സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ: മായാത്ത ഓർമ്മകൾ!



സമയം അർദ്ധ രാത്രി പിന്നിട്ടിരിക്കുന്നു.പുറത്താണെങ്കിൽ പെരുമഴ പെയ്യുന്നു.അകത്ത് മകൾ പ്രസവ് വേദന കൊണ്ട് പുളയുന്നു.പെരുമഴ പെയ്യുന്ന ഈ രാത്രി ആരെ വിളിക്കാൻ. അമ്മയുടെ മനസ്സ് ചൂടുള്ള ചിന്തകളാൽ ഉരുകുകയായിരുന്നു.

അവസാനം ഒരു കയ്യിൽ കുടയും മറു കയ്യിൽ മകളെയും പിടിച്ച് ഒരു കിലോമീറ്റർ ദൂരം നടന്നു.കോഴിക്കോട്-പാലക്കാട് റോഡിൽ ആരെങ്കിലുമൊക്കെ നിറുത്തുമെന്ന ശുഭപ്രതീക്ഷയോടെ ആ അമ്മ ഓരോ വാഹനത്തിനും കൈ നീട്ടി.ചരക്ക് വാഹനങ്ങളും ടാങ്കർ ലോറികളും അങ്ങോട്ടുമിങ്ങോട്ടും അവരുടെ മുന്നിലൂടെ കടന്ന് പോകുന്നു. അതിമനോഹര കാറുകളും ചീറിപ്പാഞ്ഞ് പോകുന്നു. ഓരോ വാഹനം വരുമ്പോഴും  ആ അമ്മ കൈനീട്ടും.എല്ലാവരും അവരവരുടെ ലക്ഷ്യത്തിലേക്ക് മാത്രം സഞ്ചരിക്കുന്നു. ഓരോ വാഹനവും അവരോട് ഇളിച്ച് പോകുന്നതായി ആ അമ്മക്ക് അനുഭവപ്പെട്ടു.മകളാണെങ്കിൽ പ്രസവ വേദനകൊണ്ട് അമ്മയെയും ചേർത്ത് പിടിച്ച് കരയുന്നു.ഇനി എന്ത് ചെയ്യും. ആരുണ്ട് സഹായിക്കാൻ? നിസ്സഹായനായി ആ അമ്മ അടുത്ത വാഹനത്തെയും പ്രതീക്ഷിച്ച് നിൽക്കുന്നു. മഴയാണെങ്കിൽ തൻ്റെ ജോലി ചെയ്ത് നിർവഹിച്ച് കൊണ്ടിരിക്കുന്നു.

അങ്ങ് ദൂരെ നിന്ന് ഒരു വാഹനം മെല്ലെ വരുന്നുണ്ട്. പ്രതീക്ഷയോടെ അമ്മ കൈനീട്ടി. ഒരു ഡ്രൈവറും മറ്റൊരാളുമുള്ള ഒരു കാറ് അവരുടെ അടുത്ത് വന്ന് നിറുത്തി.

അമ്മ ആ രാത്രി ആദ്യമായി ആശ്വസത്തിൻ്റെ  നെടുവീർപ്പിട്ടു.കാറിലുള്ള അയാൾ അവരോട് കാര്യമന്വേഷിച്ചു.

ഡ്രൈവറുടെ ചെവിയിൽ എന്തൊക്കെയോ അയാൾ മന്ത്രിച്ചു.വിജനമായ റോഡിൽ അയാൾ ഇറങ്ങി,അമ്മയെയും മകളെയും ആ കാറിൽ കയറ്റി.  കാറ് മലപ്പുറം ഭാഗത്തേക്ക് ചീറിപ്പാഞ്ഞ് പോയി. 


കാറിലുണ്ടായിരുന്ന ആ യാത്രക്കാരൻ റോഡ് സൈഡിലുള്ള കടത്തിണ്ണയിൽ ഏകനായി ഇരുന്നു. 

അവളുടെ പ്രസവ വാർത്തയുമായാണ് ആ ഡ്രൈവർ ആ മനുഷ്യനിലേക്ക് കടന്ന് വന്നത്.

