കൊടിഞ്ഞിപ്പള്ളി: മത മൈത്രിയുടെ മകുടോദാഹരണം

തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിലെ ചെറിയൊരു പ്രദേശമാണ് കൊടിഞ്ഞി.കേരളത്തിലെ പ്രസിദ്ധ സിയാറത്ത് കേന്ദ്രമായ മമ്പുറം മഖാമിൽ നിന്ന് കഷ്ടിച്ച് അഞ്ച് കിലോ മീറ്റർ ദൂരമേ കൊടിഞ്ഞിയിലേക്കുള്ളൂ.ഇരട്ടക്കുട്ടികളുടെ ജനനം കൊണ്ടും സത്യപ്പള്ളി നിലകൊള്ളുന്ന പ്രദേശമായത് കൊണ്ടുമാണ് കൊടിഞ്ഞിയുടെ കേളി മറ്റു സ്ഥലങ്ങളിലെത്തിയത്.ഇരട്ട കുട്ടികളുടെ ജന്മം കൊണ്ട് പ്രശസ്തി നേടിയ ലോകത്തിലെ നാലാമത്തെ ഗ്രാമമാണ്കൊടിഞ്ഞി. 

നൈജീരിയയിലെ ഇക്ബോ-ഓറ, ബ്രസീലിലെ കാനോ ഡിഫോ ഗോദോയ്,ദക്ഷിണ വിയറ്റ്നാമിലെ ഹുയാങ് ഹീയപ്പ് തുടങ്ങിയവയാണ് മറ്റുള്ള ഗ്രാമങ്ങൾ.ഇവിടെയുള്ള സ്ത്രീകളുടെ ആഹാര രീതിയാണ് ഈ അത്ഭുത പ്രതിഭാസത്തിൻ്റെ  കാരണമെന്ന് പറയുന്നുണ്ടങ്കിലും യഥാർത്ഥ കാരണം ഇന്നും അറിവായിട്ടില്ല.


മത മൈത്രിയുടെ പ്രതീകമായ കൊടിഞ്ഞിപ്പള്ളി



ഒരു കാലഘട്ടത്തിലെ കേരളീയ മുസ്ലിം സമുദായത്തിൻ്റെ അവസാന വാക്കും അവലംബവുമായിരുന്ന സയ്യിദ് അലവി മമ്പുറം തങ്ങളാണ് സത്യപ്പള്ളി എന്ന പേരിൽ ഖ്യാതി നേടിയ കൊടിഞ്ഞിപ്പളളി നിർമ്മിച്ചത്.ഈ പള്ളിയുടെ നിർമ്മാണത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ മമ്പറും തങ്ങളുടെ കൈയൊപ്പ് ചാർത്തപ്പെട്ടതായി ചരിത്ര രേഖകളിൽ നമുക്ക് കാണാനാകും. അതുകൊണ്ട്തന്നെ, മമ്പുറം തങ്ങളുടെ അനുഗ്രഹവും തിരുനോട്ടവും ഇന്നും ഈ പളളിക്കുണ്ട്താനും.തങ്ങൾ തുടങ്ങിവെച്ച ആചാരങ്ങളും നടപടികളും ആ നാട്ടുകാർ ഇന്നും അതുപോലെ തുടർന്ന്കൊണ്ടിരിക്കുന്നു.


നാലുഭാഗവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സ്ഥലമായിരുന്നു കൊടിഞ്ഞി.മമ്പുറം തങ്ങളുടെ കാലം വരെ തിരൂരങ്ങാടി പള്ളിയെയാണ് അവർ അവലംബിച്ചിരുന്നത്.വർഷത്തിൽ ആറ് മാസത്തോളം വെള്ളം കൊണ്ട് ചുറ്റപ്പെട്ട കാരണത്താൽ തോണിയിലായിരുന്നു കൊടിഞ്ഞിയിലെ മയ്യിത്തുകൾ തിരൂരങ്ങാടിയിലേക്ക് കൊണ്ട്പോയിരുന്നത്. ഈയൊരു പ്രശ്നത്തിന് പരിഹാരമെന്നോണം കൊടിഞ്ഞിയിൽ തന്നെ ഒരു പള്ളി നിർമ്മിക്കാനുള്ള അഭിപ്രായം മമ്പുറം തങ്ങൾ നാട്ടുകാരുടെ മുന്നിൽ വെച്ചു.നാട്ടുകാർ തങ്ങളുടെ അഭിപ്രായത്തെ സന്തോഷപൂർവ്വം ഏറ്റെടുത്തു.തങ്ങൾ തന്നെ നിർമ്മാണത്തിൻ്റെ ചുക്കാൻ പിടിക്കുകയും ചെയ്തു.


