വാവാട് ഉസ്താദ്:അദബിലൂടെ ഉന്നതിയിലെത്തിയ മഹാൻ!

തിന്മയും അക്രമവും അസത്യവും നിറഞ്ഞ ഈ കെട്ട കാലത്തും ഇങ്ങനെയുള്ള  ചിലരുടെ സാന്നിധ്യം കൊണ്ടാണ് നമ്മളൊക്കെ സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കുന്നത്.ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഞാൻ കണ്ട് മനസ്സിലാക്കിയ മഹാ മനുഷ്യരായിരുന്നു അത്തിപ്പറ്റ ഉസ്താദും വാവാട് ഉസ്താദും.അവർ രണ്ട് പേരും നമ്മെ വിട്ട് അല്ലാഹുവിലേക്ക് യാത്രയായി. ഈ നൂറ്റാണ്ടിലും അല്ലാഹുവിൻ്റെ മാർഗത്തിൽ  ഇങ്ങനെയൊക്കെ ജീവിക്കാം എന്ന് തങ്ങളുടെ ജീവിത രീതിയിലൂടെ കാണിച്ച് തന്നവരായിരുന്നു അവർ.തങ്ങളുടെ ശരീരത്തിലും മജ്ജയിലും  വിനയവും സൂക്ഷമതയും നിറച്ചവർ.സൗമ്യതയുടെ പ്രതീകങ്ങൾ.

അവരുടെ കൂടെ നമ്മെ സ്വർഗീയാരാമത്തിൽ അല്ലാഹു ഒരുമിച്ച് കൂട്ടട്ടെ.ആമീൻ.

**********

വർഷം 2016,പതിനഞ്ച് വർഷത്തെ ദാറുൽ ഹുദാ പഠനം അവസാനിച്ചു. അല്ലാഹു അപാരമായ അനുഗ്രഹം കൊണ്ട് മാത്രം ഖുർആൻ മനഃപാഠമാക്കാനും ഹുദവി കോഴ്‌സ് നല്ല നിലയിൽ പൂർത്തീകരിക്കാനും സാധിച്ചു. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയും പൂർത്തീകരിച്ച് നാട്ടിൽ പോയി.റമളാൻ മാസമാണ് വരുന്നത്.റമളാനിന് ശേഷം എന്തെങ്കിലുമൊക്കെ നോക്കണം എന്നൊക്കെയായിരുന്നു മനസ്സ് നിറയെ.

ഉടനെ ഒരു സുഹൃത്തിൻ്റെ കോൾ വന്നു.ഞങ്ങളുടെ നാട്ടിൽ (താമരശ്ശേരി) ഒരു പുതിയ പള്ളിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഈ റമളാനിൽ നീ അവിടെ ഇമാം നിൽക്കണം.

റമളാനിൻ്റെ തലേ ദിവസം തന്നെ ഞാനവിടെയെത്തി. ഉടനെ പള്ളി സെക്രട്ടറി എന്നോട് പറഞ്ഞു: നമുക്ക് ഉസ്താദിനെ കാണാൻ പോകാം. എനിക്കൊന്നും മനസ്സിലായില്ല.ഏത് ഉസ്താദ് ?

ഒരു പള്ളി ഉദ്ഘാടന സദസ്സിലേക്കാണ് ഞങ്ങൾ പോയത്. അവിടെ എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് വാവാട് ഉസ്താദാണ് ആ ഉസ്താദെന്ന്.അന്നാട്ടുകാരുടെ ഉസ്താദായിരുന്നു മഹാനവറുകൾ.അവരുടെ അഭയ കേന്ദ്രവും.തൻ്റെ വിരുദ്ധ ചേരിയിലുള്ള സംഘടന പ്രവർത്തകർ വരെ ഉസ്താദിനെ അംഗീകരിച്ചിരുന്നു.ഞാൻ ജോലി ചെയ്തിരുന്ന പള്ളിയിൽ രണ്ട് കൂട്ടരുമുണ്ടായിരുന്നു. ജോലിയെക്കുറിച്ച് ആരെങ്കിലും വല്ലതും ചോദിച്ചാൽ വാവാട് ഉസ്താദിൻ്റെ സമ്മതത്തോടെയാണ് ഇവിടെ ഇമാമത്ത് നിൽക്കുന്നതെന്ന്  പറഞ്ഞാൽ മതി,പിന്നെ ആരും ഒന്നും ചോദിക്കില്ലായെന്ന് 

