ഹിജ്റ കലണ്ടർ: ചരിത്രവും വർത്തമാനവും



ഓരോ മുസ്ലിമിൻ്റെയും ജീവിതത്തിൻ്റെ നിഖില മേഖലകളിലും സ്പർശിക്കുന്ന ഒന്നാണ് ഹിജ്റ കലണ്ടർ.സക്കാത്ത്,നോമ്പ്,ഹജജ് തുടങ്ങിയ  വർഷാരാധാനകൾക്കാണ് നമ്മൾ പ്രധാനമായും ഹിജ്റ കലണ്ടർ ആശ്രയിക്കുന്നത്.ഹിജ്റ കലണ്ടർ മുസ്ലിംകളുടെ ആരാധാന മുറകളുടെ ഉപയോഗത്തിനപ്പുറം ഇസ്ലാമിക സ്വത്വത്തിൻ്റെ  പ്രതീകമാണെന്ന വസ്തുത കാലാന്തരത്തിൽ  നമ്മൾ മറന്ന്പോകുന്നത് ഏറെ ഖേദകരമാണ്.

---------

അഞ്ച് വർഷം മുമ്പ്, സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി; "വിഷൻ 2030''. "വിഷൻ 1451" എന്നതിന് പകരം "വിഷൻ 2030" എന്ന പ്രഖ്യാപനം പതിറ്റാണ്ടുകളായി സഊദി പിന്തുടരുന്ന നയങ്ങൾക്ക് വിരുദ്ധമായിരുന്നു. പൊതുകാര്യങ്ങൾക്കും മതകീയ ആചാരങ്ങൾക്കും ഹിജ്റ കലണ്ടറായിരുന്നു രാഷ്ട്ര നിർമ്മിതിക്ക് ശേഷം (1932) സഊദി പിന്തുടർന്നത്.

ഇസ്ലാം പിറന്ന മക്കയും നബിയുടെ ശരീരത്താൽ  പരിശുദ്ധമാക്കപ്പെട്ട മദീനയും ഉൾക്കൊള്ളുന്ന സഊദി തന്നെ ഇസ്ലാമിക ചൈതന്യത്തിൻ്റെ ആധാരശിലയായ ഹിജ്റ കലണ്ടർ ഉപേക്ഷിക്കുമ്പോൾ, ഹിജറ കലണ്ടറിൻ്റെ ചരിത്രവും പ്രധാന്യവും നമ്മൾ പ്രചരിപ്പിക്കേണ്ടതുണ്ട്.


ഹിജ്റ കലണ്ടർ



ലോകത്ത് കാലഗണന മനസ്സിലാക്കാൻ പ്രധാനമായും രണ്ട് രീതിയിലുള്ള കലണ്ടറുകളാണ് പിന്തുടരുന്നത്.സൂര്യനെ അടിസ്ഥാനമാക്കി സൗരവർഷ കലണ്ടറും ചന്ദ്രനെ അടിസ്ഥാനമാക്കി ചാന്ദ്രിക വർഷ കലണ്ടറും. ഇതിൽ ചാന്ദ്രിക വർഷ കലണ്ടർ രീതിയാണ് ഹിജ്റ കലണ്ടറിൽ നമുക്ക് കാണാൻ സാധിക്കുന്നത്.ഭൂമി അതിൻ്റെ സ്വയം അച്ചുതണ്ടിൽ(orbit) കറങ്ങുന്നതോടൊപ്പം (Rotation) സൂര്യന് ചുറ്റും കറങ്ങുന്നു(Revolution).ഭൂമി സൂര്യനെ ചുറ്റാൻ 365 ദിവസമെടുക്കുമെങ്കിൽ ചന്ദ്രൻ ഭൂമിയെ ചുറ്റാൻ 354 ദിവസമാണ് എടുക്കുന്നത്.ഇക്കാരണത്താൽ സൗരവർഷത്തിൻ്റെയും ചാന്ദ്രിക വർഷത്തിൻ്റെയും ഇടയിൽ 11 ദിവസത്തെ വ്യത്യാസം നമുക്ക് കാണാം.സൗരവർഷ കലണ്ടറിൽ 100 വർഷം പൂർത്തിയാകുമ്പോൾ ചാന്ദ്രിക മാസ കലണ്ടറിൽ 103 വർഷം പിന്നിട്ടിട്ടുണ്ടാകും.

ഗുഹാവാസികളുടെ കഥ പറയുമ്പോൾ ഖുർആൻ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്:"മുന്നൂറ് വർഷം - ഒമ്പത് അധികം -അവർ തങ്ങളുടെ ഗുഹയിൽ താമസിച്ചു".ജൂത മതക്കാർ തങ്ങളുടെ കലണ്ടറായ ഹിബ്രു  കലണ്ടറിൽ (സൗര ചാന്ദ്രിക കലണ്ടർ) ചെയ്യുന്ന പോലെ,കാലാവസ്ഥയോടൊപ്പം സഞ്ചരിക്കാൻ ഓരോ രണ്ടോ മൂന്നോ വർഷം തികയുമ്പോൾ  പതിമൂന്നാമത്തെ മാസം കൂട്ടിച്ചേർക്കുന്ന രീതി ഹിജ്റ കലണ്ടറിൽ മുസ്ലിംകൾ പിന്തുടരാറില്ല.അത്കൊണ്ട് തന്നെ ഓരോ ഇസ്ലാമത വിശ്വാസിയും ഭൂമിയിലുള്ള തൻ്റെ ആയുസ്സ് കാലത്തിനിടക്ക്  വ്യത്യസ്തമായ കാലാവസ്ഥയിൽ തൻ്റെ മതം നിർദേശിക്കുന്ന വർഷാരാധനകൾ ചെയ്ത് പോരുന്നു.ഹേമന്ത കാലത്തിൻ്റെ തണുപ്പിൽ  നോമ്പനുഷ്ടിക്കുന്ന ഒരു വ്യക്തി ഗ്രീഷ്മ കാലത്തിൻ്റെ ചൂടിലും നോമ്പനുഷ്ടിക്കാൻ ഇതിലൂടെ ബാധ്യസ്ഥനാകുന്നു.


