അബ്ബാസി ഖലീഫ അബൂ ജഅഫർ മൻസൂർ ഇസ്ലാമിക സാമ്രാജ്യം ഭരിക്കുന്ന കാലഘട്ടം.രാജസദസ്സിലേക്ക് മുഖാതിൽ ബിൻ സുലൈമാൻ കടന്നുവന്നു.
മൻസൂർ മുഖാതിലിനോട് പറഞ്ഞു:
"എന്നെ ഒന്ന് ഉപദേശിച്ചാലും".
"ഞാൻ കേട്ട ഉപദേശമാണോ വേണ്ടത്, അതോ എൻ്റെ കണ്ണ് കൊണ്ട് കണ്ട ഉപദേശമാണോ വേണ്ടത് "?
"താങ്കൾ ദൃസാക്ഷിയായ സംഭവം".
മുഖാതിൽ പറഞ്ഞ് തുടങ്ങി:
അമവി ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് മരണ കിടക്കയിൽ കടക്കുകയാണ്.
മഹാനവറുകളോട് ചുറ്റുംകൂടിയവർ ചോദിക്കുകയുണ്ടായി;
മക്കൾക്ക് വേണ്ടി ഈ ഭൂമിയിൽ താങ്കൾ എന്താണ് ബാക്കിവെച്ചത്?
ഉമർ പറഞ്ഞു:
" 'അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന ഉപദേശമാണ് അവർക്ക് ഈ ഭൂമിയിൽ ഇട്ടേച്ച് ഞാൻ പോകുന്നത്.അവർ സജ്ജനങ്ങളായി ജീവിച്ചാൽ, അവരെ അല്ലാഹു ഏറ്റെടുക്കും, ദുർജനങ്ങളായിട്ടാണങ്കിൽ അവർക്കായി ഞാൻ സൂക്ഷിച്ച സ്വത്തുക്കൾ അല്ലാഹുവിനെതിരായിട്ടാണല്ലോ അവർ ചെലവഴിക്കുക,പിന്നെയെന്തിന് അവർക്കായി ഞാൻ സ്വത്തുക്കൾ ഇവിടെ ഇട്ടേച്ച്പോകണം."
മുഖാതിൽ പറയുകയാണ്:
ഉമർ ബിൻ അബ്ദുൽ അസീസ് പതിനൊന്ന് മക്കളുണ്ടായിരുന്നു.ഉമർ മരണവേളയിൽ കിടക്കുമ്പോൾ അദ്ധേഹത്തിൻ്റേതായി 18 സ്വർണ്ണനാണയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.അഞ്ച് ദിർഹം കഫൻ പുടവക്കായി ചെലവഴിച്ചു. നാല് ദിർഹം ഖബർ വാങ്ങാൻ വിനിയോഗിച്ചു.പിന്നീട് മിച്ചംവന്ന സ്വർണ്ണനാണയങ്ങൾ മാത്രമാണ് മക്കൾക്ക് അനന്തരമായി കിട്ടിയത്.
എന്നാൽ, ഉമവി ഭരണാധികാരിയായിരുന്ന ഹിശാം ബിൻ അബ്ദിൽ മലിക്കിനും പതിനൊന്ന് മക്കളുണ്ടായിരുന്നു. തൻ്റെ മക്കളിൽ ഓരോരുത്തർക്കും പത്ത് ലക്ഷം സ്വർണ്ണനാണയങ്ങൾ അനന്തരമായി നൽകിയാണ് ഹിശാം അന്ത്യശ്വാസം വലിച്ചത്.
മുഖാതിൽ തുടർന്ന്പറഞ്ഞു:
രാജാവേ....
ഉമർ ബിൻ അബ്ദിൽ അസീസിൻ്റെ മക്കളിൽ ഒരാൾ അല്ലാഹുവിൻ്റെ മാർഗത്തിൽ പരിശുദ്ധ യുദ്ധം നയിക്കാൻ നൂറ് കുതിരകൾ സംഭാവന ചെയ്യുന്നതും ഹിശാമിൻ്റെ മക്കളിൽ ഒരാൾ തെരുവിലൂടെ ഇഴഞ്ഞ് നിരങ്ങി ഭിക്ഷയാചിക്കുന്നതിനും ഞാൻ പിന്നീട് സാക്ഷിയായി.
-അൽ ബിദായ വൽ നിഹായ,ഇബ്നു കസീർ-
0 അഭിപ്രായങ്ങള്‍