മതം പൊളിച്ചെഴുതുന്നതിന്റെ അനർത്ഥം,പ്രത്യാഘാതം
ഹിജ്റ 1206ൽ അന്തരിച്ച മുഹമ്മദ് ബിനു അബ്ദിൽ വഹാബിന്റെ പരിഷ്കരണങ്ങൾ വഹാബിസം എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിലെ കെ എൻ എമ്മും ഇതര സംസ്ഥാനങ്ങളിലെ അഹ് ലേ ഹദീസും ഇന്ത്യനേഷ്യയിലെ ഹാജി അഹമ്മദ് ദഹ്ലാൻ സ്ഥാപിച്ച അൽ ജംഇയ്യത്തുൽ മുഹമ്മദിയ്യയും വഹാബി സംഘടനകളാണ്.
1940 നു ശേഷം സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയും തബ്ലീഗ് ജമാഅത്തും മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ മതപരിഷ്കർത്താവായി കാണുകയും അദ്ദേഹത്തിൻറെ പരിഷ്കരണങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു.
വഹാബി പരിഷ്കരണങ്ങളെ മൂന്നായി തരം തിരിക്കാം
ഒന്ന് തൗഹീദ് ശിർക്കുമായി ബന്ധപ്പെട്ടത്.
രണ്ട് ഇജ്തിഹാദ് തഖ്ലീദുമായി ബന്ധപ്പെട്ടത്.
മൂന്ന് ആചാരങ്ങളുമായി ബന്ധപ്പെട്ടത്.
തവസ്സുൽ, ഇസ്തിഗാസ, മന്ത്രിച്ചൂയ നൂൽ, വെള്ളം തുടങ്ങിയ കാര്യങ്ങൾ ശിർക്കാചാരങ്ങളാണെന്ന് വഹാബികൾ അവകാശപ്പെടുന്നു. ഈ അവകാശം സാധൂകരിക്കുന്നതിന് വേണ്ടി ഇലാഹിനും ഇബാദത്തിനും പ്രമാണങ്ങളുടെ പിൻബലം ഇല്ലാതെ നിർവചനങ്ങൾ സൃഷ്ടിക്കുകയാണ് ഇവർ ചെയ്തത്. പ്രഭാഷണവേദികളിലും ആനുകാലികങ്ങളിലും ലക്ഷോപലക്ഷം മുസ്ലിം സഹോദരന്മാർക്കെതിരെ നിസ്സങ്കോചം ശിർക്കാരോപണം നടത്തുമ്പോഴും വഹാബികൾ സാമൂഹിക ഇടപെടലുകളിൽ ഈ വാദം ഉപേക്ഷിക്കുന്നതായി കാണാം. സുന്നി വിശ്വാസമുള്ള പിതാവിൻറെ അനന്തര സ്വത്ത് ഏറ്റുവാങ്ങുക, സുന്നി വിശ്വാസമുള്ള സ്ത്രീകളെ വിവാഹം ചെയ്യുക, സുന്നി വിശ്വാസമുള്ളവർ അറുത്തത് ഭുജിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശിർക്ക് വാദികൾ തങ്ങളുടെ വാദം അവഗണിക്കാറാണ് പതിവ്. ശിർക്കാരോപണം അവസരവാദപരമാണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം.
ശിർക്ക് വാദത്തിന്റെ മൗലിക ഘടകം
ജീവിച്ചിരിക്കുന്നവരോ മൺമറഞ്ഞവരോ ആയ മഹാത്മാക്കളിൽ നിന്നോ ബറക്കത്ത് പ്രതീഷിക്കപ്പെടുന്ന വസ്തുക്കളിൽ നിന്നോ അഭൗതികമായ സഹായമോ കാര്യകാരണ ബന്ധങ്ങൾക്കതീതമായ പ്രവർത്തനമോ പ്രതീക്ഷിക്കുന്നത് ആ മഹാത്മാക്കൾക്കും വസ്തുക്കൾക്കും ചെയ്യുന്ന ഇബാദത്താണെന്ന് വഹാബികൾ വാദിക്കുന്നു. ഇതാണ് ശിർക്ക് വാദത്തിന്റെ അടിസ്ഥാനം
അഭൗതികമായി സഹായിക്കുന്നവർ അല്ലാഹുവിൻറെ വിധിക്കും നിയമത്തിനും വിധേയമാണെങ്കിൽ തന്നെ അവർ ഇലാഹുകളായിത്തീരുമെന്നാണ് അവരുടെ വീക്ഷണം.