ജോലി ഏറ്റെടുക്കുമ്പോൾ സെക്രട്ടറി പ്രത്യേകം പറഞ്ഞിരുന്നു.പള്ളിയുടെ ഉദ്ഘാടന പരിപാടിക്ക് ശേഷം ഉസ്താദിനെ കണ്ടു, സംസാരിച്ചു, അനുഗ്രഹം വാങ്ങി. ഔദ്യോഗിക പഠന ജീവിതം അവസാനിച്ച് ആദ്യമായി ജോലിയിൽ പ്രവേശിക്കുമ്പോൾ അവിടത്തെ അനുഗ്രഹം വാങ്ങാൻ ഭാഗ്യമുണ്ടായി.അൽഹംദുലില്ലാഹ്.

**********

ദാറുൽ ഹുദാ പഠന കാലത്ത് തന്നെ വാവാട് ഉസ്താദ് മനസ്സിൽ ഇടം പിടിച്ചിരുന്നു. വർഷം തോറും നടന്നിരുന്ന ദാറുൽ ഹുദാ ദുആ സമ്മേളന വേദികളിലെ നിറസാന്നിധ്യമായിരുന്നു മഹാനവറുകൾ.അർദ്ധ രാത്രി വരെ നീണ്ട് നിൽക്കുന്ന ഉസ്താദിൻ്റെ ദുആ വാർഷിക പരീക്ഷയെ നേരിടാനിരിക്കുന്ന ഞങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നു. മമ്പുറം ആണ്ട് നേർച്ചകളിലെ ദുആ സദസ്സുകളിലും ഭക്തിനിർഭരമായ ഉസതാദിൻ്റെ പ്രാർത്ഥനകളിലും പങ്കെടുക്കാൻ മഹാ ഭാഗ്യമുണ്ടായി.ഓരോ മനുഷ്യൻ്റെയും ആവശ്യങ്ങൾ ഉസ്താദിൻ്റെ ദുആയിൽ കടന്ന് വരും.ആ പ്രാർത്ഥനക്കായി ഉസ്താദിനെ ജനം കാത്തിരുന്നു.

********

സമസ്തയുടെ തൊണ്ണൂറാം വാർഷിക സമ്മേളനം ആലപ്പുഴയിൽ നടക്കുന്ന സമയം. സമസതയുടെ ജനറൽ സെക്രട്ടറി ചെറുശ്ശേരി ഉസ്താദും പ്രസിഡണ്ട് കോയക്കുട്ടി ഉസ്താദും രോഗികളായി കിടപ്പിലാണ് .

അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സായിരുന്നു സമാപന സമ്മേളനത്തിലെ പ്രധാന പരിപാടി.സയ്യിദൻമാരും മഹാ പണ്ഡിതൻമാരും നിറഞ്ഞ സദസ്സ്.ആ സദസ്സിൽ പ്രാർത്ഥന നടത്താനുള്ള മഹാഭാഗ്യം ലഭിച്ചത് വാവാട് ഉസ്താദിനായിരുന്നു. 

*********

 അണ്ടോണ ഉസ്താദിൻ്റെ അടുക്കലിൽ നിന്നാണ്  വാവാട് ഉസ്താദിൻ്റെ പഠനാരംഭം.ഇ.കെ ഹസൻ മുസ്ലിയാർ,കളരാന്തിരി ഹുസൈൻ കുട്ടി മുസ്ലിയാർ, നാരകശ്ശേരി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പണ്ഡിതൻമാരിൽ നിന്ന് കിതാബോതിയിട്ടുണ്ട്.അണ്ടോണ ഉസ്താദിൻ്റെ അടുത്ത് വന്ന് രണ്ടാം തവണ കിതാബോത്ത് നടത്തിയാണ് ഉപരിപഠനാർത്ഥം പട്ടിക്കാട് ജാമിഅയിലേക്ക് പോകുന്നത്.അസുഖം കാരണം പട്ടിക്കാട് നിന്ന് ഫൈസി ബിരുദം പൂർത്തീകരിക്കാൻ സാധിച്ചില്ല. പക്ഷെ,നിരവധി ഫൈസിമാർ ബിരുദം വാങ്ങുന്ന സദസ്സുകളിലെ  പ്രാർത്ഥനകൾക്ക് നേതൃത്വം മഹാനവറുകൾക്ക് സാധിച്ചു.