സൗരവർഷ കലണ്ടറായ ഗ്രിഗേറിയൻ കലണ്ടറിലുള്ള പോലെ ഹിജ്റ കലണ്ടറിലും 12 മാസമാണുള്ളത്.മുഹർറം,സ്വഫർ,റബീഉൽ അവ്വൽ,റബീഉൽ ആഖിർ, ജുമാദുൽ ഊല,ജുമാദുൽ ഉഖ്റാ,റജബ്,ശഅബാൻ,റമളാൻ,ശവ്വാൽ,ദുൽ ഖഅദ്,ദുൽ ഹിജ്ജ തുടങ്ങിയവയാണ് ഹിജ്റ കലണ്ടിറിലെ മാസങ്ങൾ.


വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:
"ആകാശ-ഭൂമിയെ സൃഷ്ടിച്ച കാലം മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.അതിൽ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്ര മാസങ്ങളാകുന്നു.അതാണ് ഋജുവായ മതം.അതിൽ നിങ്ങൾ അതിക്രമം കാണിക്കരുത്".

ഈ സൂക്തത്തിൻ്റെ വ്യാഖ്യാനത്തിൽ ഇമാം ഖുർത്തുബി തൻ്റെ വിഖ്യത ഗ്രന്ഥമായ അൽജമാഅ ലി അഹ്ക്കാമിൽ ഖുർആനിൽ പറയുന്നു:

"ഭുവന-വാനങ്ങളെ സൃഷ്ടിച്ച കാലം തൊട്ടേ മാസങ്ങളെ അല്ലാഹു നിജപ്പെടുത്തിയിട്ടുണ്ട്.പന്ത്രണ്ട് മാസങ്ങൾക്കും നാമം നൽകിയതും അല്ലാഹുവാണ്.പ്രവാചകരുടെ ഗ്രന്ഥങ്ങളിലൂടെയാണ് ജനങ്ങൾ ഇക്കാര്യങ്ങൾ മനസ്സിലാക്കിയത്".മുഹമ്മദ് നബിക്ക് മുമ്പേ ഇക്കാണുന്ന രൂപത്തിലുള്ള മാസങ്ങളും മാസങ്ങളുടെ പേരും അറേബ്യയിലുണ്ടായിരുന്നങ്കിലും അല്ലാഹുവിൻ്റെ നിശ്ചയത്തിന് വിരുദ്ധമായി അവയൊക്കെ താറുമാറായി കിടക്കുകയായിരുന്നു. അതുവരെ അലങ്കോലമായി കിടന്നിരുന്ന സാമൂഹികാന്തരീക്ഷം മുഴുവനും അതിൻ്റെ ശരിയായ രീതിയിലാക്കിയതിന് ശേഷം മാത്രമാണ് പ്രവാചകൻ ഈ ലോകത്തോട് യാത്ര പറഞ്ഞത്.

ഹിജ്റ കലണ്ടറിലെ പന്ത്രണ്ട് മാസങ്ങളിൽ നാല് മാസങ്ങൾ വിശുദ്ധ മാസങ്ങളായി നിശ്ചയിക്കപ്പെട്ടതാണ്.മുഹർറം, റജബ് ,ദുൽ ഖഅദ്,ദുൽ ഹിജജ എന്നിവയാണ് വിശുദ്ധമാക്കപ്പെട്ട മാസങ്ങൾ.ഈ മാസങ്ങളിൽ പരസ്പരമുള്ള പോരാട്ടങ്ങളും യുദ്ധങ്ങളും വിലക്കപ്പെട്ടതാണ്.


ഹിജ്റ കലണ്ടർ പ്രവാചകൻ്റെ പലായനത്തിൻ്റെ അടയാളമാണ്. പിറന്ന നാടായ മക്കയിൽ നിന്നും മദീനയലേക്കുള്ള മുഹമ്മദ് നബിയുടെ പലായനത്തിൻ്റെ കഥ ഓരോ പുതുവർഷത്തിലും ഓരോ വിശ്വാസി ഓർക്കുകയും പരിശുദ്ധ മതത്തിന് വേണ്ടി പ്രവാചകൻ ചെയ്ത ത്യാഗ സമരണകളിൽ നിന്ന് പാഠം പഠിക്കുകയും ചെയ്യുന്നു.


പരിശുദ്ധമാക്കപ്പെട്ട മാസങ്ങൾ



പരിശുദ്ധമാക്കപ്പെട്ട മാസങ്ങൾ വിശുദ്ധ ഖുർആൻ കൊണ്ടും തിരുഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്.