ആ മനുഷ്യനായിരുന്നു കേരള ജനത എന്നും മനസ്സിൽ താലോലിക്കുന്ന നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

💚💚💚


കുടുംബ പാരമ്പര്യം


മലബാറിലെ മുസ്ലിംകൾ ഇന്നനുഭവിക്കുന്ന മുന്നേറ്റത്തിന് പ്രവാചകരുടെ പേരക്കുട്ടികളായ 'തങ്ങൻമാരുടെ ' പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് ഹള്റമി സാദാത്തുക്കളുടെ നേതൃത്വം.കാലാനുസൃതമായി മുസ്ലിം സമുദായത്തെ അവർ മുന്നോട്ട് നയിച്ചു.വിദേശികൾക്കെതിരെ പോരാട്ട വീര്യത്തിൻ്റെ പാഠങ്ങൾ പഠിപ്പിച്ചവർ സ്വാതന്ത്ര്യാനന്തരം സഹിഷ്ണുതയുടെയും സാഹോദര്യത്തിൻ്റെയും പാഠങ്ങൾ പഠിപ്പിക്കുകയുണ്ടായി.

നാൽപതോളം സയ്യിദ് ഖബീലകൾ കേരളത്തിൽ വന്ന് സ്ഥിരതാമസമാക്കി. ബുഖാറയിൽ നിന്ന് വന്ന് കണ്ണൂരിലെ വളപ്പട്ടണത്ത് താമസമാക്കിയ  ബുഖാരി കുടുംബം, വളപ്പട്ടണത്ത് തന്നെ തങ്ങിയ ശിഹാബി കുടുംബം, കോഴിക്കോടിറങ്ങിയ ജിഫ്രി കുടുംബം തുടങ്ങിയവർ അവരിൽ  അറിയപ്പെട്ട ഖബീലക്കാരാണ്.കേരളത്തിലിറങ്ങിയ ബുഖാരികളല്ലാത്ത മുഴുവൻ തങ്ങൻമാരും യമനികളായിരുന്നു.'ഹിക്ക്മത്തിൻ്റെ യമനി സാന്നിധ്യമായിരിക്കാം' ഇതിൻ്റെ പിന്നിലുള്ള ശക്തി.


പ്രവാചകൻ്റെ പരമ്പരയിൽ കടന്ന് വരുന്ന സയ്യിദ് അഹ്മദ് ശിഹാബുദ്ധീനിൽ നിന്നാണ് 'ശിഹാബ് ' ഖബീലയുടെ ഉദ്ഭവം.ഗോത്രങ്ങൾ പ്രപിതാക്കളുടെ പേരിലറിയപ്പെടുകായെന്ന  അറബി രീതിയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.

സയ്യിദ് അഹ്മദ് ശിഹാബുദ്ധീൻ എന്നിവരുടെ എട്ടാം തലമുറയിൽ പിറന്ന സയ്യിദ് ശിഹാബുദ്ധീൻ അലിയ്യുൽ ഹള്റമിയാണ് കേരളത്തിലെത്തിയ ആദ്യ ശിഹാബി തങ്ങൾ.ഹിജ്റ വർഷം 1159 ലാണ് മഹാനവറുകൾ കോഴിക്കോട് കപ്പലിറങ്ങിയത്.പിന്നീട് കണ്ണൂരിലെ വളപ്പട്ടണത്ത് സ്ഥിരതാമസമാക്കി.


സയ്യിദ് ശിഹാബ് അലിയ്യുൽ ഹള്റമിയുടെ പൗത്രപുത്രനാണ് സയ്യിദ് മുഹ്ളാർ ശിഹാബ് തങ്ങൾ.അവരുടെ മകനാണ് പ്രസിദ്ധനായ സ്വാതന്ത്ര്യ സമരത്തിൽ മുന്നിലുണ്ടായിരുന്ന പാണക്കാട്  സയ്യിദ് ഹുസൈൻ ശിഹാബുദ്ധീൻ ആറ്റക്കോയ തങ്ങൾ.

