കീഴിലുള്ള സപ്തകക്ഷി ഭരണം തകർന്ന്, കേരളം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന വേളയിലായിരുന്നു ബാഫഖി തങ്ങളുടെ സമയോചിത ഇടപെടൽ. അവിടെ കേരള രാഷ്ട്രീയ ഭൂമികയിൽ കോൺഗ്രസ്-സി.പി.ഐ-ലീഗ് എന്നീ പാർട്ടികളടങ്ങിയ പുതിയ മുന്നണി ഭരണം രൂപപ്പെടുകയായിരുന്നു. ശക്തമായ ഈ മുന്നണി കാരണത്താൽ കേരള രാഷ്ട്രീയത്തിൽ മുടിചൂടാമന്നനായിരുന്ന ഇ.എം.എസിന് കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണാൻ പോലും കഴിയാതെയായി.ഒരു പതിറ്റാണ്ട് കാലം മാർക്കിസ്റ്റ് പാർട്ടി അധികാരത്തിൻ്റെ പടിക്ക് പുറത്ത് നിൽക്കേണ്ടി വന്നു.
കേരളം കണ്ട എക്കാലെത്തെയും മികച്ച മന്ത്രിസഭാ പിറവിയുടെ ആദ്യ കൂടിയാലോചനക്ക് വേണ്ടിയായിരുന്നു അച്ചുതമേനോൻ അന്ന് ദൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയതെന്ന് പിൽക്കാല ഭരണ സംഭവങ്ങൾ തെളിയിച്ചു!ആ മന്ത്രിസഭയുടെ സൂത്രധാരനും കിംഗ് മേക്കറുമായിരുന്നു ബാഫഖി തങ്ങൾ.
1936-ലെ മദിരാശി നിയമ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നേരം .കുറുമ്പ്രനാട് മണ്ഡത്തിൽ മുസ്ലിം ലീഗിൻ്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് രാഷ്ട്രീയ ഭൂമികയിൽ അതികായകനായ ബി.പോക്കർ സാഹിബ്.എതിർ സ്ഥാനാർത്ഥിയാണെങ്കിൽ ബാഫഖി തങ്ങളുടെ ബന്ധുവായ ഖാൻ ബഹദൂർ പി.എം ആറ്റക്കോയ തങ്ങൾ.പോക്കർ സാഹിബിൻ്റെ പ്രചാരണ ചുമതല വഹിച്ചിരുന്നത് വിദ്യാസമ്പന്നനും അഭിഭാഷകനും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എം സീതി സാഹിബ്.ആറ്റക്കോയ തങ്ങളുടെ പ്രചാകരനാണെങ്കിൽ രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാത്ത, ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത, വെറും കച്ചവടക്കാരനായ ബാഫഖി തങ്ങളും. ബാഇരുവർക്കുമിടയിൽ വാശിയേറിയ പോരാട്ടം തന്നെ നടന്നു.മലബാറ്കാരുടെ കണ്ണ് കുറുമ്പ്രനാട് മണ്ഡലത്തിലേക്ക് തിരിഞ്ഞ സമയമായിരുന്നു അത്.
ബാഫഖി തങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ആറ്റക്കോയ തങ്ങൾ പോക്കർ സാഹിബിനെ അട്ടിമറിക്കുന്നു.കേരളത്തിൻ്റെയും മുസ്ലിം ലീഗിൻ്റെയും രാഷ്ട്രീയ രാഷ്ട്രീയ ഒഴുക്കിന് പുതിയ രൂപം അവിടെ തുടക്കം കുറിക്കുകയായിരുന്നു.
കുറുമ്പ്രനാട് മണ്ഡലത്തിൽ പോക്കർ സാഹിബ് പരാജയപ്പെട്ടങ്കിലും മുസ്ലിം ലീഗിൻ്റെ വിജയ പരമ്പര അവിടെ നിന്ന് തുടങ്ങുകയായിരുന്നു.കാലത്തിൻ്റെ സഞ്ചാരം അങ്ങനെയാണല്ലോ.നമ്മുടെ ചിന്തകൾക്കും മാനങ്ങൾക്കുമപ്പുറമായിരിക്കും അതിൻ്റെ ഓരോ സഞ്ചാരവും.മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു, ദൈവം മറ്റൊന്നും!