അല്ലാഹു പറയുന്നു:

"ആകാശ-ഭൂമിയെ സൃഷ്ടിച്ച കാലം തൊട്ട് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.അതിൽ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ മാസങ്ങളാകുന്നു".

പ്രവാചകൻ പറയുന്നു;

" നിശ്ചയം കാലം അല്ലാഹു പടച്ച രീതിയിലേക്ക് തന്നെ മടങ്ങിയിരിക്കുന്നു.ഒരു വർഷത്തിൽ പന്ത്രണ്ട് മാസങ്ങളാകുന്നു.അതിൽ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാകുന്നു.മൂന്നെണ്ണം തുടരെ ക്രമത്തിൽ വരുന്ന ദുൽ ഖഅദ്,ദുൽ ഹിജജ,മുഹർറം എന്നീ മാസങ്ങളും മറ്റൊന്ന് ജുമാദിൻ്റെയും ശഅബാനിൻ്റെയും ഇടയിയുള്ള റജബ് മുളറാകുന്നു".

ജാഹിലിയ്യാ കാലഘട്ടത്തിൽ അറബികൾ റമളാൻ മാസത്തെ 'റജബ് റാബിഅ' എന്ന് വിളിച്ചിരുന്നു.ഈ ശങ്ക തടയാൻ വേണ്ടിയാണ് ജുമാദിൻ്റെയും ശഅബാൻ്റെയും ഇടയിലെ റജബെന്ന്  പ്രത്യേകം പ്രവാചകൻ പരാമർശിച്ചത്.

ഈ നാല് മാസങ്ങൾ മാത്രം പവിത്രമാക്കപ്പെടാനുള്ളതിൻ്റെ പിന്നിലെ യുക്തി പല രീതിയിൽ പണ്ഡിതർ വിശദീകരിക്കാൻ ശ്രമിച്ചതായി ചരിത്രത്താളുകളിൽ നമുക്ക് കാണാനാകും.

'അല്ലാഹുവിൻ്റെ തീരുമാനമാണ് ' ഈ പവിത്രതയുടെ കാരണമെന്ന് ചില പണ്ഡിതർ ചൂണ്ടിക്കാട്ടി.

ഖത്താദ (റ) പറയുകയുണ്ടായി:

"അല്ലാഹു എന്തിനെ  ഇഷ്ടപ്പെടുന്നുവോ അവയെ അവൻ ഉയർത്തുന്നു. തൻ്റെ സൃഷ്ടികളിൽ ചിലരെ അവൻ മാലാഖമാരായി തെരഞ്ഞെടുത്തു.മനുഷ്യരിൽ ചിലരെ പ്രവാചകരായി തെരഞ്ഞെടുത്തു.ചില പ്രത്യേക സ്ഥലങ്ങളെ  ആരാധനാസ്ഥലങ്ങളായി തെരഞ്ഞെടുത്തു.മാസങ്ങളിൽ റമളാൻ മാസത്തെ 'വ്രത' മാസമായിട്ടും ചിലതിനെ 'പവിത്ര' മാസമായിട്ടും തെരഞ്ഞെടുത്തു.അല്ലാഹുവിന് ഇഷ്ടമുള്ളത് അവൻ ചെയ്യുന്നു".

പവിത്രമായ ഈ നാല് മാസങ്ങളിൽ യുദ്ധം ചെയ്യൽ അനുവദനീയമല്ലായെന്ന കൽപനയുടെ യുക്തിക്കനുസരിച്ചല്ല ഇസ്ലാം മതത്തിൽ പ്രവർത്തനങ്ങളുടെ  ആധാരം. അല്ലാഹുവും അവൻ്റെ പ്രവാചകൻ മുഹമ്മദ് നബിയും നിർദേശിച്ചു എന്നുള്ളതാണ് മതത്തിലെ ഓരോ പ്രവർത്തനവും ചെയ്യാനുള്ള ചേതോവികാരം.ഈ നാല് മാസത്തിൽ പരസ്പരമുള്ള സംഘട്ടനം പാടില്ലായെന്ന് അല്ലാഹു നമ്മോട് കൽപിച്ചു.അതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് സഞ്ചരിക്കാതെ അല്ലാഹുവിൻ്റെ കൽപനയെ നാം അനുസരിക്കുന്നു.


തൻ്റെ വിഖ്യാത ഖുർആൻ വ്യാഖ്യാനമായ തഫ്സീറുൽ ഖുർആനിൽ അളീമിൽ ഇബ്നു കസീർ പറയുന്നതിൻ്റെ ചുരുക്കം നമുക്കിങ്ങനെ വായിക്കാം:

"ഹജ്ജ് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകായെന്നതാണ് ഈ നാല് മാസങ്ങൾ പവിത്രമാക്കപ്പെടാനുള്ള പ്രധാന ഹേതു. വർഷത്തിലൊരിക്കൽ നടക്കുന്ന മക്കയിലേക്കുള്ള തീർത്ഥാടനം അറബികളുടെ ജീവിതത്തിൻ്റെ അഭിവാജ്യഘടകമാണ്.നൂറ്റാണ്ടുകളായി അവരുടെ കച്ചവടത്തിൻ്റെയും  വിജ്ഞാന കൈമാറ്റത്തിൻ്റെയും കേന്ദ്രമായിരുന്നു മക്ക.ദുൽ ഖഅദ മാസത്തിൽ ഹജ്ജിന്നായി അറബികൾ പുറപ്പെടും.ദുൽ ഹിജ്ജ മാസത്തിൽ തീർത്ഥാടനമെല്ലാം പൂർത്തിയാക്കി തങ്ങൾ കൊണ്ട് വന്ന കച്ചവട ചരക്കുകളെല്ലാം വിറ്റഴിച്ച് മുഹർറം മാസത്തിൽ അവർ തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നു.വിദൂര നാടുകളിൽ നിന്ന് മക്കയിലേക്ക് വരുന്നവർ റജബ് മാസത്തിൽ തന്നെ പുറപ്പെട്ട് ഹജജിന്നായി നേരത്തെ തെയ്യാറെടുപ്പ് നടത്തുന്നു.അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് റജബ് മാസത്തിൽ യുദ്ധം വിലക്കപ്പെട്ടത്".

