അബ്ദുല്ല ബിൻ മസ്ഊദ് : ആദ്യമായി വിശുദ്ധ ഖുർആൻ പരസ്യമായി പാരായണം ചെയ്ത സ്വഹാബി

അല്ലാഹുവിൻ്റെ റസൂലിനുശേഷം ആദ്യമായി ഖുർആൻ പരസ്യമായി പാരായണം ചെയ്തത് ആദരണീയനായ സ്വഹാബി അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ആയിരുന്നു. ഒരു ദിവസം പ്രവാചകൻ്റെ അനുചരന്മാർ പറഞ്ഞു, "അല്ലാഹുവാണേ, ഖുറൈശികൾ ഖുർആൻ ഇതുവരെ ഉറക്കെ ഓതുന്നത് കേട്ടിട്ടില്ല. ആരാണ് അവരെ കേൾപ്പിക്കുക?" അബ്ദുല്ലാഹിബ്നു മസ്ഊദ് പറഞ്ഞു: "ഞാൻ ചെയ്യും." അവർ പറഞ്ഞു: "ഞങ്ങൾ നിൻ്റെ കാര്യത്തിൽ ഭയപ്പെടുന്നു, നമ്മളിൽ വലിയ ഗോത്രപാരമ്പര്യമുള്ളവൻ ചെയ്യട്ടെ, അവർ ഉപദ്രവിച്ചാൽ അവൻ്റെ ഗോത്രം അവനെ സംരക്ഷിക്കുമല്ലോ." ഇബ്നു മസ്ഊദ് പറഞ്ഞു: "എന്നെ വിടൂ, അല്ലാഹു എന്നെ സംരക്ഷിക്കും." ഖുറൈശികൾ കഅബയുടെ അടുത്ത് കൂടിയിരിക്കുന്ന തക്കം നോക്കി ഇബ്നു മസ്ഊദ് കഅബയുടെ ചാരത്ത് പോയി ഖുർആൻ ഉറക്കെ പാരായണം ചെയ്യാൻ തുടങ്ങി. اعوذ بالله من الشيطان الرجيم بسم الله الرحمن الرحيم الرحمن علم القران…….. ഇബ്നു മസ്ഊദ് പാരായണം ചെയ്യുന്നത് മക്കയിലെ ജനങ്ങൾ കേൾക്കാൻ തുടങ്ങി, അവർ പറഞ്ഞു: "ഇബ്നു ഉമ്മു അബ്ദ് (അബ്ദുള്ളയുടെ വിളിപ്പേര്) എന്താണ് പറയുന്നത്?" "മുഹമ്മദ് കൊണ്ടുവന്നതിൽ ചിലത് അവൻ ഓതുകയാണ്!" അവർ എഴുന്നേറ്റു നിന്ന് മഹാനവറുകളുടെ മുഖത്ത് അടിക്കാൻ തുടങ്ങി, പക്ഷേ ഇബ്നു മസ്ഊദ് പാരായണം നിറുത്തിയില്ല. താൻ ഉദ്ധേശിക്കുന്ന സ്ഥലം വരെ വേദന സഹിച്ച് പാരായണം ചെയ്തു. അതിനുശേഷം, ഇബ്നു മസ്ഊദ് തൻ്റെ കൂട്ടാളികളുടെ അടുത്തേക്ക് മടങ്ങി, അദ്ധേഹത്തിൻ്റെ മുഖത്ത് മുറിവേറ്റിരുന്നു. അവർ പറഞ്ഞു: ഇതാണ് ഞങ്ങൾ നിങ്ങളുടെ കാര്യത്തിൽ ഭയപ്പെട്ടത്. എന്നാൽ അദ്ദേഹം പറഞ്ഞു, "അല്ലാഹുവിൻ്റെ ശത്രുക്കൾ എനിക്ക് ഭയമില്ല. ഞാൻ നാളെയും ഇതേ കാര്യം ചെയ്യാം." അവർ പറഞ്ഞു: "വേണ്ട, അവർ ഇഷ്ടപ്പെടാത്തത് നിങ്ങൾ ഇതിനകം അവരെ കേൾപ്പിച്ചല്ലോ." മറ്റൊരു സന്ദർഭത്തിൽ അബ്ദുല്ലാഹിബ്നു മസ്ഊദ് ഒരു ഈന്തപ്പനയിൽ കയറിയിരിക്കുകയായിരുന്നു. അദ്ധേഹത്തിൻ്റെ മെലിഞ്ഞ കാല് കണ്ട് ചില അനുചരന്മാർ അവരെ നോക്കി കളിയാക്കി ചിരിക്കുന്ന്മുണ്ട്, കാറ്റ് കാരണം അദ്ധേഹത്തിൻ്റെ മെലിഞ്ഞ കാല് ആടുന്നുമുണ്ടായിരുന്നു, നബി(സ) ചോദിച്ചു: "എന്തിനാണ് നിങ്ങൾ ചിരിക്കുന്നത്?" അവർ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ, അവൻ്റെ കാലുകൾ എത്ര നേർത്തതാണ്. പ്രവാചകൻ (സ) പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, അന്ത്യനാളിൽ, മീസാനിൽ തങ്ങളുടെ പ്രവർത്തനഫലം തൂക്കുമ്പോൾ ഇബ്നു മസ്ഊദിൻ്റെ കാലുകൾ ഉഹുദ് പർവതത്തേക്കാൾ ഭാരമുള്ളതായിരിക്കും ." ഇസ്ലാം ആശ്ലേഷിച്ച ആറാമത്തെ വ്യക്തിയാണ് അബ്ദുല്ല ഇബ്നു മസ്ഊദ് (റ). എല്ലാ യുദ്ധങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിക്കുകയും അബിസീനിയയിലേക്കുള്ള രണ്ട് കുടിയേറ്റങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഉമർ ഇബ്നു അൽ ഖത്താബിൻ്റെ (റ) കാലത്ത് ഉമർ കൂഫയിലെ ജനങ്ങൾക്ക് എഴുതി: "അമ്മാറിനെ നേതാവായും ഇബ്നു മസ്ഊദിനെ അധ്യാപകനായും മന്ത്രിയായും ഞാൻ നിങ്ങൾക്ക് അയച്ചിരിക്കുന്നു. അവർ പ്രവാചകൻ്റെ ശ്രേഷ്ഠരായ സഹചാരികളും ബദ്‌റിൽ പങ്കെടുത്തവരുമാണ്. അതിനാൽ നിങ്ങൾ അവരെ ശ്രദ്ധിക്കുകയും അവരുടെ മാർഗനിർദേശം പിന്തുടരുകയും ചെയ്യുക." ഉമറിൻ്റെ ഖിലാഫത്ത് കാലത്ത് കൂഫയിൽ ഖാളിയായി ഇബ്‌നു മസ്ഊദ് (റ) നിയമിക്കപ്പെട്ടു. കൂടാതെ ബൈത്തുൽ മാലിൻ്റെ ചുമതലയും അദ്ധേഹത്തിനായിരുന്നു. ഉസ്മാൻ ഇബ്‌നു അഫാൻ (റ) ഖിലാഫത്തിൻ്റെ ആദ്യ വർഷങ്ങളിലും ഇത് തുടർന്നു. മദീനയിൽ തിരിച്ചെത്തി മരണക്കിടക്കയിൽ കിടന്നപ്പോൾ ഉസ്മാൻ (റ) രോഗാവസ്ഥയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ചോദിച്ചു: "ഇബ്നു മസ്ഊദേ, താങ്കൾക്ക് എന്ത് ബുദ്ധിമുട്ടാണുള്ളത്?" "എൻ്റെ പാപങ്ങളെ ഞാൻ പേടിക്കുന്നു." ഉസ്മാൻ (റ) ചോദിച്ചു: "താങ്കൾക്ക് എന്ത് വേണം?" ഇബ്നു മസ്ഊദ് (റ) മറുപടി പറഞ്ഞു: "എൻ്റെ രക്ഷിതാവിൻ്റെ കാരുണ്യം." അപ്പോൾ ഉസ്മാൻ ചോദിച്ചു: "ഞാൻ നിങ്ങൾക്ക് ഒരു ഡോക്ടറെ വിളിക്കട്ടെ?" അദ്ധേഹം മറുപടി പറഞ്ഞു, "ഡോക്ടറാണ് എന്നെ രോഗിയാക്കിയത്." ഉസ്മാൻ പറഞ്ഞു: നിങ്ങൾക്ക് ശേഷം നിങ്ങളുടെ പെൺമക്കൾക്ക് (ബൈത്തുൽ മാലിൽ നിന്ന് ) ഒരു വിഹിതം നൽകാൻ ഞാൻ കൽപ്പിക്കട്ടെയോ? ഇബ്നു മസ്ഊദ് മറുപടി പറഞ്ഞു: " അതിൻ്റെ ആവശ്യമില്ല, കാരണം ഞാൻ അവരെ സൂറത്ത് അൽ-വാഖിഅ പഠിപ്പിച്ചു." അബ്ദുല്ലാഹിബ്നു മസ്ഊദ് ഹിജ്റ 32 ൽ മദീനയിൽ വെച്ച് വഫാത്തായി. അദ്ദേഹത്തെ ജന്നത്തുൽ -ബഖീഇൽ അടക്കം ചെയ്തു, ഉസ്മാൻ (റ) അദ്ദേഹത്തിൻ്റെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