പട്ടിക്കാട് വെച്ച് ശംസുൽ ഉലമ,കോട്ടുമല അബൂബക്കർ മുസ്ലിയാർ,താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ തുടങ്ങിയ മഹാപടുക്കളായ പണ്ഡിതൻമാരുടെ ശിഷ്യത്വം സ്വീകരിക്കാൻ ഉസ്താദിന് മഹാഭാഗ്യം ലഭിച്ചു.

ജാമിഅയിലെ ഉസ്താദിൻ്റെ ശരീക്കായിരുന്നു സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ.പാണക്കാട് തങ്ങൻമാരുമായി അന്ന് തുടങ്ങിയ ആ ബന്ധം മരിക്കുന്നത് വരെ ഉസ്താദ് കാത്ത്സൂക്ഷിച്ചു.

**********

മഹാൻമാരോടും സയ്യിദൻമാരോടുമുള്ള ബഹുമാനവും അദബുമാണ് ഉസ്താദിൻ്റെ ജീവിത വിജയത്തിൻ്റെ നിദാനം.തിന്മകൾ നിറഞ്ഞ ഇക്കാലത്തും നന്മകൾ മാത്രം ചെയ്യാൻ ഉസ്താദിന് തൗഫീഖുണ്ടായതും ഇക്കാരണം കൊണ്ടാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാറും സി.എം വലിയുള്ളാഹിയും ഉസ്താദിൻ്റെ ആത്മീയ ലോകത്തെ ഗുരുക്കളായിരുന്നു.ആത്മീയ ലോകത്തെ ഉസ്താദിൻ്റെ അവലംഭമായിരുന്നു മമ്പുറം തങ്ങളും സി.എം വലിയുള്ളാഹിയും.അവരുടെ ഖബർ നിരന്തരം സന്ദർശിച്ചിരുന്നു.


പാണക്കാട് തങ്ങൻമാരോടുള്ള അതിര്കവിഞ്ഞ ബഹുമാനമാണ് ഉസ്താദിൻ്റെ ജീവിത വിശുദ്ധിയുടെ കാരണമെന്ന് ഞാൻ കരുതുന്നു.ജാമിഅയിൽ പഠിക്കുന്ന കാലത്ത് തന്നെ ഉമറലി തങ്ങളുടെ കൂടെ പൂക്കോയ തങ്ങളെ കാണാൻ പോയി ദുആ ചെയ്യിപ്പിക്കുമായിരുന്നു.പാണക്കാട്ടെ ചെറിയ കുട്ടികളെ വരെ ഉസ്താദ് ബഹുമാനിച്ചിരുന്നു.തൻ്റെ ആത്മീയ ഗുരുവായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരിൽ നിന്ന് കിട്ടിയതാണ് ഉസ്താദിന് ഈ സ്വഭാവ മഹിമ."പാണക്കാട്ടെ തങ്ങൾ എന്ത് പരിപാടിക്കും എന്നെ കാത്ത് നിൽക്കുന്നു. എനിക്കാണെങ്കിൽ അവരുടെ കാലിനടിയിൽ നിന്ന് വീഴുന്ന മൺതരിയുടെ വില പോലുമില്ലെന്ന്" ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ പറയുമായിരുന്നെന്ന് വാവാട് ഉസ്താദ് പറയുമായാരുന്നു.

തൻ്റെ എന്ത് ആവശ്യങ്ങൾക്കും പാണക്കാട് പോയി കാര്യം ബോധിപ്പിക്കലായിരുന്നു ഉസ്താദിൻ്റെ രീതി.


1960 കളിലെ സമസ്തയുടെ ഒരു മുശാവറ മീറ്റിംഗ്.കേരള മുസ്ലിംകളുടെ അനിഷേധ്യ നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ മുശാവറയിലേക്ക് എടുക്കാനുള്ള ചർച്ച നടക്കുമ്പോൾ മുശാവറയിലുള്ള ഒരു മഹാ പണ്ഡിതൻ പറഞ്ഞുവത്രെ: "മൂപ്പർ രഷ്ട്രീയ നേതാവല്ലേ" ?