പള്ളിയുടെ നിർമാണത്തിനായി അവിശ്വാസിയായ ജന്മിയുടെ കൈയിൽ നിന്ന് സ്ഥലം തീറെഴുതി വാങ്ങി.മത മൈത്രിയുടെ മകുടോദാഹരണമായി ഇന്നും പുഞ്ചിരിച്ച് നിൽക്കുന്ന കൊടിഞ്ഞിപ്പള്ളിയുടെ നിർമ്മാണത്തിൽ ഹൈന്ദവരുടെ പങ്ക് വളരെ വലുതാണ്.


നാട്ടുകാർ പരമ്പരാഗതമായി പറയുന്ന ഒരു സംഭവമുണ്ട്;
പള്ളിയുടെ കുറ്റിയടിക്കൽ കർമ്മത്തിന് ചുറ്റുഭാഗത്തുമുള്ള കുറ്റിയടിയിൽ നിപുണരായ നിരവധി പേരെ മമ്പുറം തങ്ങൾ ക്ഷണിക്കുകയുണ്ടായി.പലരും പല സ്ഥലങ്ങളിലും കുറ്റിയടിച്ചുവെങ്കിലും മമ്പുറം തങ്ങൾക്ക് ഒന്നും തൃപതിയായില്ല.ഈ നേരം തങ്ങൾ എല്ലാം നോക്കിക്കൊണ്ട് ഒരു സ്ഥലത്ത് ഇരിക്കുകയായിരുന്നു.എല്ലാവരും കുറ്റിയടിച്ചുവെങ്കിലും തൃക്കുളം കൈപ്പുളളിൽ ഉണ്ണി മാത്രം കുറ്റിയടിച്ചില്ല.

"താങ്കളെന്താണ് കുറ്റിയടിക്കാത്തത്?

തങ്ങൾ എണീറ്റിൽ അവിടെ കുറ്റിയടിക്കാം.തങ്ങൾ ഇരിക്കുന്ന സ്ഥലമാണ് കുറ്റിയടിക്കേണ്ട സ്ഥലം.

നീയാണ് 'സ്ഥാനം നോക്കുന്നയാൾ' "എന്ന സർട്ടിഫിക്കറ്റും മമ്പുറം തങ്ങൾ കൈപ്പുള്ളിയിൽ ഉണ്ണിക്ക് നൽകുകയുണ്ടായി.

ഈ സംഭവത്തിന് ശേഷം തൃക്കുളം കൈപ്പുള്ളിയിൽ ഉണ്ണിയുടെ കുടുംബത്തിൻ്റെ കേളി നാടെങ്ങുംപരന്നു.മമ്പുറം തങ്ങളുടെ ഈ വാക്ക് ഒരു വരമായി കണ്ട് ഇന്നും ഈ കുടുംബം ഈ ജോലിയിൽ മുഴുകി തങ്ങളുടെ ജീവിതം മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നു.

തൻ്റെ സഹോദരി പുത്രനായ സയ്യിദ് ഹുസൈൻ ജിഫ്രി അൽ ഹള്റമിയെയാണ് ഇവിടത്തെ ഖാളിയായി മമ്പുറം തങ്ങൾ നിയമിച്ചത്.സയ്യിദ് ഹുസൈൻ ജിഫ്രിയുടെ നേതൃത്തത്തിലാണ് കൊടിഞ്ഞിപ്പള്ളി പുരോഗതിയുടെ പടവുകൾ ചവിട്ടിക്കേറാൻ തുടങ്ങിയത്.