ഇതനുസരിച്ച് മഹാത്മാക്കളെ വിളിച്ച് സഹായഭ്യർത്ഥന നടത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ ശിർക്കായി മാറും. എന്നാൽ സുന്നികൾ വിശ്വസിക്കുന്നതുപോലെ ജീവിക്കുന്നവരോ മൺമറഞ്ഞവരോ ആയ മഹാന്മാർ അല്ലാഹുവിന്റെ ദാസന്മാരും സമ്പൂർണ്ണമായി അല്ലാഹുവിന് കീഴടങ്ങിയവരും അവൻ നൽകിയ കഴിവുകൾ കൊണ്ടുമാത്രം അഭൗതികമായി സഹായിക്കുന്നവരുമാണ് എന്ന വിശ്വാസം ശിർക്കും ആ വിശ്വാസപ്രകാരം അവരോട് സഹായാഭ്യർത്ഥന നടത്തുന്നത് അവരെ ആരാധിക്കലുമാണെന്ന വാദം ഒരു നിലക്കും പ്രമാണങ്ങളോട് യോജിക്കുന്നില്ല.
"ലാ ഇലാഹ ഇല്ലല്ലാഹ്" എന്നാണല്ലോ തൗഹീദിന്റെ വചനം. അള്ളാഹു അല്ലാതെ യാതൊരു ദൈവവുമില്ലെന്നാണ് ഇതിനർത്ഥം. അല്ലാഹുവിന് വിധേയമാണെന്ന് വിശ്വസിക്കപ്പെടുന്ന യാതൊന്നും ഈ വചനത്തിലെ ഇലാഹ് എന്ന പദത്തിൽ ഉൾപ്പെടുന്നില്ലെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. അല്ലാഹുവല്ലാതെ വല്ല ദൈവങ്ങളും ആകാശഭൂമികളിൽ ഉണ്ടായിരുന്നെങ്കിൽ ആകാശഭൂമികൾ നശിക്കുമായിരുന്നു (അൻബിയാഅ: 22). ആകാശഭൂമികൾ നശിക്കാൻ കാരണം അല്ലാഹുവും ഇതര ദൈവങ്ങളും തമ്മിലെ അഭിപ്രായവ്യത്യാസവും പരസ്പര വിസമ്മതവുമാണെന്ന് ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ബൈളാവി, നസഫി തുടങ്ങിയ ഖുർആൻ വ്യാഖ്യാനങ്ങളിൽ കാണാം. അല്ലാഹുവിന് വിധേയമായവർ അല്ല, വിസമ്മതം കാണിക്കുന്നവർ മാത്രമാണ് ഇലാഹുകൾ എന്ന് വ്യക്തം. അതിനാൽ സഹായമഭ്യർത്ഥിക്കപ്പെടുന്നവർ ഏതെങ്കിലും കാര്യത്തിൽ അല്ലാഹുവിന് വിധേയമല്ലെന്ന് വിശ്വസിക്കുമ്പോഴാണ് ശിർക്ക് ഉണ്ടാവുന്നത്.
ഈസാനബിയെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ഇസ്രായേലി സന്തതികളിലേക്ക് ദൂതനായി അവനെ നിയോഗിക്കുകയും ചെയ്യും. അവൻ അവരോട് പറയും: നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കുവേണ്ടി ഞാൻ ഉണ്ടാക്കുകയും എന്നിട്ട് ഞാൻ അതിൽ ഊതുമ്പോൾ അല്ലാഹുവിൻറെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻറെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനേയും പാണ്ടുരോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും (ആലു ഇമ്രാൻ: 49 ).ഇവിടെ അഭൗതികമായ പ്രവർത്തനങ്ങളാണ് ഈസാ നബി ചെയ്യുന്നത്. "അല്ലാഹുവിൻറെ സമ്മതത്തോടെ" എന്ന് അദ്ദേഹം പ്രത്യേകം പറയുന്നു. 'ബി ഇദ്നില്ലാഹ്" എന്ന് പ്രത്യേകം പറഞ്ഞതു സംബന്ധിച്ച് ഖുർആൻ വ്യാഖ്യാതാക്കളായ റാസിയും ബൈളാവിയും വ്യക്തമാക്കുന്നു: "ബി ഇദ്നില്ലാഹ്" എന്ന പദം ഈസാനബിയിൽ ദിവ്യത്വം വിശ്വസിച്ചവരുടെ തെറ്റിദ്ധാരണ നീക്കുന്നതിന് വേണ്ടിയാണ്. വഹാബികൾക്ക് അനഭിമതനായ സ്വാബൂനിയും ഇത് വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ സമ്മതത്തിന് വിധേയപ്പെടാതിരിക്കുമ്പോഴാണ് ദിവ്യത്വം ഉണ്ടാവുക എന്നല്ലേ ഇതിനർത്ഥം?