വിശുദ്ധ ഖുർആൻ വ്യാഖ്യാതാവായ നിസാമുദ്ധീൻ  നീസാബൂരി (മരണം: ഹി: 850) പറയുന്നു:

"പരിശുദ്ധമാക്കപ്പെട്ട ഈ നാല് മാസങ്ങളിൽ യുദ്ധം ചെയ്യാൻ പാടില്ലായെന്ന നിയമം ഇബ്രാഹീമീ പാരമ്പര്യമാണ്".ഈ അഭിപ്രായത്തിന് തക്കതായ തെളിവ് ചരിത്രങ്ങളിൽ നിന്ന് ലഭ്യമല്ലങ്കിലും ഇസ്ലാം വരുന്നതിൻ്റെയും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അറബികൾ ഈ ആചാരം പിന്തുടർന്ന് പോന്നതായി നമുക്ക് കാണാനാകും.


അല്ലാഹു പറയുന്നു:

"പവിത്രമാക്കപ്പെട്ട മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അവർ താങ്കളോട് ചോദിച്ച് കൊണ്ടിരിക്കുന്നു.താങ്കൾ പറയുക; അതിൽ യുദ്ധം ചെയ്യൽ മഹാപാതകമാണ്.എന്നാൽ, അല്ലാഹുവിൻ്റെ മാർഗത്തെ തൊട്ട് തടയലും അവനെ നിഷേധിക്കലും മസ്ജിദുൽ ഹറാമിനെത്തൊട്ട് ജനങ്ങളെ തടയലും അതിൻ്റെയാളുകളെ അവിടെ നിന്ന് പുറത്താക്കാലും അല്ലാഹുവിൻ്റെയടുക്കൽ അതിനേക്കാൾ ഗൗരവതരമത്രെ".


'പവിത്രമാക്കപ്പെട്ട' ഈ നാല് മാസങ്ങളിൽ യുദ്ധം അനുവദനീയമല്ലായെന്ന നിയമം വിശുദ്ധ ഖുർആനിലെ മേൽ പറഞ്ഞ സൂക്തം കൊണ്ട് റദ്ധ്ചെയ്യപ്പെട്ടുവെന്ന് പല പണ്ഡിതരും അഭിപ്രായപെട്ടിട്ടുണ്ട്.പ്രവാചകൻ്റെ കാലത്തും അവിടുത്തെ  അനുചരന്മാരുടെ കാലത്തും ഈ നാല് മാസങ്ങളിൽ യുദ്ധം ചെയ്തതായി ചരിത്രങ്ങളിൽ നമുക്ക് വായിക്കാനാകും. പ്രവാചകൻ ത്വാഇഫ് ഉപരോധിച്ചത്  ദുൽ ഖഅദ് മാസത്തിലാണെങ്കിൽ  സ്വിഫീൻ യുദ്ധം (ഹി:37) നടന്നത് ദുൽ ഹിജ്ജ മാസത്തിലായിരുന്നു.ദാരുണമായ കർബല ദുരന്തം (ഹി:61) സംഭവിച്ചത് മുഹർറം മാസത്തിലാണെങ്കിൽ ഹർറാ യുദ്ധം ( ഹി:63) അരങ്ങേറിയത് ദുൽ ഹിജ്ജ മാസത്തിലായിരുന്നു.


ഈ നിയമത്തെ ആധുനിക യുഗത്തിലും രാഷ്ട്രീയ അടവ്നയത്തിൻ്റെ ഭാഗമായി ഉപയോഗിച്ചതായി നമുക്ക് കാണാനാകും.സിറിയൻ അഭ്യന്ത്യര യുദ്ധം താൽക്കാലികമായിട്ടെങ്കിലും അവസാനിപ്പിക്കുന്നതിന് യു.എൻ മുൻ സെക്രട്ടറി ജനറൽ, ബാൻ കി മൂണിൻ്റെ  ഏറെ  രസകരവും (റമളാൻ പവിത്ര മാസമാണെന്ന തെറ്റായ ധാരണയിൽ) അതിലേറെ ചിന്തോദ്ദീപകമായ ഒരു പ്രസ്താവന നമുക്ക് കാണാനാകും. 

" റമളാൻ മാസം പവിത്രമാക്കപ്പെട്ട മാസത്തിൽ പ്പെട്ടതാണെന്ന് ഞാൻ പഠിച്ചിട്ടുണ്ട്. പവിത്ര മാസങ്ങളിൽ യുദ്ധം നിറുത്തി വെക്കണമെന്നാണല്ലോ വിശ്വസിച്ച് പോരുന്നത്.അതുകൊണ്ട്, മത ശാസന അനുസരിക്കുന്നതിനായി ഒരു മാസത്തേക്കെങ്കിലും സിറിയൻ ജനത യുദ്ധം അവസാനിപ്പിക്കുക".