മുസ്ലിം സമുദായത്തിൻ്റെ ആശ്രയമായ മുസ്ലിം ലീഗിൻ്റെ ഈ തോൽവി ബാഫഖി തങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചു.അത്രയും കാലം കച്ചവടത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ബാഫഖി തങ്ങൾ ലീഗിൻ്റെ രാഷ്ട്രീയത്തിൽ നിറ സാന്നിധ്യമായി മാറുന്ന കാഴ്ചയാണ് കേരള ജനതക്ക് പീന്നീട് കാണുന്നത്.ബാഫഖി തങ്ങളുടെ കടന്ന് വരവോടെ മുസ്ലിം ലീഗിൻ്റെ വളർച്ചയും ദ്രുതഗതിയിലായി.അതുവരെ വർത്തക പ്രമാണിമാരും വിദ്യാസമ്പന്നരും മാത്രം ഉണ്ടായിരുന്ന ഒരു പാർട്ടിയിലേക്ക് സാധാരണ ജനങ്ങളുടെ ഒഴുക്കായിരുന്നു.മലബാറിൽ കോൺഗ്രസിൽ നിന്ന് സാധാരണ ജനങ്ങൾ മുസ്ലിം ലീഗിലേക്ക് ചേക്കേറുകയുണ്ടായി!
കോഴിക്കോട് സിറ്റി ലീഗ് പ്രസിഡണ്ട് സ്ഥാനം വഹിച്ച തങ്ങൾ, അബ്ബാസ് സേട്ട് വിഭജനാന്തരം പാക്കിസ്ഥാനിലേക്ക് പോയപ്പോൾ മലബാർ മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനം വഹിക്കുകയുണ്ടായി.കേരള സംസ്ഥാനം പിറവി കൊണ്ടപ്പോൾ ലീഗിൻ്റെ സംസ്ഥാന അധ്യക്ഷ പദവിയും ഖാഇദേ മില്ലത്തിൻ്റെ നിര്യാണത്തെ തുടർന്ന് മുസ്ലിം ലീഗിൻ്റെ ദേശീയ പ്രസിഡണ്ട് പദവിയും തങ്ങളെ തേടിയെത്തി.മുസ്ലിം ലീഗിൻ്റെ ദേശീയ പ്രസിഡണ്ടായ ആദ്യ മലയാളിയായിരുന്നു ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ!
മൂന്ന് നൂറ്റാണ്ട് മുമ്പ് അറേബ്യൻ ഉപദ്വീപിലെ യമനിലെ തരീമിൽ സയ്യിദ് അഹമ്മദ് എന്ന് പേരുള്ള മഹാ പണ്ഡിതൻ ജീവിച്ചിരുന്നു.'ഫിഖ്‌ഹിൽ' അപാര പാണ്ഡിത്യമായിരുന്നു മഹാനവറുകൾക്ക്. നാടിൻ്റെ എല്ലാ കർമ്മശാസത്ര പ്രശ്നങ്ങൾക്കുള്ള പരിഹാരവും അവരായിരുന്നു.
കാലക്രമേണ സയ്യിദ് അഹമ്മദിൻ്റെ പരമ്പര 'ബാഫഖീഹ്' എന്ന പേരിലറിയപ്പെട്ടു.പതിനെട്ടാം നൂറ്റാണ്ടിൽ ബാഫഖി കുടുംബ പരമ്പരയിലെ ചിലർ മലബാറിലെ കോഴിക്കോട് താമസമാക്കി.ആ പരമ്പരയിൽ സയ്യിദ് അബ്ദുൽ ഖാദർ ബാഫഖി തങ്ങളുടെയും ഫാത്തിമ മുല്ല ബീവിയും പുത്രനായി,പ്രവാചകൻ മുഹമ്മദ് നബിയുടെ മുപ്പത്തി എട്ടാമത്തെ പൗത്രനായി 1906 ൽ കൊയിലാണ്ടിയിലാണ് ബാഫഖി തങ്ങൾ പിറന്നത്.
വെളിയങ്കോടെ കിതാബോത്തിന് ശേഷം കച്ചവടത്തിലേക്ക് തിരിഞ്ഞു.അക്കാലത്തെ കോഴിക്കോട്ടെ പേര്കേട്ട അരിക്കച്ചവടക്കാരനായിരുന്നു ബാഫഖി തങ്ങൾ.ബർമയിലെ റങ്കൂണിലെ മുഗൾ സ്ട്രീറ്റിൽ 'ബാഫഖി ആൻ്റ് കമ്പനി' എന്ന പേരിൽ ഒരു കയറ്റുമതി കച്ചവട സ്ഥാപനം തന്നെ ബാഫഖി തങ്ങൾ സ്ഥാപിച്ചിരുന്നു.