പൂർവ്വസമൂഹങ്ങൾ അല്ലാഹുവിന് പുറമെ ദൈവങ്ങളെ നിശ്ചയിച്ചതായി ഖുർആൻ പലസ്ഥലങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇലാഹ്, ആലിഹത്ത് എന്ന് പ്രയോഗിച്ചുകൊണ്ട് അല്ലാഹുവിൻറെ നിയമത്തിനും കഴിവിനും വിധേയമായി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഏതെങ്കിലും ഒരു വ്യക്തിയെയോ വസ്തുവിനെയോ ഖുർആൻ പരാമർശിക്കുന്നില്ല.
മഹാന്മാർ ജീവിതകാലത്തോ മരണശേഷമോ അഭൗതികമായി സഹായിക്കുന്നുവെന്ന് വിശ്വാസമാണല്ലോ വഹാബി വീക്ഷണത്തിൽ ശിർക്കി വിശ്വാസം. എങ്കിൽ അഭൗതികമായ ധാരാളം കഴിവുകൾ നൽകപ്പെട്ടതായി ഖുർആൻ തന്നെ വ്യക്തമാക്കിയ ഈസാനബി, ദാവൂദ് നബി, സുലൈമാൻ നബി എന്നിവരെക്കുറിച്ച് ഖുർആൻ അനുയായികൾ പുലർത്തുന്ന വിശ്വാസം എന്തായിരിക്കണം എന്നാണ് വഹാബികൾ പറയുന്നത് ?
സംസം വെള്ളത്തെക്കുറിച്ച് നബി പറയുന്നു: കുടിക്കുന്ന ലക്ഷ്യത്തിനു വേണ്ടിയുള്ളതാകുന്നു സംസ ജലം (അഹമ്മദ്, ഇബ്നുമാജ, ബൈഹഖി). തിരുനബി സംസ ജലം തോൽപാത്രങ്ങളിലും ചട്ടികളിലും എടുത്തുകൊണ്ടു പോവുകയും രോഗികളുടെ മേൽ അത് ഒഴിക്കുകയും അവർക്ക് കുടിക്കാൻ കൊടുക്കുകയും ചെയ്തിരുന്നുവെന്ന് ഇമാം ബൈഹഖി ഉദ്ധരിച്ച ഹദീസിൽ കാണാം. വഹാബി പണ്ഡിതൻ നാസ്വിറുദ്ധീൻ അൽബാനി തന്നെ ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വെള്ളം രോഗത്തിന് ശമനം നൽകുക എന്നത് അഭൗതികമല്ലേ.സംസം വെള്ളം അഭൗതികമായ പ്രവർത്തിക്കുന്നു എന്ന് തിരു നബി തന്നെ വിശ്വസിച്ചിരുന്നുവെങ്കിൽ മന്ത്രിച്ച വെള്ളത്തിൽ ശിർക്ക് ഉണ്ടാകുന്നതെങ്ങനെ ?