പിൽക്കാലത്ത് മറ്റു കാരണങ്ങളാൽ  അവർക്ക്  സമസ്തക്ക് പുറത്ത് പോകേണ്ടി വന്നു.


അല്ലാഹുവിൻ്റെ വലിയ്യായിരുന്ന തൃപ്പനച്ചി ഉസ്താദുമായി ഉസ്താദിന് വലിയ ബന്ധമായിരുന്നു.ഒരിക്കൽ തൃപ്പനച്ചി ഉസ്താദിനെ കാണാൻ പോയപ്പോൾ തന്നെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി ഉപദേശ നിർദേശങ്ങൾ നൽകിയതായി  വാവാട് ഉസ്താദ് പറയുമായിരുന്നു.


സമസ്തയുടെ നെടുംതൂണായിരുന്ന ശൈഖുന ശംസുൽ ഉലമയുമായി ഉസ്താദിന് വലിയ അടുപ്പമായിരുന്നു.പട്ടിക്കാട് ജാമിഅയിൽ തുടങ്ങിയതാണ് ആ ബന്ധം.ഒരു വ്യക്തിയുമായി തൻ്റെ മകളുടെ വിവാഹം നടത്താൻ വാവാട് ഉസ്താദ് തീരുമാനിച്ചു.അതിനുള്ള ഏർപ്പാടുകളും തുടങ്ങിയിരുന്നു.എന്നാൽ, ഒരു രാത്രി ശംസുൽ ഉലമ സ്വപ്നത്തിൽ വന്ന് ആ ബന്ധം വേണ്ടായെന്ന് പറയുകയുണ്ടായി.അതോടെ ഉസ്താദും ആ ബന്ധം വേണ്ടായെന്ന് തീരുമാനിച്ചു.പിൽക്കാല സംഭവങ്ങൾ ആ തീരുമാനം ശരിയായിരുന്നുവെന്ന് തെളിഞ്ഞു.

**********

കേരള മുസ്ലിംകളുടെ പരമോന്നത പണ്ഡിത സഭയായ സമസ്തയുടെ നാൽപതംഗ മുശാവറ (2011 മുതൽ) മെമ്പർ സ്ഥാനം,സമസ്ത കോഴിക്കോട് ജില്ലാ ട്രഷറർ, പന്ത്രണ്ടോളം മഹല്ലിലെ ഖാളി, മടവൂർ സി.എം വലിയുല്ലാഹി യതീംഖാന പ്രസിഡണ്ട്   തുടങ്ങിയ ഉന്നത പദവിയിലെത്തിയപ്പോഴും തൻ്റെ വിനയം കൈവിട്ടില്ല.

സമസ്തയുടെ മുശാവറ മെമ്പറാകാനുള്ള അറിവോ അർഹതയോ തനിക്കില്ലെന്നും വിനയത്തോടെ ഉസ്താദ് പറയുമായിരുന്നു.


കോഴിക്കോട് ജില്ലയിലെ കിഴക്ക് ഭാഗത്താണ് ജീവിച്ചതെങ്കിലും കേരളത്തിൻ്റെ എല്ലാ മുക്ക്മൂലയും തൻ്റെ ഭക്തിനിർഭരമായ പ്രാർത്ഥന കൊണ്ട് ധന്യമാക്കിയാണ് ഉസ്താദ് ഈ ലോകത്തോട് യാത്ര ചോദിച്ചത്.


ആത്മീയ ലോകത്തെ തൻ്റെ ഗുരുവായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ വിടപറഞ്ഞ മാസമായ ദുൽ ഹിജ്ജ മാസത്തിൽ തന്നെ ഉസ്താദും ഈ ലോകത്തോട് യാത്ര ചോദിച്ചത് യാദൃശ്ചികമാകാം.

ഈ ഭൂമിയിൽ 1941-ൽ തുടങ്ങിയ വിജയകരമായ ആ യാത്ര 2021 ൽ അവസാനിച്ചു.

അല്ലാഹു ഉസ്താദിൻ്റെ ദറജ ഉയർത്തട്ടെ .ആമീൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