മാതൃകായോഗ്യമായ ഈ പ്രവർത്തനം ബാഫഖി തങ്ങൾക്ക് നാട്ടിൽ വലിയ അംഗീകാരം നേടാൻ ഹേതുവായി.ഭാവിയിൽ കേരളമെന്ന വലിയ പ്രദേശത്തിലെ ഒരു സമുദായത്തെ മൊത്തമായിട്ട് നയിക്കാനുള്ള ഓരോ ചുവടു പടികളും ബാഫഖി തങ്ങൾ കയറുകയായിരുന്നു.
രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുമ്പോഴും ലോകരക്ഷിതാവായ അല്ലാഹുവിനോടുള്ള കടമ വീട്ടാൻ ബാഫഖി തങ്ങൾ മറന്ന് പോയിരുന്നില്ല.
തൻ്റെ ശിഷ്യനും കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് ബാഫഖി തങ്ങളെ ഓർക്കുന്നത് ഇങ്ങനെയാണ്;
"ലീഗിൻ്റെ സമ്മേളനം കഴിഞ്ഞ് ഞങ്ങൾ കോഴിക്കോട് ബസിറങ്ങി. സമയം പാതിരയാണ്. മറ്റു വാഹനങ്ങൾ ഒന്നും ലഭിക്കില്ലായെന്ന് മനസ്സിലായപ്പോൾ പന്നിയങ്കര പള്ളിയിൽ തങ്ങി രാവിലെ പോകാമെന്ന് തീരുമാനിച്ചു. പള്ളിയിൽ കയറി അംഗശുദ്ധി വരുത്തി ഉറങ്ങാൻ കിടന്നു. നല്ല ക്ഷീണം കാരണം ഞാൻ പെട്ടന്ന് നിദ്രയിൽ വീണു.കൊതുക് കടിയേറ്റ് ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീപ്പോൾ ബാഫഖി തങ്ങളെ കാണാനില്ല.നോക്കുമ്പോൾ പളളിയുടെ ഒരു മൂലയിൽ ബാഫഖി അല്ലാഹുവിൻ്റെ മുന്നിൽ സുജൂദിൽ വീണിരിക്കുന്നു"!
ബാങ്ക് വിളി കേട്ടാൽ സ്ഥലമേതെന്ന് നോക്കാതെ നിസ്ക്കാരം നിർവഹിക്കാൻ ധൃതികൂട്ടുന്നവരായിരുന്നു തങ്ങൾ.കഥകളി ക്ലാസ് നടക്കുന്ന സ്ഥലത്ത് ബാഫഖി തങ്ങൾ നിസ്ക്കരിച്ചതായി കലാമണ്ഡലം കൃഷ്ണൻ നായർ ഒരിക്കൽ അനുസ്മരിച്ചിട്ടുണ്ട്.
ഖാഇദേ മില്ലത്ത് ഇസ്മാഈൽ സാഹിബിൻ്റെ നിര്യാണത്തെ തുടർന്ന് മുസ്ലിം ലീഗിൻ്റെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുംബൈയിൽ ഒരു സ്വീകരണം നൽകുകയുണ്ടായി.സ്വീകരണ ഘോഷയാത്രക്കിടെ പള്ളിയിൽ നിന്ന് ബാങ്കൊലി ഉയർന്നപ്പോൾ തങ്ങൾ ഘോഷ യാത്ര നിറുത്താൻ കൽപ്പിക്കുകയും യാത്രാംഗങ്ങളെ മുഴുവൻ പള്ളിയിലേക്ക് കൊണ്ട്പോവുകയുണ്ടായി!
രണ്ട് റക്കഅത്ത് നിസ്ക്കരിച്ചതിന് ശേഷമായിരുന്നു ബാഫഖി തങ്ങൾ ലീഗിൻ്റെ ഓരോ തീരുമാനവും ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചിരുന്നത്.തികഞ്ഞ ദൈവഭക്തിയുടെ മഹത്വം കൊണ്ട് തന്നെയാണ് കാലുഷ്യങ്ങൾ നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലും മുസ്ലിം ലീഗന്ന നൗകയെ വലിയ പ്രശനങ്ങളില്ലാതെ മറുകരയിലേക്ക് ബാഫഖി തങ്ങൾ തുഴഞ്ഞത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും അനിഷേധ്യനായ നേതാവായിരുന്നു ബാഫഖി തങ്ങൾ.1945-ൽ കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തിലെ ബാഫഖി തങ്ങളുടെ പ്രസംഗമാണ് ലോകത്തിന് തന്നെ മാതൃകയായ മദ്രസാ പ്രസ്ഥാനമെന്ന വിപ്ലവകരമായ സമസ്തയുടെ വിജ്ഞാന പദ്ധതിക്ക് നിദാനമായത്.മദ്രസ സംവിധാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചാണ് ബാഫഖി തങ്ങൾ അന്ന് പ്രസംഗിച്ചത്.
