വൈജ്ഞാനിക മുന്നേറ്റ ചരിത്രത്തിലെ അതുല്യ ഏടുകളാണ് സർവ്വകലാശാലകളുടെ ചരിത്രം. ഇന്ന് ലോകത്ത് കാണുന്ന ആധുനിക സർവ്വകലാശാലകളുടെ തുടക്കം ഒരു മുസ്ലിം സ്ത്രീയുടെ ചിന്തകളിൽ നിന്നാണെന്ന് കേൾക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഈ പ്രസ്താവന ശരിയാണെന്ന് വരും. പടിഞ്ഞാറൻ ആഫ്രിക്കയിലെ ടുണീഷ്യയിൽ ജനിച്ച ഫാത്തിമ അൽ ഫിഹ്‌രിയാണ് ഈഅത്ഭുതപ്രതിഭ. ഖറവിയ്യീൻ യൂനിവേഴ്സിറ്റിയുടെ സ്ഥാപിക.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മൊറോക്കോയിലെ ഫെസിൽ ഖറവിയ്യീൻ യൂനിവേഴ്സിറ്റി സ്ഥാപിക്കുകയുണ്ടായി ഫാത്തിമ അൽ ഫിഹ്‌രി. ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏറ്റവും പുരാതന സർവ്വകലാശാലയാണ് ഖറവിയ്യീൻ സർവ്വകലാശാല.
ഫാത്തിമ അൽ ഫിഹ്‌രിയുടെ തുടക്ക കാലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും സ്ത്രീ വിദ്യാഭ്യാസത്തെ നന്നായി പ്രോത്സാഹിപ്പിച്ച ഒരു സമ്പന്ന കച്ചവടം മുസ്ലിം കുടുംബത്തിൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഫിഹ്‌രിയുടെ ഓമന പുത്രയായിട്ടാണ് ഫാത്തിമ പിറന്നുവീണത്. ഫാത്തിമയും അവരുടെ സഹോദരി മർയവമും വിദ്യാസമ്പന്നരായിരുന്നു. ഭൗതിക വിദ്യാഭ്യാസവും മത വിദ്യാഭ്യാസവും നുകരാൻ അവർക്ക് സാധിച്ചു.
ഒമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഫിഹ്‌രി കുടുംബം ടുണീഷ്യയിൽ നിന്ന് അക്കാലത്തെ മെട്രോപൊളിറ്റൻ പട്ടണമായ മൊറോക്കോയിലെ ഫെസ്സിലേക്ക് കുടിയേറുകയുണ്ടായി. പിതാവിൻ്റെ മരണശേഷം പിതാവിൻ്റെ സമ്പത്ത് മുഴുവൻ ഫാത്തിമയുടെയും മറിയമിൻ്റെയും പേരിലായി. തങ്ങളുടെ സമുദായത്തിന് ഉപകരിക്കുന്ന രീതിയിൽ ഈ സമ്പത്ത് ഉപയോഗിക്കാൻ മറിയമിൻ്റെ നിർദ്ദേശപ്രകാരം ഫാത്തിമ തീരുമാനിക്കുകയായിരുന്നു. ഫെസിലെ മറ്റൊരു പള്ളിയായ അൽ അൻദുലുസ് മോസ്ക്കിൻ്റെ നിർമ്മാണ ചെലവ് വഹിച്ചത് മർയമായിരുന്നു.
ഖറവിയ്യീൻ സർവകലാശാല
ഉന്നതപഠനത്തിന് ഫെസിൽ ഒരു കേന്ദ്രം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ ഫിഹ്രി 859 AC-ൽ തൻ്റെ കുട്ടിക്കാലത്തെ ഓർമകൾ ഉറങ്ങുന്ന,താൻ ജനിച്ച് വളർന്ന ഖൈറുവാൻ പട്ടണത്തിൻ്റെ സ്മരണക്കായി ഖറവിയ്യീൻ യൂണിവേഴ്സിറ്റിയും അതിൻ്റെ കൂടെ ഒരു പള്ളിയും സ്ഥാപിക്കുകയുണ്ടായി. ആ വർഷത്തെ റമളാൻ മാസത്തിലാണ് ഫാത്തിമ സർവകലാശാലയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. നിസ്ക്കാര ഹാൾ, ലൈബ്രറി,ക്ലാസ് റൂമുകൾ, നടുമുറ്റം തുടങ്ങിയ ബിൽഡിംഗുകൾ അടങ്ങിയതായിരുന്നു ഈ സർവ്വകലാശാല.