മമ്പറും തങ്ങളുടെയും അവരുടെ പുത്രൻ ഫള്ൽ പൂക്കോയ തങ്ങളുടെയും ശേഷം ബ്രിട്ടീഷ്കാർക്കെതിരെയുള്ള പോരാട്ടത്തിൽ  മലബാറിലെ മുസ്ലിംകളെ നയിച്ചത് ആറ്റക്കോയ തങ്ങളായിരുന്നു.അവരുടെ പൗത്രനാണ് പി.എം.എസ്.എ പൂക്കോയ തങ്ങൾ.


ജനനം, പഠനം, വ്യക്തി ജീവിതം


 പുതിയ മാളിയക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ആയിശാ ബിവിയുടെയും ദാമ്പത്യ വല്ലരിയിൽ 1936 മെയ് നാലിന്  വിരിഞ്ഞ കുസുമമായിരുന്നു ശിഹാബ് തങ്ങൾ.'കോയ മോൻ' എന്നായിരുന്നു കുടുംബത്തിലെ വിളിപ്പേര്. പാണക്കാട്ടെ ഡി.എം.ആർ.ടി സ്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം എസ്.എസ്.എൽസി വരെകോഴിക്കോട്ടെ എം.എം ഹൈസ്ക്കൂളിൽ പഠിച്ചു.

1953 ൽ എസ്.എസ്.എൻ.സി പൂർത്തിയാക്കിയ ശേഷം നാല്  വർഷം വിവിധ പള്ളികളിൽ ദർസ് പഠിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിനടുതുള്ള തലക്കടത്തൂർ, രണ്ടത്താണിക്കടുത്തുള്ള കാനാഞ്ചേരി,തോഴന്നൂർ തുടങ്ങിയ പള്ളികളിലായിരുന്നു ദർസ് പഠനം.

പിന്നീട് പഠനം ഇസ്ലാമിക ലോകത്തെ കേളി കേട്ട സർവകലാശാലയായ അൽ അസ്ഹറിലായി. മൂന്ന് വർഷത്തെ (1958-1961)അൽ അസ്ഹറിലെ പഠന ശേഷം ഈജിപ്തിലെ തന്നെ കൈറോ സർവകലാശാലയിലായി.അഞ്ച് വർഷത്തെ അവിടത്തെ പഠന ശേഷം പിതാവിൻ്റെ നിർദേശ പ്രകാരം നാട്ടിലേക്ക് മടങ്ങി.


കേരള മുസ്ലിംകളുടെ അനിഷേധ്യ നേതാവായിരുന്ന സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളുടെ മകളായ ശരീഫ ഫാത്തിമ ബീവിയെ 1966 ൽ  ശിഹാബ് തങ്ങൾ വിവാഹം കഴിച്ചു.ശിഹാബ് തങ്ങൾ എഴുതിയ ലേഖനം കാണിച്ച് കൊണ്ടാണത്രെ ശരീഫ ഫാത്തിമക്ക് ശിഹാബ് തങ്ങളെ ബാഫഖി പരിചയപ്പെടുത്തിയത്.

ശിഹാബ് തങ്ങൾക്ക് അഞ്ച് മക്കളുണ്ടായിരുന്നു.മൂന്ന് പെണ്ണും രണ്ട് ആണും.ബഷീറലി ശിഹാബ് തങ്ങൾ,മുനവ്വറലി ശിഹാബ് തങ്ങൾ,സുഹറ,ഫൈറൂസ്, സമീറ എന്നിവരാണ് മക്കൾ.



പേരിൻ്റെ മഹത്വം


പ്രവാചകൻ മുഹമ്മദ് നബിയുടെ സന്താനങ്ങളെ 'സയ്യിദ് ' എന്ന പേര് ആദര സൂചകമായി കൂട്ടിവിളിക്കുന്ന രീതി പണ്ട് മുതലേ മുസ്ലിം ലോകം സ്വീകരിച്ച രീതിയാണ്.

