✒️ നവാസ് ശരീഫ് ഹുദവി
ഇസ്ലാമിക രാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്തിയ മഹാ പണ്ഡിതനാണ് ഇമാം മാവർദി (റ).രാജാക്കൻമാരുമായുള്ള ബന്ധത്തിലൂടെ നേടിയെടുത്ത രാഷ്ട്രീയ മീംമാസയെക്കുറിച്ചുള്ള ജ്ഞാനം ഇസ്ലാമിക കർമ്മശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ധേഹം രേഖപ്പെടുത്തുകയുണ്ടായി.'ഇസ്ലാമിക രാഷ്ട്രീയ മീംമാസയുടെ മാഗ്നകാർട്ട എന്ന് വിളിക്കാവുന്ന 'അൽ അഹ്ക്കാമുസ്സുൽത്താനിയ' എന്ന വിഖ്യാത ഗ്രന്ഥം ജ്ഞാനാന്വേഷികളുടെ ഇഷ്ടവിഷയമാണ്.
ജനനം ജീവിതം
ഹിജ്റ 364-ൽ ബസറയിൽ ജനനം.പിതാവ് മുഹമ്മദിനെ പോലെ പനനീർവെള്ളം വിറ്റ് ജീവിച്ചിരുന്നതുകൊണ്ട് "മാഉൽ വർദ്' എന്നതിലേക്ക് ചേർത്താണ് മാവർദി എന്ന പേര് വന്നത്.അബുൽ ഹസൻ അലിയ്യ് ബിൻ മുഹമ്മദ് ബിൻ ഹബീബ് അൽ ബസ്വരി എന്നാണ് മഹാനവറുകളുടെ പൂർണ്ണനാമം. ജ്ഞാന തൃഷ്ണനായ മഹാനവറുകൾ തന്റെ കുടുംബ തൊഴിൽ ഉപേക്ഷിച്ച് വിജ്ഞാനസമ്പാദന മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു.വിജ്ഞാനത്തോടും പണ്ഡിതന്മാരോടും ഏറെ ബന്ധം പുലർത്തുന്ന കുടുംബത്തിലുള്ള ജനനം ഇമാം മാവർദിയുടെ ജ്ഞാന മേഖലയിലെ ഉയർച്ചക്ക് ഏറെ സഹായകമായിട്ടുണ്ടെന്നത് ചരിത്രവസ്തുതയാണ്.
ബസ്വറയിൽ വെച്ച് ഇമാം സ്വയ്മുരിയിൽ നിന്ന് വിദ്യാഭ്യാസം സ്വയത്തമാക്കിയതിനു ശേഷം ഉന്നത പഠനത്തിനുവേണ്ടി വിജ്ഞാനത്തിന്റെ കളിത്തൊട്ടിലായ ബഗ്ദാദിലേക്ക് നീങ്ങി. അക്കാലത്തെ പ്രശസ്ത പണ്ഡിതനായ അബുൽ ഹാമിദ് ഇസ്ഫറായീനി തങ്ങളുടെ അടുത്തേക്കായിരുന്നു ആ യാത്ര. ബസ്വറയിൽ നിന്ന് ബാഗ്ദാദിലേക്കുള്ള യാത്രാമദ്ധ്യേ ഇമാം മാവർദി പല സ്ഥലങ്ങളിലും ദർസ് നടത്തുകയും അതുവഴി നിരവധി ശിഷ്യസമ്പത്ത് നേടിയെടുക്കുകയും ചെയ്തു.
ആ കാലത്ത് ബാഗ്ദാദ് അബ്ബാസി ഖിലാഫത്തിന്റെ കീഴിലായിരുന്നു. ഭരണാധികാരികളുമായി നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്ന മാവർദി പല സന്ദർഭങ്ങളിലും രാജാക്കന്മാരുടെ ഉപദേശകനും സഹായിയുമായി വർത്തിച്ചു. ഭരണാധികാരികളുടെ ദൂതനായും അദ്ദേഹം നിയമിതനായിരുന്നു. ഭരണസിരാകേന്ദ്രങ്ങളുമായിട്ടുള്ള ബന്ധം അദ്ദേഹത്തിന്റെ ഗ്രന്ഥരചനയെ ഗണ്യമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളിലും ഇസ്ലാമിക രാഷ്ട്രീയം ചർച്ചചെയ്യപ്പെടുന്നുണ്ടെന്ന വാസ്തവം ഈ വാദത്തെ സാധൂകരിക്കുന്നു.