ഇസ്ലാമിക കലണ്ടറിൻ്റെ  വികാസം


പ്രവാചകൻ്റെ കാലത്ത് ഇസ്ലാമിക  മദീനയിലും അതിൻ്റെ ചുറ്റിലും മാത്രം ഒതുങ്ങിയ ഭരണകൂടമായിരുന്നു.പ്രവാചകൻ നേരിട്ടായിരുന്നു ഭരണം നിയന്ത്രിച്ചു.അതുകൊണ്ട് തന്നെ ഭരണാധാരങ്ങൾ അക്കാലത്ത് കുറവായിരുന്നു.


എന്നാൽ, പ്രവാചകൻ്റെ മരണ ശേഷം ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ  വളർച്ച അതിശീഘ്രമായിരുന്നു. പ്രവാചകൻ വിടപറഞ്ഞ് രണ്ട് പതിറ്റാണ്ടിനുള്ളിൽ തന്നെ ഇസ്ലാമിൻ്റെ സന്ദേശം ഏഷ്യ കടന്ന് അങ്ങ് ആഫ്രിക്കയിലെത്തി.അതിനിടക്ക് ലോകം അടക്കി വാണിരുന്ന കിസ്റാ-കൈസർ ഭരണകൂടം ഇസ്ലാമിൻ്റെ മുന്നിൽ കടപുഴകിയിരുന്നു.


ഇസ്ലാമിൻ്റെ വളർച്ചയോടൊപ്പം ഭരണാധാരങ്ങളും വർധിച്ച് വന്നു.ഇസ്ലാമിക ഭരണകൂടത്തിൻ്റെ തലസ്ഥാനമായ മദീനയിൽ നിന്നുള്ള കത്തുകൾ നിരന്തരം മറ്റു പ്രദേശങ്ങളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു.തീയതികളില്ലാത്ത ഈ കത്തിന് ഉചിത സമയത്ത് മറുപടി നൽകാൻ ഗവർണർമാർക്ക് കഴിയാത്ത അവസ്ഥ സംജാതമായി.ഏത് കത്താണ് ഖലീഫ ആദ്യം അയച്ചത് ?ഏത് കത്തിന് ആദ്യം മറുപടി നൽകണം ?


താരീഖു റുസുലി വൽ മാലൂക്കിൽ ഇമാം ത്വബ് രി രേഖപ്പെടുത്തുന്നു:

" മൈമൂൻ ബിൻ മിഹ്റാൻ (മരണം: ഹി:117) വിവരിക്കുന്നു:

ഉമർ (റ) വിൻ്റെ അടുക്കൽ നിയമസംബന്ധമായ ഒരു രേഖ കൊണ്ട് വരപ്പെടുകയുണ്ടായി.അതിൽ 'ശഅബാൻ' മാസം എന്ന് രേഖപ്പെടുത്തിയിരുന്നു. ഉമർ (റ) ചോദിക്കുകയുണ്ടായി;കഴിഞ്ഞ വർഷത്തെ ശഅബാൻ മാസമോ വരുന്ന ശഅബാൻ മാസമോ ? 

ഉടനെ ഉമർ (റ) തൻ്റെ സുഹൃത്തുക്കളോട് പറയുകയുണ്ടായി:നമുക്കൊരു കാലഗണന (epoch) അത്യാവശ്യമാണ് ".


ലോകത്ത് സംഭവിച്ച പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി കാലഗണന കണക്കാക്കുന്ന രീതി മനുഷ്യ സൃഷ്ടിയോളം പഴക്കമുണ്ട്.ശഅബി പറയുന്നതായി ഇബ്നു ജൗസി തൻ്റെ ഗ്രന്ഥമായ അൽ മുൻതളിം ഫീ താരീഖിൽ മുലൂക്കി വൽ ഉമമിൽ പറയുന്നു:

" ആദി മനുഷ്യൻ ആദം നബിയുടെ സ്വർഗീയവരോഹണവും നൂഹ് നബിയുടെ കാലത്തുണ്ടായ മഹാപ്രളയവും തീ കുണ്ഡാരത്തിൽ നിന്നുള്ള ഇബ്രാഹീം നബിയുടെ രക്ഷപ്പെടലും കാലഗണനക്ക് അടിസ്ഥാനമാക്കി മനുഷ്യർ ഉപയോഗിച്ച്പോന്നു.ഗ്രിഗേറിയൻ പഞ്ചാംഗത്തിലും ജൂലിയൻ കലണ്ടറിലും ഉപയോഗിക്കുന്ന Anno Domini (AD:കർത്താവിൻ്റെ വർഷത്തിൽ) കാലവ്യവസ്ഥ കൊണ്ട് വന്നത് ഡയാനീസിയസ് എക്സിഗ്വസ് (Dionysius Exiguus) എന്ന സിതിയൻ (Scythian) പാതിരിയാണ്. കഅബ് ബിൻ ലുഅയ്യിൻ്റെ മരണം,ആനക്കലഹ സംഭവം ,ഫിജാർ യുദ്ധം തുടങ്ങിയ സംഭവങ്ങളെ കാലഗണനക്കായി അറബികൾ ഉപയോഗിച്ചതായി ചരിത്രത്തിൽ നമുക്ക് വായിക്കാൻ സാധിക്കും.

ബഹുവിഷയ പണ്ഡിതനായ അൽ ബിറൂനി (മരണം:ഹി.440) പറയുന്നു:

ഹിജ്റക്ക് ശേഷമുള്ള ആദ്യ ദശ വർഷങ്ങളിലെ ഓരോ കൊല്ലവും ചില വിശിഷ്ട നാമങ്ങളിലാണ് അറിയപ്പെടുന്നത്.

1) സമ്മത വർഷം
2) യുദ്ധ (കൽപന) വർഷം
3) പരീക്ഷണ വർഷം
4)  അനുമോദന( നവവധൂവരാർ) വർഷം
5) ഭൂകമ്പ വർഷം
6) പരിശോധന വർഷം
7) വിജയ വർഷം
8) സമത്വ വർഷം
9) മോചന വർഷം
10) വിടവാങ്ങൽ വർഷം

ഇസ്ലാമിക് കാലഗണന ഇന്ന് കാണുന്ന ഹിജ്റ കലണ്ടിറിലേക് രൂപാന്തരം പ്രാപിച്ചത് ഉമർ ബിൻ ഖത്താബ് (റ) ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ ഭരണചക്രം ചലിപ്പിച്ചപ്പോഴാണ്. ഇമാം ത്വബ് രി പറയുന്നു:

"അബൂ മൂസ അബ്ദുല്ല ബിൻ ഖൈസ് അൽ അശ്അരി (മരണം: ഹി.50) ഉമർ (റ) വിന് കത്ത് എഴുതുകയുണ്ടായി:

"ഞങ്ങളിലേക്ക് തീയതികളില്ലാതെ ധാരാളം കത്തുകൾ വന്ന് കൊണ്ടിരിക്കുന്നു ".

ഉടനെ ഉമർ (റ) മുതിർന്ന സ്വഹാബികളുമായി ഒരു കലണ്ടറിൻ്റെ ആവശ്യകത ചർച്ച ചെയ്തു.പ്രവാചകന് വഹ് യ് ലഭിച്ച ദിവസം മുതൽ കലണ്ടർ തുടങ്ങാൻ ചിലർ അഭിപ്രായപ്പെട്ടു.മദീനയിലേക്കുള്ള ഹിജ്റയാകട്ടെ തുടക്കമെന്ന് ചില സ്വഹാബികൾ അഭിപ്രായം പറയുകയുണ്ടായി.അസത്യത്തിൽ നിന്ന് സത്യത്തെ വേർതിരിച്ച മദീനയിലേക്കുള്ള ഹിജ്റ കലണ്ടറിൻ്റെ തുടക്കമാകട്ടേയെന്ന് ഉമർ (റ) പ്രഖ്യാപിക്കുകയുണ്ടായി."


ത്വബ് രി(റ) യുടെ മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

" ഒരാൾ ഉമറി(റ)ൻ്റെ അടുക്കലേക്ക് വന്ന് പറഞ്ഞു: ''കാലാനുസൃതവിവരണം"(Chronicle)  എന്ന് പറയുകയുണ്ടായി.ഉമർ (റ) ചോദിച്ചു? എന്താണ് കാലാനുസൃതവിവരണം ?

തിയതി മാസങ്ങൾ രേഖപ്പെടുത്തി വിദേശികൾ എഴുതുന്ന രീതിയെന്ന് അയാൾ മറുപടി പറഞ്ഞു.

നമ്മുടെ കലണ്ടർ എവിടെ നിന്ന് ആരംഭിക്കുമെന്ന് ഉമർ (റ) സ്വഹാബികളോട് ആരായുകയുണ്ടായി.

വഹ് യിൻ്റെ ആരംഭം,പ്രവാചകൻ്റെ നിര്യാണം എന്ന അഭിപ്രായങ്ങൾ ഉയർന്ന് വന്നങ്കിലും മദീനയിലേക്കുള്ള ഹിജ്റ ഇസ്ലാമിക കലണ്ടറിൻ്റെ  പ്രാരംഭമാക്കാം എന്ന അഭിപ്രായത്തിൽ അവസാനം അവർ ഏകോപിക്കുകയുണ്ടായി.

കലണ്ടറിൻ്റെ തുടക്കം ഏത് മാസമാകണമെന്ന ചർച്ചയിൽ റമളാൻ ആരംഭമാസമാക്കാമെന്ന അഭിപ്രായം വന്നെങ്കിലും ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്ന 'പവിത്രമാസമായ' മുഹർറം തന്നെ ആരംഭമാസമാക്കാമെന്ന തീരുമാനത്തിൽ അവരെത്തുകയുണ്ടായി".

പ്രവാചകൻ്റെ അനുയായികൾക്ക്   അന്വേഷണത്തിലൂടെ  (ഇജ്തിഹാദ്) ലഭിച്ച അഭിപ്രായൈക്യത്തിൻ്റെ (Consensus:ഇജ്മാഅ)  ഫലമാണ് ഹിജ്റ കലണ്ടറെന്ന്  ഇമാം തബ് രി(റ) യുടെ ഈ വിവരണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.ഹിജ്റ കലണ്ടർ അവലംബിക്കുന്നതിലൂടെ അല്ലാഹുവിൻ്റെയും അവൻ്റെ പ്രവാചകനെയും അനുധാവനം ചെയ്യുന്നതോടൊപ്പം ഇസ്ലാം മതത്തിൻ്റെ നാല് പ്രമാണങ്ങളിലൊന്നായ അഭിപ്രായൈക്യത്തെ (ഇജ്മാഅ: consensus) അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയുമാണ് നമ്മൾ ചെയ്യുന്നത്.


ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫി ലിബിയൻ പഞ്ചാംഗമുണ്ടാക്കുകയും പ്രവാചകൻ്റെ നിര്യാണം അതിൻ്റെ പ്രാരംഭ വർഷമാക്കുകയും ചെയ്തിരുന്നു.

മദീനയിലേക്കുള്ള പലായനത്തോടെയാണല്ലോ  ഇസ്ലാം സ്ഥാപിതമാകുന്നതും മുസ്ലിം സമുദായം ഈ ഭൂമിയിൽ പിറവി കൊള്ളുന്നതും.പ്രവാചകൻ്റെ പിറവി, വഹ് യിൻ്റെ തുടക്കം,പ്രവാചകൻ്റെ നിര്യാണം തുടങ്ങിയ അതിപ്രധാന സംഭവങ്ങൾക്ക് പകരം ഇസ്ലാമിക കലണ്ടറിൻ്റെ തുടക്കം  മദീനയിലേക്കുള്ള പലായനം (ഹിജ്റ) സ്വഹാബികൾ തെരഞ്ഞെടുക്കാനുള്ള ചേതോവികാരം ഇതായിരിക്കാം.


നസീഅ്


"പവിത്രമാക്കപ്പെട്ട" മാസങ്ങളെ തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെയ്ക്കുന്നതിനാണ് നസീഅ് (Reallocation) എന്ന് പറയുന്നത്. പവിത്രമാക്കപ്പെട്ട മാസത്തിൽ യുദ്ധം ചെയ്യുകായെന്ന നിഷിദ്ധമാക്കപ്പെട്ട കാര്യത്തിൽ നിന്ന് രക്ഷപ്പെടാനായിരുന്നു പ്രധാനമായും അവർ നസീഅ് ഉപയോഗിച്ചിരുന്നത്. നസീഅ് എന്നതിൻ്റെ രൂപം പല രീതിയിൽ പണ്ഡിതൻമാർ ചർച്ച ചെയ്തിട്ടുണ്ട്.

ഇബ്നു അബ്ബാസ് (റ) പറയുന്നു:

"തങ്ങളുടെ എതിരാളികളുമായി യുദ്ധം ചെയ്യാൻ മുഹർറം മാസത്തെ സഫറിലേക്ക് മാറ്റുമായിരുന്നു".

ചില വർഷങ്ങളിൽ മുഹർറം മാസത്തിന് സഫർ എന്ന് പേര് മാറ്റി ആ വർഷം രണ്ട് സഫർ മാസമായി കണക്കാക്കുമായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു.

മുജാഹിദി(റ) (മരണം:ഹി.102) പറയുന്നു:

" അവർ ഹജജിൻ്റെ മാസം മാറ്റുമായിരുന്നു.രണ്ട് വർഷം ദുൽ ഹിജ്ജ മാസത്തിൽ അവർ ഹജജ് ചെയ്യും.മുഹർറം മാസത്തിലായിരിക്കും അടുത്ത രണ്ട് വർഷത്തെ ഹജ്ജ്.അങ്ങനെ എല്ലാ മാസത്തിലും അവർ ഹജജ് ചെയ്യാൻ മക്കയിലേക്ക് വരുമായിരുന്നു".

കാലാവസ്ഥക്കൊപ്പം സഞ്ചരിക്കാൻ മൂന്ന് വർഷം പൂർത്തിയാകുമ്പോൾ അവർ പതിമൂന്നാമത്തെ മാസം (leap Month) കൂട്ടിച്ചേർക്കുമായിരുന്നുവെന്നാണ് അബൂ മൂസൽ അശ്അരി, അൽ ബിറൂനി എന്നിവർ അഭിപ്രായപ്പെട്ടത്.


നസീഅ് :രാഷ്ട്രീയ മേൽക്കോയ്മയുടെ സൃഷ്ടി



വർഷം, മാസം,തീയതി തുടങ്ങിയവയെക്കുറിച്ച് സമൂഹത്തിലെ വലിയ വിഭാഗത്തിൻ്റെ അജ്ഞത നമ്മെ അത്ഭുതപ്പെടുത്തിയേക്കാം.റോമൻ സാമ്രാജ്യത്തിൽ കലണ്ടർ ഉപയോഗിച്ചിരുന്നത് ഭരണസിരാ കേന്ദ്രങ്ങളിലും കച്ചവട മാർക്കറ്റിലുമായിരുന്നു.പൊതുജനങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. കലണ്ടറുകളെ കൈകാര്യം ചെയ്തിരുന്നത് രാജാക്കൻമാരും പാതിരിമാരുമായിരുന്നു. അവർ കലണ്ടർ  രഹസ്യമായി ഉപയോഗിച്ചു.മതകീയ കാര്യങ്ങളിലും കച്ചവടത്തിലും മറ്റുള്ളവരേക്കാൾ മികച്ച നിൽക്കാനായിരുന്നു അവർ ഇപ്രകാരം ചെയ്തത്.