'ശിഹാബ്' എന്നുള്ളത് വംശാവലിയിലേക്ക് ചേർത്തി പറയുന്നതാണ്.പൂക്കോയ തങ്ങൾ 'ശിഹാബ്' എന്ന നാമം തൻ്റെ പേരിൽ ചേർത്തിയിരുന്നില്ല. ഈജിപ്ത് പഠന കാലത്ത് ലേഖനങ്ങളും മറ്റും എഴുതിയ നാളുകളിൽ 'സയ്യിദ് മുഹമ്മദലി ശിഹാബ്' എന്ന പേരിൽ എഴുതാനായിരുന്നു തങ്ങൾക്കിഷ്ടം.
പിന്നീട് 'ശിഹാബ് തങ്ങൾ ' എന്ന പേരിൽ മാത്രം തങ്ങൾ പ്രസിദ്ധനായി.

'അലി' എന്നുള്ള പേരിൻ്റെ പിന്നിൽ ഒരു കടപ്പാടിൻ്റെ കഥ പറയാനുണ്ട്.പൂക്കോയ തങ്ങളുടെ പിതാവ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങൾ പൂക്കോയ തങ്ങളുടെ ചെറുപ്രായത്തിൽ തന്നെ മരണമടഞ്ഞു. പിന്നീട് പൂക്കോയ തങ്ങളെ സ്വന്തം മകനെപ്പോലെ വളർത്തിയത് എളാപ്പയായ അലി പൂക്കോയ തങ്ങളായിരുന്നു. അവർക്ക് സന്താന സൗഭാഗ്യമുണ്ടായിരുന്നില്ല. പാണക്കാട്ടെ കൊടപ്പനക്കൽ തറവാട് പി.എം.എസ്.എ പൂക്കോയ തങ്ങൾക്ക് ദാനമായി നൽകിയത് അലി പൂക്കോയ തങ്ങളായിരുന്നു.ഇതിൻ്റെ ആദരസൂചകമായി പൂക്കോയ തങ്ങൾ തൻ്റെ മക്കൾക്ക് പേരിടുമ്പോൾ 'അലി' എന്ന് ചേർത്തി വിളിച്ചു. ഇന്നിപ്പോൾ പാണക്കാട്ടെ എല്ലാ മക്കളുടെ പേരിലും 'അലി' എന്ന് കാണാനാകും.

"പാണക്കാട് തങ്ങൾ "


സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളിലൂടെയാണ് പാണക്കാട് കുടുംബം അറിയപ്പെട്ട് തുടങ്ങിയത്.ആദ്യമായി "പാണക്കാട് തങ്ങൾ" എന്ന് വിളിക്കപ്പെട്ടതും മഹാനവറുകളെയാണ്.


അതിന് പിന്നിൽ ഒരു ചരിത്ര കഥയുണ്ട്. പാണക്കാട്ടെ പഴയ കുടുംബങ്ങളിലൊന്നായ "ഒളകര" തറവാട്ടിലെ ഒരു പ്രമുഖൻ "കുന്നത്തൊടിക" തറവാട്ടിൽ താമസിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ആ വീട്ടിൽ കാണുന്നത് ഭീകരമായ കാഴ്ച.ആ വീട്ടിലെ എല്ലാവരും നിശ്ചലമായി കിടക്കുന്നു. അങ്ങിങ്ങായി ശവശരീരങ്ങളെപ്പോലെ!


ഹുസൈൻ ആറ്റക്കോയ തങ്ങളുടെ ഉപ്പ സയ്യിദ് മുഹ്ളാർ ശിഹാബ് തങ്ങളായിരുന്നു. ഈ സംഭവം നടക്കുന്ന നേരം മഹാനവറുകൾ തൻ്റെ സഹോദരിയുടെ വീടായ മലപ്പുറത്തായിരുന്നു.ജനങ്ങൾ മുഹ്ളാർ തങ്ങളെ സമീപിച്ചു.മുഹ്ളാർ തങ്ങൾ തൻ്റെ മകനായ ഹുസൈൻ ആറ്റക്കോയ തങ്ങളെ, കയ്യിൽ ഒരു ചൂരൽ വടിയും നൽകി പാണക്കാട്ടേക്കയച്ചു.