സമസ്തയുടെ മുശാവറ മെംബർ ആകുന്നതിൻ്റെ മുമ്പ് തന്നെ പ്രധാന മുശാവറ യോഗങ്ങളുടെ അധ്യക്ഷ പീഠം ബാഫഖി തങ്ങൾ അലങ്കരിച്ചിരുന്നു.ബാഫഖി തങ്ങളുടെ സൗകാര്യാർത്ഥം തങ്ങളുടെ പാണ്ടികശാലയിലും സമസ്തയുടെ മുശാവറ യോഗങ്ങൾ ചേർന്നിട്ടുണ്ട്.
1951 ൽ സമസ്തയുടെ കീഴിൽ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സ്ഥാപിച്ചത് മുതൽ മരണം വരെ ബോർഡിൻ്റെ ഖജാഞ്ചി സ്ഥാനം വഹിച്ചിരുന്നത് ബാഫഖി തങ്ങളായിരുന്നു. ഇന്ന് കോടികളുടെ ആസ്തിയുള്ള വിദ്യാഭ്യാസ ബോർഡിനെ ഇല്ലായ്മയിൽ നിന്നായിരുന്നു ബാഫഖി തങ്ങൾ വളർത്തിയെടുത്തത്.ബോർഡിൻ്റെ മുന്നോട്ടുള്ള പോക്കിനായി ബാഫഖി തങ്ങൾ തന്നെ നേരിട്ട് കൊയിലാണ്ടിയിൽ വഅള് - ദുആ സമ്മേളനം നടത്തി അക്കാലത്തെ ആയിരത്തി അഞ്ഞൂറ് രൂപ പിരിച്ച് നൽകുകയുണ്ടായി!
കേരള മുസ്ലിംകളുടെ ചിരഭിലാഷമായിരുന്ന, കേരളത്തിലെ ആദ്യ ബിരുദ ദാന ശരീഅത്ത് കോളേജായ പട്ടിക്കാട് ജാമിഅ നൂരിയുടെ സംസ്ഥാപനത്തിലും വളർച്ചയിലും ബാഫഖി തങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു.തങ്ങൾ തന്നെയായിരുന്നു ജാമിഅയുടെ ആദ്യ പ്രസിഡണ്ടും.
1972-ൽ തിരുനാവാഴയിൽ നടന്ന സമസ്തയുടെ ഇരുപത്തിമൂന്നാം സമ്മേളനത്തിലെ സമാപന ദിവസത്തിലെ ഉദ്ഘാടന പ്രസംഗം ബാഫഖി തങ്ങളുടെ വിട വാങ്ങൽ പ്രസംഗമായിരുന്നുവെന്ന് പിൽക്കാല സംഭവം തെളിയിച്ചു.ആ പ്രസംഗത്തിലുട നീളം വിട വാങ്ങലിൻ്റെ 'ധ്വനി' നിറഞ്ഞ് നിന്നിരുന്നു.
1973 ൽ തൻ്റെ ഇരുപത്തി ആറാമത്തെ ഹജ്ജിന്നായി പുറപ്പെട്ട ബാഫഖി തങ്ങൾ കഴിഞ്ഞ് മക്കയിൽ വെച്ച് തന്നെ ദുൽഹിജ്ജ 13 ന് (ജനുവരി 19,1973) അല്ലാഹുവിലേക്ക് മടങ്ങി.
തൻ്റെ ഉപ്പാപ്പയായ പ്രവാചകരുടെ പ്രിയ പത്നി ഖദീജ ബീവിയുടെയും വിഖ്യാത സഊദി പണ്ഡിതൻ അലവി മാലിക്കിയുടെയും ചാരെ ബാഫഖി തങ്ങൾ ഇന്നും കിടന്നുറങ്ങുന്നു.
2 അഭിപ്രായങ്ങള്‍
Nalla shaili, thangalude rashtreeya idapedalukal vishadeekarichchal ath oru mathrika aavum
മറുപടിഇല്ലാതാക്കൂNice write up
മറുപടിഇല്ലാതാക്കൂ