അല്ലാഹുവിൻറെ വിധിക്കും നിയമത്തിനും വിധേയമാണെന്ന് വിശ്വസിക്കപ്പെടുന്ന വസ്തുക്കൾ ഇലാഹുകൾ ആവുകയില്ലെന്ന് വ്യക്തമാക്കുന്ന പ്രമാണങ്ങളോട് വഹാബികൾ പ്രതികരിക്കാറുള്ളത് ഇങ്ങനെയാണ്: മക്കാ മുശ്രിക്കുകൾ ബിംബങ്ങളെ കുറിച്ച് വിശ്വസിച്ചിരുന്നത് അല്ലാഹുവിന് വിധേയപ്പെട്ടതാണെന്നായിരുന്നു. നമുക്ക് പരിശോധിക്കാം. ബിംബാരാധകർ ബിംബങ്ങൾക്ക് അല്ലാഹുവിൻറെ അധികാരത്തിൽ പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നു.
തൻറെ ദാസനുമേൽ സത്യാസത്യ വിവേചനത്തിനുള്ള പ്രമാണം (ഖുർആൻ) അവതരിപ്പിച്ചവൻ അനുഗ്രഹ പൂർണ്ണനാകുന്നു.ലോകർക്ക് താക്കീതുകാരൻ ആകുന്നതിന് വേണ്ടിയാണത്രേ അത്. ആകാശഭൂമികളുടെ ആധിപത്യം ആർക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവൻ). അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല അൽഫുർഖാൻ ഒന്ന് രണ്ട്
ഈ സൂക്തത്തിൽ 'സന്താനങ്ങളെ സ്വീകരിച്ചിട്ടില്ല' എന്ന പരാമർശം ക്രൈസ്തവർക്കെതിരെയും 'ആധിപത്യത്തിൽ അവനു യാതൊരു പങ്കാളിയും ഉണ്ടായിട്ടില്ല' എന്ന പരാമർശം ബിംബാരാധകർക്കെതിരെയുമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നു. തഫ്സീർ ഖുർത്തുബിയിലും റാസിയിലും മറ്റും ഇത് കാണാം. ബിംബങ്ങൾക്ക് അല്ലാഹുവിൻറെ അധികാരത്തിൽ പങ്കുണ്ടെന്ന് ബിംബാരാധകർ വിശ്വസിച്ചതാണ് കാരണം.ബിംബാരാധകരായ മക്കാ മുശ്രിക്കുകളുടെ നിലപാട് എന്തായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തം.
ഇജ്തിഹാദ്, തഖ്ലീദ്:
വഹാബി നിലപാടിലെ അവ്യക്തത
ഇജ്തിഹാദിന് യോഗ്യതയുള്ള പ്രഗൽഭ പണ്ഡിതന്മാർക്ക് ശേഷം മുഴുവൻ മുസ്ലിങ്ങളും നാലിൽ ഒരു മദ്ഹബ് തഖ്ലീദ് ചെയ്യണമെന്ന സുന്നി നിലപാട് അവഗണിച്ച് തഖ്ലീദ് നിരാകരിക്കുകയും ഇജ്തിഹാദ് പ്രോത്സാഹിപ്പിക്കുകയുമാണ് വഹാബികൾ. ഖുർആനും സുന്നത്തും സ്വതന്ത്രമായി വിശദീകരിക്കാനും തങ്ങളുടെ ധാരണകളോട് വിയോജിക്കുന്നത് ദുർവ്യാഖ്യാനിക്കാമുള്ള പ്രവണത വളർത്തുകയായിരുന്നു ഇതിലൂടെ അവർ. നിരവധി കർമ്മ ശാസ്ത്ര വിഷയങ്ങളിൽ തെറ്റുപറ്റാൻ ഇത് കാരണമായി.
തറാവീഹ് നിസ്കാരത്തിലെ റകഅത്തുകൾ എട്ടാണെന്ന വാദം സ്ഥാപിച്ചെടുക്കുന്നതിന് വഹാബികൾ ഹിജ്റ 1353 അന്തരിച്ച അബ്ദുൽ അലി മുഹമ്മദ് അബ്ദുറഹ്മാൻ മുബാറക്ക്പൂരിയുടെ അഭിപ്രായം എടുത്തുകാണിക്കുന്നത് ഇതിനു ഉദാഹരണമാണ്. നീണ്ട 13 നൂറ്റാണ്ട് കാലത്ത് അംഗീകരിക്കപ്പെടുന്ന ഒരു ഇമാമും തറാവീഹ് 8 റക്അത്ത് എന്ന വാദം അംഗീകരിക്കുന്നില്ല എന്നല്ലേ ഇതിനർത്ഥം ? തങ്ങളുടെ വാദം സ്ഥാപിക്കുന്നതിന് വേണ്ടി സഹാബിമാരുടെയും താബിഉകളുടെയും 13 നൂറ്റാണ്ടുകളിലായി കഴിഞ്ഞുപോയ മുഴുവൻ പണ്ഡിതന്മാരുടെയും അഭിപ്രായത്തെ അവഗണിക്കുകയാണോ സൂക്ഷ്മമായ ഗവേഷണം!