ഹുസൈൻ ശിഹാബ് തങ്ങൾ കുന്നത്തൊടിക വീട്ടിൽ കയറി തൻ്റെ വടി കൊണ്ട് നിശ്ചലമായ ശരീരങ്ങളെ ചെറുതായൊന്ന് അടിച്ചു.അവരെല്ലാവരും എണീറ്റിരുന്നു.ജനങ്ങൾ ആഹ്ലാദഭരിതരായി!


ഇതിന് പ്രത്യുപകാരമായി വീട്ടുടമ തൻ്റെ വീട് തന്നെ ഹുസൈൻ ആറ്റക്കോയ തങ്ങൾക്ക് സമ്മാനമായി നൽകി. ഈ വീട്ടിലാണ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ പീന്നീട് താമസിച്ചത്. ഇതിനെത്തുടർന്ന് ജനങ്ങൾ "പാണക്കാട് തങ്ങൾ " എന്ന് ഹുസൈൻ ശിഹാബ് തങ്ങളെ വിളിക്കാൻ തുടങ്ങി.



'പാണക്കാട്ടേക്ക് വെക്കൽ'



കേരള മുസ്ലിംകളുടെ ഇന്നീ കാണുന്ന മുന്നേറ്റത്തിൻ്റെ പിന്നിലുള്ള പ്രധാന ഹേതു ഉലമ-ഉമറ ഐക്യമാണ്.അതിശക്തമായ ഈ ഈ ഐക്യത്തിന് ചരട് വലിക്കുന്നത് പതിറ്റാണ്ടുകളായി പാണക്കാട് കുടുംബമാണ്. കേരള മുസ്ലിംകളുടെ പരമോന്നത പണ്ഡിത സഭയായ സമസ്തയിലും സമുദായ പാർട്ടിയായ മുസ്ലിം ലീഗിലും അവർ പ്രവർത്തിക്കുന്നതാണിതിന് കാരണം.

ചില സന്ദർഭങ്ങളിൽ സമസ്തയുടെയും ലീഗിൻ്റെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്.പാണക്കാട് കാരണവരുടെ മധ്യസ്ഥതയിൽ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർത്ത് പിരിയലുമാണ് പതിവ്.

മുസ്ലിം ലീഗിൻ്റെ അഖിലേന്ത്യ പ്രസിഡണ്ടായിരുന്ന സേട്ട് സാഹിബിൻ്റെ പ്രസ്താവന സമസ്ത നേതാക്കളെ അലോസരപ്പെടുത്തി.ഈ വിഷയം തെരുവിൽ ചർച്ച ചെയ്ത് ഉലമ-ഉമറ ഐക്യത്തിന് വിള്ള വീഴ്ത്തുന്ന രീതിയില്ല അക്കാല ഘട്ടത്തിലെ പണ്ഡിതൻമാർ സ്വീകരിച്ച രീതി.സമസ്ത മുശാവറയിൽ ചർച്ച ചെയ്ത് 'പാണക്കാട് വെച്ച്' പ്രശ്നം രമ്യമായി പരിഹരിക്കാനായിരുന്നു പണ്ഡിതൻമാർ സ്വീകരിച്ച ശൈലി.



വ്യക്തിത്വം


മരിച്ചാലും മലയാളിയുടെ മനസ്സിൽ മായാതെ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വത്തിൻ്റെ ഉടമയാണ് ശിഹാബ് തങ്ങൾ. കടന്ന പോയ വഴികളിലൊക്കെ ശിഹാബ് തങ്ങൾ പ്രകാശം പരത്തി.ശിഹാബ് വരുന്നുണ്ടെന്നറിഞ്ഞാൽ വീട്ടിലുള്ള സ്ത്രീകളൊക്കെ വഴിയരികിൽ കാത്തിരുന്നു, പുഞ്ചിരി മാത്രം തൂകുന്ന ആ മനോഹര വദനമൊന്ന് കാണാൻ.ശിഹാബ് തങ്ങളുടെ ശക്തി പുഞ്ചിരിക്കുന്ന മുഖമായിരുന്നു.വലിയ പ്രഭാഷകനായിരുന്നില്ല ശിഹാബ് തങ്ങൾ.പക്ഷെ, എല്ലാ പ്രഭാഷണ പരിപാടികളുടെയും ഉദ്ഘാടകൻ തങ്ങളായിരുന്നു. സൗമ്യമായ പെരുമാറ്റം, സഹിഷ്ണുത, എല്ലാ മതക്കാരെയും വിഭാഗക്കാരെയും ഉൾക്കൊള്ളാനുള്ള വിശാല മനസ്കത,ഏത് സാധാരണക്കാരനും എപ്പോഴും കടന്ന് ചെല്ലാവുന്ന വ്യക്തിത്വം.അതായിരുന്നു ശിഹാബ് തങ്ങൾ.