ബനൂ കിനാന ഗോത്രക്കാർക്കായിരുന്നു മജന്ന മേളയുടെയും നസീഅ്ൻ്റെയും ചുമതല. കിനാന ഗോത്രത്തിൽപ്പെട്ട മുതിർന്ന ഒരു വ്യക്തിയെ ഹജ്ജ് കാലത്ത് നസീഅ്നായി അവർ ചുമതലപ്പെടുത്തും.'ഖലമ്മസ് ' എന്ന പേരിലായിരുന്നു അയാൾ അറിയപ്പെട്ടിരുന്നത്.

ഹജ്ജ് വേളയിൽ മിനയിൽ നിന്ന് തീർത്ഥാടകർ മടങ്ങാനിരക്കവെ അയാൾ ഉറക്കെ വിളിച്ച് പറയും:"ഞാനാണ് ഖലമ്മസ്".ഉടനെ ജനങ്ങൾ മുഹർറ മാസത്തെ സഫറിലേക്ക് മാറ്റാൻ അപേക്ഷിക്കും.മുഹർറത്തെ സഫറിലേക്ക് മാറ്റിയ വിവരം തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങിയാൽ തങ്ങളുടെ ഗോത്രത്തിൽ വിവരമറിയിക്കും.


എത്യോപ്യൻ രാജാവിൻ്റെ യമൻ ഗവർണ്ണറായിരുന്ന അബ്രഹത്ത് കഅബ പൊളിക്കാൻ വന്ന സംഭവം ചില ചരിത്രകാരന്മാർ ചാന്ദ്രിക വർഷവുമായി ബന്ധപ്പെടുത്തിയത് ചരിത്രത്തിൽ കാണാനാകും.

ആനക്കലഹ വർഷത്തിലെ ഈസ്റ്ററും ഹജ്ജ് കാലഘട്ടവും ഒന്നിച്ച് വന്നതായിരുന്നു ഇതിൻ്റെ പിന്നിലെ പ്രധാന ഹേതു.ബനൂ കിനാനക്കാരുടെ  നിർദേശപ്രകാരമുള്ള  'നസീഅ്'ലൂടെയാണ് ഒരേ വർഷം യാദൃശ്ചികമായി ഇങ്ങനെ സംഭവിച്ചത്.അതിന് പുറമെ,യമനിലെ സൻആയിൽ 'ഖുൽലൈസ്' എന്ന പേരിൽ ഒരു ചർച്ച സ്ഥാപിച്ചിരുന്നു. കഅബിയിലേക്ക് തീർത്ഥാടകർ ഒഴുകുന്നത് പോലെ ഇവിടേക്കും ഭക്തജനങ്ങൾ ഒഴുകുമെന്ന് അബ്രഹത്ത് കണക്ക് കൂട്ടി.ഈസ്റ്റർ ആഘോഷത്തോടൊപ്പം ഹജജ് മാസവും കടന്ന് വരുന്നത് തൻ്റെ പദ്ധതിക്ക്  വിഘാതമാകുമെന്ന കാരണം കൊണ്ടാണ് അബ്രഹത്ത് കഅബ പൊളിക്കാൻ മുതിർന്നത്.കഅബ പൊളിക്കുക എന്നതിനപ്പുറം കലണ്ടറിൻമേലുള്ള ബനൂ കിനാനക്കാരുടെ അധീശത്വം തകർക്കാൻ ശ്രമിക്കുകയായിരുന്നു അബ്രഹത്ത്. അദ്ധേഹത്തിൻ്റെ ചർച്ചിൽ കാഷ്ടിച്ച് കൊണ്ടാണ് ഇതിനെതിരെ ബനൂ കിനാനയിലെ ഒരാൾ പ്രതിഷേധിച്ചത്.


ഇസ്ലാമിൻ്റെ ഉദയത്തോടെ കലണ്ടറിൻമേലുളള ഒരു കൂട്ടരുടെ മാത്രം അധികാരം അവസാനിച്ചു.മാസങ്ങളുടെ ആരംഭവും അവസാനവും ചന്ദ്ര ദർശനത്തിലേക്ക് മാറ്റിയതിലൂടെ വലിയ വിപ്ലവം നടത്തുകയായിരുന്നു ഇസ്ലാം.ഇതിലൂടെ ഒരു കൂട്ടരിൽ മാത്രം ഒതിങ്ങിയിരുന്ന അധികാരം ബഹുജനത്തിലേക്ക് വിഭജിക്കപ്പെട്ടു.


ആഗോള ആശയവിനിമയത്തിൻ്റെ പ്രതീകമായി ഗ്രിഗേറിയൻ കലണ്ടർ മാറിയ ഈ സാഹചര്യത്തിലും ഇസ്ലാമിക ചൈതന്യത്തിൻ്റെ ആധാരശിലയായ ഹിജ്റ കലണ്ടറിനെ നമ്മൾ പിന്തുടരേണ്ടതുണ്ട്. അമേരിക്കൻ പളളികളിൽ ഗ്രിഗേറിയൻ തീയതിക്കൊപ്പം ഹിജ്റ തീയതിയും എഴുതാറുണ്ടത്രെ. ഇസ്ലാമിക ചരിത്രത്തിൻ്റെ ആണിക്കല്ലായ ഹിജ്റ കലണ്ടൻ്റെ ഉത്ഭവവും വികാസവും വരും തലമുറയെ ബോധിപ്പിക്കൽ നമ്മുടെ കടമയാണ്.

എല്ലാം  അറിയുന്നവൻ അല്ലാഹുവാകുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