ഇസ്ലാമിക വിധി വിലക്കുകളിൽ സ്വതന്ത്രമായി തീരുമാനമെടുക്കുന്ന വഹാബികളുടെ നിലപാടും മൂലം ഖുർആൻ മാത്രം അംഗീകരിക്കുന്ന ഹദീസ് നിഷേധികൾ രംഗത്തു വരികയായിരുന്നു ഫലം. കേരളത്തിലെ ഹദീസ് നിഷേധ പ്രസ്ഥാനത്തിൻറെ പ്രമുഖ വക്താവായിരുന്ന ചേകന്നൂർ മൗലവി വഹാബിസത്തിന്റെ സന്തതിയാണ്. ഉത്തരേന്ത്യയിലെ വഹാബി പ്രസ്ഥാനമായ അഹ് ലേ ഹദീസിൽ നിന്ന് വേർപ്പെട്ടാണ് അബ്ദുള്ള ചക്ഠാലവി അഹ് ലുൽ ഖുർആൻ സ്ഥാപിച്ചത്. ഈജിപ്തിൽ ഹദീസ് നിഷേധവുമായി രംഗത്തുവന്ന ഡോ. തൗഫീഖ് സിദ്ധീഖിക്ക് 'ഇസ്ലാം എന്നാൽ ഖുർആൻ മാത്രം' എന്ന ലേഖനമെഴുതാൻ പേജുകൾ അനുവദിച്ചത് വഹാബി പണ്ഡിതൻ റഷീദ് രിദാആയിരുന്നു.
ആചാരങ്ങളിലെ കപടമുഖം
മൗലിദാഘോഷം, ആണ്ടുനേർച്ച, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ മുസ്ലിം സമുദായത്തിലെ നിലനിൽക്കുന്ന പുണ്യകർമ്മങ്ങൾ ബിദ്അത്തും ദുരാചാരവുമാണെന്ന് വഹാബികൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ ആചാരങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായ പഠനവും നീതിനിഷ്ടമായ അന്വേഷണവും അല്ല വിമർശകർ നടത്തിയത് എന്ന് വ്യക്തം. മൗലിദാഘോഷം ഉദാഹരണമായി എടുക്കാം. നബി തിരുമേനിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 നോട് അനുബന്ധിച്ച് തിരുദൂതരോട് സ്നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടി പ്രവാചക പ്രകീർത്തന പരിപാടികൾ സംഘടിപ്പിക്കുന്നത് മൗലിദ് ആഘോഷമായി അറിയപ്പെടുന്നു . പ്രവാചക സ്നേഹം വിശ്വാസത്തിൻറെ ഭാഗവും,സ്നേഹപ്രകടനത്തിന് ഇസ്ലാമിൽ വിലക്കേർപ്പെടുത്താത്ത കാര്യങ്ങൾ അനുവ ദനീയവുമായതിനാൽ മൗലിദാഘോഷം പുണ്യകർമ്മമായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു സുന്നികൾ. മൗലിദാഘോഷം ദുരാചാരം ആണെന്ന് സ്ഥാപിക്കാൻ വഹാബികൾ പറയുന്ന കാരണങ്ങൾ പ്രധാനമായും രണ്ടാണ്.
ഒന്ന്
നബിയുടെയോ സഹാബിമാരുടെയോ താബികളുടെയോ കാലത്ത് മൗലിദാഘോഷം ഉണ്ടായിരുന്നില്ല.
രണ്ട്
ഇസ്ലാമിക കേന്ദ്രങ്ങളായ മക്കയിലും മദീനയിലും ഒരുകാലത്തും മൗലിദാഘോഷം ഉണ്ടായിരുന്നില്ല.