എം.സി വടകര പറയുന്നുണ്ട്;

എ.കെ ആൻ്റണിയും ഉമ്മൻചാണ്ടിയുമടക്കമുള്ള നേതാക്കൾ പാണക്കാട് വെച്ച് ഒരു മീറ്റിംഗ് നടക്കുമ്പോൾ ഒരു സ്ത്രീ തങ്ങളെ അന്വേഷിച്ച് കൊടപ്പക്കനൽ തറവാട്ടിൽ വരികയുണ്ടായി.

ആ മീറ്റിംഗിനിടയിലും ശിഹാബ് തങ്ങൾ പാവപ്പെട്ട ആ സ്ത്രീയെ കേൾക്കാൻ പോയി.പശുവിന് തീരെ സുഖമില്ലന്നായിരുടെ അവരുടെ പരാതി. ഒരു പഴമെടുത്ത് മന്ത്രിച്ചൂതിയ തങ്ങൾ അവരെ സന്തോഷത്തോടെ തിരിച്ചയക്കുകയുണ്ടായി.

വയനാട് ഭാഗത്തേക്ക് ശിഹാബ് തങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ ചുരത്തിലുള്ള കുരങ്ങുകളെ സന്തോഷിപ്പിക്കാൻ  അടിവാരത്തിറങ്ങി രണ്ട് കിലോഗ്രാം പഴം വാങ്ങുക പതിവായിരുന്നുവത്രെ.



എഴുത്ത്, വായന, അധ്യാപനം



രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്നില്ലായിരുന്നുവെങ്കിൽ ശിഹാബ് തങ്ങളുടെ ജീവിതം  'ബൗദ്ധിക' മേഖലയിലായിരിക്കുമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.ഈജിപ്തിലെ ഭുവന പ്രസിദ്ധമായ അൽ അസ്ഹർ സർവകലാശാലയിലും കൈറോ യൂനിഴവേഴ്സിറ്റിയിലും പഠിക്കാൻ മഹാ ഭാഗ്യം ലഭിവച്ചവരാണ് ശിഹാബ് തങ്ങൾ.അക്കാലത്തെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസ ക്വാളിഫിക്കേഷനുള്ളത് ശിഹാബ് തങ്ങൾക്കാണെന്ന് പറയാം.

അൽഅസ്ഹറിൽ 1958 മുതൽ 1961 വരെ പഠനം നടത്തിയ തങ്ങൾ, 61 ന് ശേഷം അഞ്ച് വർഷം കൈറോ യൂനിവേഴ്സിറ്റിയിൽ അറബിക് ഭാഷ വിഭാഗത്തിൽ  പഠനം നടത്തുകയുണ്ടായി. എഴുത്തും വായനയുമായിരുന്നു തങ്ങളുടെ ഹോബി.അറബിയിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങൾ തങ്ങൾ എഴുതുകയുണ്ടായി. നിരവധി അറബി കവിതകളും തങ്ങൾ രചിച്ചിട്ടുണ്ട്.'ശ്മശാന ഭൂമി' എന്ന ശീർഷകത്തിൽ ഖലീൽ ജിബ്രാൻ്റെ ചെറുകഥ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട് തങ്ങൾ.കയ്യിൽ കിട്ടിയ ഏത് പുസ്തകങ്ങളും വായിക്കുന്നവരായിരുന്നു അവർ.