രണ്ട് നൂറ്റാണ്ട് മുമ്പ് ഈ പള്ളി നിർമ്മിക്കുമ്പോൾ മമ്പുറം തങ്ങളെ സഹായിച്ച അന്യമതസ്ഥരുടെ പിന്മുറക്കാർക്ക് ഇന്നും ഈ പള്ളിയുടെ പല ചടങ്ങുകളിലും നിർണ്ണായക സ്ഥാനമുണ്ട്.അതുകൊണ്ട്തന്നെ, ഇന്നും കൊടിഞ്ഞിപ്പള്ളിയുടെ മിനാരങ്ങൾ മത സൗഹാർദത്തിൻ്റെയും മത മൈത്രിയുടെയും തിളങ്ങുന്ന അടയാളങ്ങളായി അഭിമാനപൂർവം തലയുയർത്തി നിൽക്കുന്നു.



മുസ്ലിംകളുടെ വർഷത്തിലെ പ്രധാന ദിനമായ റമളാൻ ഇരുപത്തേഴാം രാവിൽ നാടിൻ്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ കൊണ്ടുവരുന്ന പലഹാരത്തിൻ്റെ മൂന്നിലൊരു ഭാഗം ഹൈന്ദവർക്കുള്ളതാണ്. പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെടുന്ന നാല് കുടുംബങ്ങൾക്കാണ് ഇതിൻ്റെ അവകാശം.ആശാരി, കുറുപ്പ്,കൊല്ലൻ,വണ്ണാൻ എന്നിവരാണ് ഈ നാല് കുടുംബങ്ങൾ. പള്ളി നിർമ്മാണത്തിനായി മമ്പുറം തങ്ങൾ ഇവരെ കൊടിഞ്ഞിലേക്ക് ക്ഷണിക്കുകയും അവിടെത്തന്നെ കുടിയിരുത്തകയും ചെയ്തുവെന്നാണ് പരമ്പരാഗതമായ വിശ്വാസം.


അവരുടെ ഭാരവാഹികൾ പലഹാരം സ്വീകരിക്കാൻ വരുമ്പോൾ പള്ളിക്കമ്മറ്റിക്കാർ അവർക്ക് ഊഷ്മള സ്വീകരണം നൽകുകയും ജനമധ്യത്തിൽ വെച്ച് അവർക്ക് പലഹാരം കൈമാറുകയും ചെയ്യും.


പള്ളിയുടെ കുറ്റിയടിക്കൽ നടന്ന സഫർ 12-ന് വർഷാ വർഷം 'സ്ഥാപന നേർച്ച' എന്ന പേരിൽ ഇവിടെ നേർച്ച നടക്കാറുണ്ട്. കൊടിഞ്ഞിപ്പള്ളിക്ക് മാത്രമായുള്ള നേർച്ച.പളളിയുടെ കുറ്റിയടിക്കൽ കർമ്മത്തിൻ്റെ ഒന്നാം വാർഷകത്തിന് മമ്പുറം തങ്ങളാണ് നേർച്ച നടത്താൽ നിർദേശിച്ചത്. ളുഹ്റ് നിസ്ക്കാരത്തിന് മുമ്പായി എല്ലാവരും പള്ളിയിൽ ഒരുമിച്ച് കൂടി മൻഖൂസ് മൗലൂദ് ഓതിയാണ്  നേർച്ച തുടങ്ങാറ്.നിസ്ക്കാര ശേഷം ഇറച്ചിയും ചോറും വിതരണം ചെയ്യുന്നു. നേർച്ചയിൽ അറുക്കപ്പെടുന്ന മൃഗങ്ങളുടെ തോലിൻ്റെ അവകാശികൾ കൊല്ലൻമാരാണ്.


പളളിയെ ചുറ്റിപ്പറ്റിയുള്ള നിരവധി ജോലികൾ മമ്പുറം തങ്ങളുടെ നിർദേശപ്രകാരം പരമ്പരാഗതമായിട്ടാണ് ഇന്നും തുടർന്ന് പോരുന്നത്.പള്ളിയുടെ ബാങ്ക് വിളി,ഖബർ കുഴിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നത് പള്ളിക്കൽ കുടുംബമാണ്. തങ്ങളുടെ ജീവിത ചുറ്റുപാടിൻ്റെ തിരക്കിനിടയിലും ഒരു ശമ്പളവും സ്വീകരിക്കാതെ ഈ കുടുംബം ഈ കർമ്മം ചെയ്ത് പോരുന്നു.