രചനകൾ
ശാഫിഈ പണ്ഡിതനായ ഇമാം മാവർദിയുടെ രചനകളിൽ ഭൂരിഭാഗവും കർമ്മ ശാസ്ത്രമേഖലയിലാണ് വിരചിതമായത്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭരണരീതികളെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നും ഇമാം മാവർദി വളരെ കൃത്യമായി വിശദീകരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ഭരണകർത്താക്കളുമായിട്ടുള്ള തന്റെ സാമീപ്യം കാരണം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പൂർണ്ണമായും ഇസ്ലാമിക രാഷ്ട്രീയ രീതികളും അതിന്റെ കർമ്മശാസ്ത്ര വശങ്ങളും വിശദീകരിക്കുന്നതാണ്.
മഹാനവറുകൾക്ക് ഇൽമുൽ അഖീദയിൽ വ്യക്തമായ സംഭാവനകളൊന്നുമില്ലെങ്കിലും "അന്നുകതു വൽ ഉയൂൻ" എന്ന പേരിൽ രചിച്ച പരിശുദ്ധ ഖുർആന്റെ വ്യാഖ്യാനത്തിൽ അദ്ദേഹത്തിന്റെ ഇൽമുൽ കലാമിലെ കാഴ്ചപ്പാടുകൾ ഇമാം മാവർദി വിശദീകരിക്കുന്നുണ്ട്. അഖീദിയിലെ കാഴ്ചപ്പാടുകൾ ഇമാം മാവർദി കർമ്മശാസ്ത്രത്തിൽ ശാഫിഈ മദ്ഹബും വിശ്വാസ കാര്യങ്ങളിൽ അശ്അരി മദ്ഹബുമാണ് പിൻപറ്റുന്നത്.
പരിശുദ്ധ ഖുർആനിന് മഹാനവറുകൾ രചിച്ച വ്യഖ്യാനം പരിശോധിക്കുമ്പോൾ ചില വിഷയങ്ങളിൽ അദ്ദേഹം മുഅ്തസിലത്തിന്റെ ആശയങ്ങളോട് ചായ് വ് പുലർത്തുന്നതായി കാണാം. മാത്രമല്ല ചില ആയത്തിന്റെ വിശദീകരണങ്ങളിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി പലവ്യാഖ്യാനങ്ങളും മഹാനവറുകൾ നൽകിയിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ഇമാം മാവർദി മുഅ്തസിലിയാണെന്നും ചില പണ്ഡിതന്മാർ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ പ്രവർത്തനങ്ങളുടെ വിശേഷണങ്ങൾ വ്യക്തമാക്കുന്നിടത്ത് സലഫിനെതിരായ രീതിയാണ് മഹാനവറുകൾ സ്വീകരിച്ചത്. അല്ലാഹുവിന്റെ "ദാത്തിയായ സിഫാത്തുകൾ" (ഉദാ. അല്ലാഹുവിന് മുഖമുണ്ട്, കരങ്ങളുണ്ട്) സുചിപ്പിക്കുന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ അല്ലാഹുവിന്റെ ശ്രേഷ്ടതക്ക് ചേരാത്ത വിശദീകരണങ്ങളും ഇദ്ദേഹം നൽകുന്നു. അല്ലാഹു അർശിൽ ഉപവിഷ്ടനായി എന്ന ആയത്തിന്റെ വിശദീകരണത്തിൽ മുഅ്തസിലികളുടെ ആശയങ്ങൾ മഹാനവറുകൾ എഴുതിപ്പിടിപ്പിച്ചതായി കാണാം. അതുപോലെ തന്നെ സൂറത്തുൽ അൻആം നൂറ്റിപ്പന്ത്രണ്ടാം ആയത്തിന്റെ തഫ്സീറിൽ നന്മ തിന്മയുടെ ഉറവിടം അല്ലാഹുവാണെന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയത്തിനെതിരിൽ അദ്ദേഹം സമർഥിക്കുന്നു. അതുപോലെ സൂറത്തുൽ ഖമർ 49ാം ആയത്തിൽ ഖദറിനെക്കുറിച്ച് ചർച്ചചെയ്യുന്നിടത്ത് ഇമാം മാവർദി മുഅ്തസിലി ആശയം സ്വീകരിച്ചതായി കാണാം.