പഠനത്തിന് ശേഷം കൈറോ സർവകലാശാലയിൽ തന്നെ അധ്യാപകനാകാൻ തങ്ങൾക്ക് അവസരം ലഭിച്ചതായിരുന്നു.അക്കാലത്തെ പതിനായിരം രൂപം ശമ്പളം ലഭിക്കുന്ന ജോലി.അതിന്നായി സമസ്തയുടെ പിൽക്കാല പ്രസിഡണ്ടായിരുന്ന അസ്ഹരി തങ്ങൾ പൂക്കോയ തങ്ങൾക്ക് ഒരു കത്ത് വരെ അയക്കുകയുണ്ടായി.' പണം വേണ്ട, നമുക്ക് കോയമോനെ' എന്നായിരുന്നു പൂക്കോയ തങ്ങൾ ആ കത്തിന് മറുപടി അയച്ചത്.


--------

1975 ജൂലൈ ആറിന്  പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ  അല്ലാഹുവിലേക്ക് യാത്ര സമുദായത്തിൽ വലിയ വിടവ് സൃഷ്ടിച്ചു.ഇനി ആര് എന്ന ചോദ്യത്തിന് നേതാക്കളുടെ ഉത്തരമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

തങ്ങൾ വഹിച്ച കസേരകളേക്കാൾ തങ്ങൾ നിരസിച്ച സ്ഥാനങ്ങളായിരിക്കും കൂടുതൽ.എഴുപതുകളിൽ രാജ്യസഭാ എം.പി സ്ഥാനം നിരസിച്ചിട്ടുണ്ട് തങ്ങൾ.ആഗ്രഹിച്ചിരുന്നങ്കിൽ എം.എൽ.എ, എംപി സ്ഥാനങ്ങൾ ലഭിക്കുമായിരുന്നു.രണ്ട് തവണയാണ് മുസ്ലിം ലീഗിൻ്റെ ദേശീയ പ്രസിഡണ്ട് സ്ഥാനം ശിഹാബ് തങ്ങൾ നിരസിച്ചത്. സേട്ട് സാഹിബ്, ബനാത്ത് വാല എന്നിവരുടെ വിടവ് വന്നപ്പോഴായിരിന്നു അത്. താൻ ആഗ്രഹിക്കാതെ, ചോദിക്കാതെ, തന്നെ നിർബന്ധിച്ച് ഏൽപ്പിച്ച മുസ്ലിം ലീഗിൻ്റെ പ്രസിഡണ്ട് സ്ഥാനം മാത്രമാണ് ശിഹാബ് തങ്ങൾ വഹിച്ചത്.ഉപ്പയുടെ മരണ ശേഷം ലീഗിൻ്റെ അധ്യക്ഷ പദവി തന്നിലേക്ക് വന്നപ്പോൾ " നാൽപത് ദിവസം കഴിയട്ടെ, എന്നിട്ട് തീരുമാനിക്കാം" എന്നായിരുന്നു ശിഹാബ് തങ്ങളുടെ മറുപടി.അങ്ങനെയാണ് നേതാക്കളുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി 1975 സെപ്തംബർ ഒന്നിന് മുസ്ലിം ലീഗിൻ്റെ അധ്യക്ഷ പദവി ഏറ്റടുക്കുന്നത്.