പള്ളിക്കൽ കുടുംബത്തിലെ ഉപകുടുംബമാണ് പള്ളിയുടെ മുറ്റം വൃത്തിയാക്കുന്ന പണി ചെയ്ത് വരുന്നത്.കരൻ്റില്ലാത്ത കാലത്ത് പള്ളിയിലെ വിളക്കിൽ തീ കത്തിക്കുന്ന ഡ്യൂട്ടിയും ഇവർ തന്നെയാണ് കാലങ്ങളായി ചെയ്ത് വരുന്നത്.


സത്യം ചെയ്യൽ


കൊടിഞ്ഞിപ്പള്ളി സത്യപ്പള്ളി എന്ന പേരിലാണ് ഖ്യാതി നേടിയത്.ഒരിക്കൽ,എന്തോ ചില്ലറ വിഷയത്തിൽ രണ്ട് പേർ തർക്കിച്ച് സത്യം ചെയ്യാൻ മമ്പുറം തങ്ങളുടെ ചാരത്തേക്ക് വരികയുണ്ടായി. ഉടനെ തങ്ങൾ നിങ്ങൾ കൊടിഞ്ഞിപ്പളളിയിൽ പോയി സത്യം ചെയ്തോളൂ എന്ന് പറയുകയുണ്ടായി.ഈ സംഭവത്തിന് ശേഷം സത്യം ചെയ്യാനായി ഇന്ത്യയുടെ പല ഭാഗത്ത് നിന്നും നിരവധി പേർ കൊടിഞ്ഞിപ്പള്ളിയിലേക്ക് വരികയുണ്ടായി. കോടതികൾ തളളിയ പല കേസുകളും കൊടിഞ്ഞിപ്പള്ളിയിൽ വെച്ച് തീർപ്പാക്കപ്പെടുകയുണ്ടായി.


വെള്ളിയാഴ്ച ദിവസം ജുമുഅ നിസ്ക്കാര ശേഷം പള്ളിക്കമ്മറ്റിക്കാരുടെ സാന്നിധ്യത്തിലായിരിക്കും സത്യം ചെയ്യൽ ചടങ്ങ്.സത്യം ചെയ്യുന്ന വ്യക്തി പള്ളിയുടെ മിമ്പറിൻ്റെ അടുത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഖുർആൻ പിടിച്ച് നാട്ടുകാരുടെ മുമ്പിൽ പരസ്യമായിട്ടാണ് സത്യം ചെയ്യുക.അമുസ്ലിമോ സ്ത്രീയോ ആണങ്കിൽ മിമ്പറിൻ്റെ തെക്ക് ഭാഗത്തുള്ള വാതിൽ പടിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് സത്യം ചെയ്യും.ഈ ഖുർആൻ ഉസ്മാൻ (റ) വിൻ്റെ രക്തം ചിന്തിയ ഖുർആൻ സൂക്ഷിക്കപ്പെട്ട ഉസ്ബക്കിസ്ഥാനിലെ താഷ്ക്കൻ്റിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.റമളാൻ മാസത്തിൽ സത്യം ചെയ്യാനുള്ള സമ്മതം കമ്മറ്റിക്കാർ നൽകാറില്ല.സത്യം ചെയ്താൽ കളവ് പറഞ്ഞ വ്യക്തിക്ക് മാരക ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം.സത്യം ചെയ്യുന്നതിൻ്റെ മുമ്പ് തന്നെ കേസ് ഒത്ത് തീർപ്പാക്കാൻ പളളിക്കമ്മറ്റിക്കാർ പരമാവധി ശ്രമിക്കും.



നിരവധി പേര് കേട്ട മഹാ പണ്ഡിതർ ഈ പള്ളിയിൽ ദർസ് നടത്തിയതായി ചരിത്രത്തിൻ്റെ താളുകളിൽ കാണാം. സമസ്തയുടെ പ്രസിഡണ്ടായിരുന്ന ആനക്കര സി കോയക്കുട്ടി മുസ്ലിയാർ,കെ.പി ഫരീദ് മുസ്ലിയാർ, പി.പി മുഹമ്മദ് ഫൈസി,ആദ്യശ്ശേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാ പണ്ഡിതർ അവരിലെ ചിലർ മാത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