ഈ വാദങ്ങൾ നമുക്ക് പരിശോധിക്കാം. നബിയുടെയും സഹാബിമാരുടെയും കാലത്ത് ഇന്ന് നിലവിലുള്ള മൗലിദാഘോഷം ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. സദാ നബിയുടെ ഓർമ്മയിലും സ്നേഹത്തിലും മുഴുകിയിരുന്ന അവർക്കിടയിൽ വർഷത്തിലൊരിക്കൽ പ്രത്യേക ആഘോഷം അപ്രസക്തവുമായിരുന്നു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം മൗലിദാഘോഷം ആവിർഭവിച്ചപ്പോൾ സമകാലികരും പിൽകാലക്കാരുമായ പണ്ഡിതന്മാർ അത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഹിജ്റ ഏഴാം നൂറ്റാണ്ടിലെ ഇമാം അബു ശാമയും എട്ടാം നൂറ്റാണ്ടിലെ ഇബ്നു കസീറും ഇബിനു ഹജറും ഒമ്പതാം നൂറ്റാണ്ടിലെ സഖാവിയും ഖസ്തല്ലാനിയും പത്താം നൂറ്റാണ്ടിലെ ഇബ്നു ഹജറുൽ ഹൈത്തമിയും പതിനൊന്നാം നൂറ്റാണ്ടിലെ മുല്ലാ അലിയ്യുൽ ഖാരിയും പന്ത്രണ്ടാം നൂറ്റാണ്ടിലെ ശാഹ് അബ്ദുറഹീം ദഹ് ലവിയും ശാഹ് വലിയുല്ലാഹി ദഹ് ലവിയും മറ്റു അനവധി പണ്ഡിതന്മാരും നബിദിനാഘോഷത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്വഹാബിമാരുടെ കാലത്തില്ലാത്തതിന്റെ പേരിൽ ബിദ്അത്ത് ആരോപിക്കുന്നവർ റൗദത്തുൽ ഉലൂമിന്റെയും ജാമിഅ നദ് വിയ്യയുടെയും ജൂബിലി മുടങ്ങാതെ ആഘോഷിച്ചു. നബിയും സ്വഹാബികളും മസ്ജിദുന്നബവിയുടെ ജൂബിലി ആഘോഷിച്ചതായി ഇവർക്ക് വാദമുണ്ടോ?
വിജ്ഞാനം, പ്രബോധനം, പ്രവാചക സ്നേഹം എന്നീ മൂന്നു കാര്യങ്ങൾ നബി പ്രോത്സാഹിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്തു. തിരുദൂതരുടെ കാലശേഷം മൂന്ന് കാര്യങ്ങളിലും പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട് .ഖുർആൻ ക്രോഡീകരണം, ഹദീസ് ക്രോഡീകരണം, അറബി വ്യാകരണ ശാസ്ത്രം, കാവ്യശാസ്ത്രം തുടങ്ങിയവ നിലവിൽ വന്നു. മസ്ജിദുകൾക്ക് പുറമേ ഇതര മത പാഠശാലകളിലും വിജ്ഞാനങ്ങൾ പ്രസരണം ചെയ്യപ്പെട്ടു. പാഠ്യപദ്ധതി, അക്കാഡമി കലണ്ടർ, സമയക്രമം, പരീക്ഷ തുടങ്ങിയവ രൂപീകരിക്കപ്പെട്ടു. ഇവയെല്ലാം നബിയുടെയും സഹാബിമാരുടെയും കാലശേഷമുണ്ടായ പരിഷ്കാരങ്ങളാണ്. സെമിനാറുകൾ, ക്യാമ്പയിനുകൾ, ഖുർആൻ സദസ്സുകൾ ,പത്രപ്രവർത്തനം, ലഘുലേഖ വിതരണം തുടങ്ങിയവ പ്രബോധന രംഗത്ത് കടന്നുവന്നത് നബിയുടെ വിയോഗത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. ഇതുപോലെ പ്രവാചക സ്നേഹ പ്രകടനത്തിലേക്ക് കടന്നുവന്ന പരിഷ്കരണമാണ് മൗലിദാഘോഷം. മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളിൽ ദഅവത്ത്, ഇൽമ് എന്നിവയിലെ പരിഷ്കരണങ്ങൾ അംഗീകരിക്കുന്നവർ ഹുബ്ബിലെ പരിഷ്കാരങ്ങൾ വിസമ്മതിക്കുന്നത് ഹുബ്ബിൽ താല്പര്യക്കുറവുകൊണ്ടാണ് എന്നു പറയേണ്ടിവരും.