വലിയ ദൗത്യമായിരുന്നു ശിഹാബ് തങ്ങളുടെ മുന്നിലുണ്ടായിരുന്നത്.ലീഗ് രണ്ടായി പിളർന്ന സമയമായിരുന്നു.അഖിലേന്ത്യ മുസ്ലിം ലീഗിനായിരുന്നു പാർട്ടിക്കുള്ളിലെ ശക്തി.യൂത്ത് ലീഗ്,എം.എസ്.എഫ്, ചന്ദ്രിക തുടങ്ങിയ പാർട്ടിയുടെ കീഴ്ഘടകങ്ങളും മറ്റും അഖിലേന്ത്യ ലീഗ് പിടിച്ചടക്കിയിരുന്നു.നിയമ സഭാ സാമാജികരിലും ഭൂരിപക്ഷം അഖിലേന്ത്യ ലീഗിനായിരുന്നു.ചെറിയ മമ്മുക്കേയി,സെയ്തുമ്മർ ബാഫഖി തങ്ങൾ, പി.എം അബൂബക്കറിനെപ്പോലെയുള്ള തലയെടുപ്പുള്ള നേതാക്കൾ മറുപക്ഷത്തായിരുന്നു.ശിഹാബ് തങ്ങൾക്ക് കൂട്ടിനുണ്ടായിരുന്നത് സി.എച്ചും സമുദായവുമായിരുന്നു.അല്ലങ്കിൽ സി.എച്ചിന് കൂടെയുണ്ടായിരുന്നത് ശിഹാബ് തങ്ങളായിരുന്നു.ഇല്ലായ്മയിൽ നിന്നാണ് ശിഹാബ് തങ്ങൾ തുടങ്ങിയത്.പി.കെ.കെ ബാവ,കെ. പി.എ മജീദ് തുടങ്ങിയ യുവ നേതാക്കളെ കൊണ്ട് വന്ന് ശിഹാബ് തങ്ങൾ യൂത്ത് ലീഗിനെ  ശക്തമായി തിരിച്ച് കൊണ്ട് വന്നു.ഇത്രയും കാലം പേരിന് മാത്രം പ്രവർത്തിച്ചിരുന്ന യൂത്ത് ലീഗിനെ കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമികയിൽ നല്ല വേരുള്ള യുവ പ്രസ്ഥാനമാക്കി മാറ്റിയതിൽ ശിഹാബ് തങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു.


മുസ്ലിം ലീഗിൻ്റെ അമരത്തേക്ക് കടന്ന് വരുമ്പോൾ ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയത്തിൽ പറയത്തക്ക രീതിയിലുള്ള പരിചയമൊന്നുമുണ്ടായിരുന്നില്ല. അതുവരെ എഴുത്തിലും വായനയിലും മാത്രമായിരുന്നു  തങ്ങൾ സമയം ചെലവഴിച്ചിരുന്നത്. പക്ഷെ,അതിൻ്റെയൊന്നും കുറവൊന്നും പിന്നീടുള്ള തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലോ മുസ്ലിം ലീഗിൻ്റെ സഞ്ചാരത്തിലോ നമുക്ക് കാണാൻ സാധിക്കില്ല.

മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ സുന്ദരമായ രണ്ട് നിമിഷങ്ങൾ സംഭവിച്ചപ്പോൾ ശിഹാബ് തങ്ങളായിരുന്നു പാർട്ടിയുടെ നേതാവ്.സി.എച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോഴും ഇ.അഹമ്മദ് കേന്ദ്ര മന്ത്രി സഭയിൽ അംഗമായപ്പോഴും.


രണ്ടായി പിളർന്ന ലീഗിനെ ഒന്നാക്കുന്നതിൽ ശിഹാബ് തങ്ങളുടെ പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്.നടുറോഡിൽ പരസ്പരം അടിപിടി കൂടിയിരുന്ന രണ്ട് പാർട്ടികൾ പരസ്പരം ലയിച്ചപ്പോൾ അങ്ങനെയൊരു പിളർപ്പ് ഉണ്ടായിരുന്നോ എന്ന് വരെ പിൽക്കാല രാഷ്ട്രീയ നിരീക്ഷകർ ചിന്തിച്ച്പോയി.'ലീഗുകാർ ഒന്നായപോലെ' എന്ന ചൊല്ല് പോലും കേരള രാഷ്ട്രീയത്തിൽ ഉയർന്ന് വന്നു.ഇതിൻ്റെ പിന്നിലെ ചാലക ശക്തി ശിഹാബ് തങ്ങളായിരുന്നു.


--------

"ശിഹാബ് തങ്ങളെ കണ്ടപ്പോൾ എൻ്റെ മനസ്സിൽ പല മുഖങ്ങളും കടന്ന് പോയി.ജോൺപോൾ രണ്ടാമൻ, ഇന്ദിരാ ഗാന്ധി,രാജീവ് ഗാന്ധി.....അവരുടെ കൂടെ ഇതാ ഈ മുഖവും! എ ഡിവൈൻ ഫൈസ്!" -മേഴ്സി രവി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