പരലോകത്ത് വെച്ച് സാധ്യമാകുമെന്ന് പറയുന്ന ദൈവീകദർശനത്തെക്കുറിച്ച് മഹാനവറുകൾ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പക്ഷേ, ഇമാം മാവർദി തന്റെ തഫ്സീറിൽ മുഅ്തസിലത്തിന്റെ ആശയം വിശദീകരിക്കുന്ന സ്ഥലങ്ങളിൽ ആ അഭിപ്രായങ്ങൾ മുഅ്തസിലികളിലേക്ക് ചേർത്ത് പറയാതെ വെറും ആയത്തിന്റെ വിശദീകരണമായിട്ടാണ് പറഞ്ഞുപോരുന്നത്.
മുഅ്തസിലത്തിന്റെ അഭിപ്രായമാണെന്ന് വ്യക്തമായി പറയാത്തതുകൊണ്ട് തന്നെ മുസ്ലിം പണ്ഡിതന്മാർ അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ വെച്ച്പുലർത്തുന്നതായി കാണാം. ഒരു കൂട്ടം പണ്ഡിതർ അദ്ദേഹം മുഅ്തസിലിയാണെന്ന് പറയുമ്പോൾ മറുഭാഗത്ത് പലപ്രമുഖ പണ്ഡിതന്മാരും അതിനെ എതിർക്കുകയും അദ്ദേഹത്തിന്റെ തഫ്സീറുകളിൽ വന്ന മുഅ്തസിലി ആശയത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഇതിൽ പ്രമുഖനായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രധാനിയായ ഇമാം അൽഖതീബ് അൽബഗ്ദാദി. അദ്ദേഹം പറയുന്നത് ഇമാം മാവർദി അവിടത്തെ തഫ്സീറിൽ ഒരു ആയത്തിനെ വിശദീകരിക്കുന്നിടത്ത് മുഅ്തസിലി അടക്കമുള്ള വ്യത്യസ്ത വിഭാഗത്തിലെ പണ്ഡിത വീക്ഷണങ്ങൾ ക്രോഡീകരിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നു. ഇക്കാരണത്താൽ അദ്ദേഹം മുഅ്തസിലി വിഭാഗക്കാരനെന്ന് വിധി എഴുതാൻ സാധിക്കില്ല. ആ ആയത്തിന്റെ കീഴിൽവന്ന മുഴുവൻ അഭിപ്രായങ്ങളും ചർച്ചകളും ഒരുമിച്ചുകൂട്ടുന്ന ശൈലി സ്വീകരിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടാണ് മഹാനവറുകൾ മുഅ്തസിലത്തിന്റെ ആശയങ്ങൾ പോലും ആയത്തിന്റെ വിശദീകരണങ്ങളിൽ കൊണ്ടുവന്നത്. അല്ലാതെ മഹാനവറുകൾ ആ ആശയങ്ങൾ അംഗീകരിച്ചതുകൊണ്ടോ വിശ്വസിച്ചതുകൊണ്ടോ അല്ല.
മുഅ്തസിലത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങൾ മഹാനവറുകൾ അംഗീകരിക്കാത്തതുകൊണ്ട് തന്നെ ഇമാം മാവർദി മുഅ്തസിലിയാണെന്ന് പറയുന്നത് പ്രയാസകരം തന്നെ. മഹാനവറുകൾ തീർത്തും ഒരു അശ്അരി പണ്ഡിതൻ തന്നെയാകുന്നു.
താജുദ്ദീൻ സുബ്കിയെ പോലോത്ത നിരവധി പ്രമുഖ പണ്ഡിതന്മാർ ഇമാം മാവർദിയുടെ ഇൽമിനെക്കുറിച്ച് പുകഴ്ത്തിപ്പറയുകയും അദ്ദേഹം ശാഫിഈ മദ്ഹബിൽ അവലംബയോഗ്യനാണെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഇമാം ഖുർത്വുബിയടക്കം പൂർവ്വസൂരികളായ മുഫസ്സിറുകൾ അവിടത്തെ തഫ്സീറുകളിൽ ഇമാം മാവർദിയെ ഉദ്ധരിക്കുന്നതായി കാണാം.
ഹിജ്റ 450 ൽ തന്റെ 86ാം വയസ്സിൽ മഹാനവറുകൾ ഇഹലോകവാസം വെടിഞ്ഞു. തന്റെ പ്രഗൽഭനായ ശിഷ്യൻ ഖത്വീബ് അൽ ബഗ്ദാദി തങ്ങൾ അവിടത്തമേൽ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