മക്കയിലും മദീനയിലും നബിദിനാഘോഷം ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി വാദം വ്യാജവും അസംബന്ധവുമാണ്. നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 മക്കയിൽ പ്രത്യേക ചടങ്ങുകൾ ഉണ്ടായിരുന്നുവെന്ന് ഇമാം ഖുതുബുദ്ധീൻ ഹനഫി ഇമാം മുഹമ്മദ് ബിന് ജാരില്ലാഹി ഖുറശി യും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശാഹ് വലിയുല്ലാഹി ദഹ് ലവി തങ്ങളുടെ 'ഫുയൂളുൽ ഹറമൈനി' ൽ പറയുന്നു: അതിനുമുമ്പ് നബിയുടെ മൗലിദിൽ തിരുമേനിയുടെ ജന്മദിനത്തിൽ ഞാൻ മക്കയിൽലായിരുന്നു. ജനങ്ങൾ നബിയുടെ മേൽ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മസമയത്തുണ്ടായ അത്ഭുത സംഭവങ്ങളും പ്രവാചകത്വത്തിനു മുമ്പുള്ള അനുഭവങ്ങളും അനുസ്മരിക്കുകയും ചെയ്യുന്നു.മക്ക, മദീന , ശാം, യമൻ തുടങ്ങിയ സ്ഥലങ്ങളിൽ റബീഉൽ അവ്വലിൽ നബിദിനാഘോഷം നടന്നു വരുന്നതായി പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ മൗലാന അബ്ദുൽ ഹയ് ലഖ്നവി. രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രത്യാഘാതങ്ങൾ
പരമ നിസ്സാരമായ പരിഷ്കാരങ്ങൾക്കുവേണ്ടി അതീവഗുരുതരമായ ആഘാതങ്ങളാണ് വഹാബിസം മുസ്ലിം സമുദായത്തിന് ഏൽപ്പിച്ചത്
ഏക സമൂഹമായി നിലനിന്നിരുന്ന മുസ്‌ലിംകളിൽ വിഭാഗീയതയുണ്ടാക്കി മുസ്‌ലിംകൾ പരസ്പരം കലഹിക്കുന്നവരാണെന്ന് ധാരണ പൊതുസമൂഹത്തിൽ വളരാൻ ഇത് കാരണമായി.
സമുദായം വിവിധ ഭാഗങ്ങളായി പിരിഞ്ഞതിനാൽ പ്രത്യേകം പ്രത്യേകം മസ്ജിദുകളും കലാലയങ്ങളുമുണ്ടാക്കാൻ സമുദായത്തിന്റെ വിഭവശേഷി വിനിയോഗിക്കപ്പെട്ടു. പരമപ്രധാനമായ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തേണ്ട ധനവും ശ്രമവും നിഷ്ഫലമാവാൻ ഇത് ഇടയാക്കി.
വഹാബിസം കേരളത്തിൽ പ്രവർത്തനമാരംഭിച്ച ശേഷം പണ്ഡിതന്മാർ ഖണ്ഡനങ്ങൾക്കും സംവാദങ്ങൾക്കും കൂടുതൽ സമയം നീക്കി വെച്ചതിനാൽ പൊതുസമൂഹത്തിന് ഗുണകരമായ രീതിയിൽ ഗ്രന്ഥരചനയോ ഗവേഷണ പഠനങ്ങളോ ഉണ്ടായില്ല.
മൗലിദുകൾ മാലകൾ റാത്തീബുകൾ ദിക്റ് സദസ്സുകൾ തുടങ്ങിയ വിമർശിക്കപ്പെട്ടത് മൂലം സമുദായ അന്തരീക്ഷങ്ങളിൽ ആത്മീയ ചിന്ത ദുർബലമാവുകയും അത് ധാർമികത പതനത്തിന് ഹേതുവാവുകയും ചെയ്തു.
മതപണ്ഡിതന്മാരും പുരോഹിതന്മാരും ധനമോഹികളും ആത്മീയ ചൂഷകരുമാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത് മൂലം മതോപദേശങ്ങളും ഉദ്ബോധനങ്ങളും ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തുന്നതിന് തടസ്സം നേരിട്ടു. സമുദായത്തിലെ അച്ചടക്കവും ക്രമവും മഹല്ല് സംവിധാനവും ദുർബലമാവാൻ ഇതു കാരണമായി.
ക്രിസ്തുമതത്തിലെ ത്രിയേകത്വം പോലെ ഇസ്ലാമിക ദൈവ വിശ്വാസം അവ്യക്തമാണെന്ന് തെറ്റിദ്ധാരണ തൗഹീദ് സംബന്ധമായ തർക്കം മൂലം അമുസ്ലിങ്ങളിൽ വളർന്നു
നസാഇ, അബൂ ദാവൂദ്, ഇബ്നുമാജ, തുർമുദി, ബൈഹഖി, ഇബ്നു ഹിബ്ബാൻ,ദാരിമി, ദാറഖുത് നി തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെ സംശയങ്ങളുടെ നിഴലിൽ നിർത്തിയതിനാൽ ആയിരക്കണക്കിന് ഹദീസുകൾ വിജ്ഞാന ലോകത്ത് സുഖനിദ്രയിലായി.
ഇജ്തിഹാദ് അനുവദനീയമാക്കുക വഴി മതകാര്യങ്ങളിൽ പാമരന്മാരുടെ ഇടപെടൽ ശക്തമായി. സ്വതന്ത്ര ചിന്തകന്മാരും പുത്തൻ പരിഷ്കാരികളും ഇസ്ലാമിക ആദർശത്തെ മൂല്യച്യുതിയിലേക്ക് നയിക്കാൻ സാഹചര്യമൊരുക്കി. ഖുർആൻ വചനങ്ങൾ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും അതുവഴി തീവ്രവാദം വളരുകയും ചെയ്തു.
മൗലിദാഘോഷം എതിർക്കപ്പെട്ടത് മൂലം വഹാബി ആധിപത്യ കേന്ദ്രങ്ങളിലെ പുതിയ തലമുറ തിരുനബിയെ സംബന്ധിച്ച് ജ്ഞാന ദരിദ്രരായി.
ബിദ്അത്ത് എന്ന പേരിൽ സമൂഹത്തിലെ സദാചാരങ്ങൾ എതിർക്കപ്പെട്ടത് മൂലം ആചാരങ്ങളിലൂടെ സ്ഥാപിതമായിരുന്ന സ്നേഹവും ബന്ധവും ദുർബലമായി.
അറബി മലയാളം നിരുത്സാഹപ്പെട്ടത് മൂലം പ്രശോഭിത പാരമ്പര്യവുമായുള്ള സമുദായത്തിന്റെ ബന്ധം അറുത്തുമാറ്റപ്പെട്ടു.
അഹ്ലു ബൈത്തിനോടുള്ള സ്നേഹബഹുമാനങ്ങളാണ് കേരള മുസ്ലിങ്ങളുടെ രാഷ്ട്രീയ ശക്തിക്ക് നെടുംതൂണായത്. സ്നേഹബഹുമാനങ്ങൾ നിരുത്സാഹപ്പെടുത്തി വഹാബികൾ ഈ നടുംതൂൺ തകർക്കാൻ ശ്രമിച്ചു.
കേരളത്തിൽ സമസ്തയുടെ നേതൃത്വത്തിൽ സുന്നി പ്രസ്ഥാനം ശക്തമായ പ്രവർത്തിക്കുന്നതിനാൽ ഈ പ്രത്യാഘാതങ്ങളെ ഒരു പരിധിവരെ നേരിടാൻ സാധ്യമായെന്നത് പ്രസ്താവ്യമാണ്. എന്നാൽ വഹാബിസം പൊതുസമൂഹത്തിന് ഏൽപ്പിച്ച കനത്ത നഷ്ടങ്ങൾ പരിഹരിക്കാൻ കഠിനപ്രയത്നം അത്യന്താപേക്ഷിതമാണ്.
ശറഫുദ്ധീൻ ഹുദവി ആനമങ്ങാട്,
(തെളിച്ചം മാസിക,2010)
0 അഭിപ്രായങ്ങള്‍