തുടക്കകാലത്ത് മതവിദ്യാഭ്യാസവും ഖുർആൻ പഠനവുമായിരുന്നു സിലബസ്. പിന്നീട് അറബിക് ഗ്രാമർ,മാക്സ്, മ്യൂസിക്, മെഡിസിൻ ജ്യോതിശാസ്ത്രം തുടങ്ങിയ കോഴ്സുകളും ആരംഭിച്ചു. ഈ കോഴ്സുകളിലെക്കെ ഡിഗ്രി എടുത്ത് പുറത്തിറങ്ങുന്നതായിരുന്നു ഇവിടുത്തെ സിസ്റ്റം.
ഖറവിയ്യീൻ സർവ്വകലാശാലയുടെ കേളി ലോകത്തിൻ്റെ നാനാഭാഗത്തേക്കും ദ്രുതഗതിയിൽ പരക്കുകയുണ്ടായി. ലോകത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്ന് പണ്ഡിതരും ബുദ്ധിജീവികളും ഖൈറുവാനിലേക്ക് ഒഴുകുകയുണ്ടായി. ഫാത്തിമയും അവിടെ അധ്യാപനം നടത്തിയിരുന്നു.
ഫിഹ്‌രിയുടെ പുതിയ പാഠ്യപദ്ധതി ലോകത്തിനുതന്നെ മാതൃകയായിരുന്നു. ഉന്നത വിദ്യാഭ്യാസ പഠനകേന്ദ്രമെന്ന ഫിഹ്‌രിയുടെ ഈ നവചിന്ത ലോകത്തുടനീളം വ്യാപിച്ചു. മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയടക്കം (1096 AC) സർവ്വകലാശാലകളുടെ മാതൃക ഖറവിയ്യീൻ സർവകലാശാലയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ഫാത്തിമ തുടക്കം കുറിച്ച ഈ സർവകലാശാല ഇന്നും നിലനിൽക്കുന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തിയേക്കാം.
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയാണ് ഖറവിയ്യീൻ യൂനിവേഴ്സിറ്റിയുടെ സുവർണ്ണ കാലഘട്ടം. വിദ്യയെയും കലയെയും അതിയായി സ്നേഹിച്ച മുവഹിദുകളും മെറിനുകളുമായിരുന്നു ആ കാലഘട്ടത്തിലെ ഭരണകർത്താക്കൾ. യൂറോപ്പിൽനിന്നും അറേബ്യൻ രാജ്യങ്ങളിൽ നിന്നും ആ കാലഘട്ടത്തിൽ വിദ്യാർഥികളും പണ്ഡിതരും ഫെസിലേക്ക് ഒഴുകുകയുണ്ടായി. യൂറോപ്പിൻ്റെയും ഇസ്‌ലാമിക ലോകത്തിൻ്റെയും ഇടയിലെ മധ്യവർത്തിയായിരുന്നു നൂറ്റാണ്ടുകളോളം ഈ സർവകലാശാല. ക്രിസ്ത്യാനികളുടെ പരമോന്നത നേതാവായിരുന്ന പോപ്പ് സിൽവസ്റ്റർ രണ്ടാമൻ സർവ്വകലാശാലയുടെ സൃഷ്ടിയായിരുന്നു.
ഭൂമിശാസ്ത്രത്തിൻ്റെ പുരോഗതിയിൽ വിപ്ലവകരമായ മുന്നേറ്റമായിരുന്നു അൽ ഇദ്രീസിയുടെ ഭൂപടം. അൽ ഇദ്രീസി കുറേ കാലം ഫെസിൽ ജീവിച്ചിരുന്നുവെന്നും ഖൈറവിയ്യീനിൽ പഠിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
വിഖ്യാത തത്ത്വചിന്തകനായിരുന്ന ഇബ്നു റുഷ്ദ്, ചരിത്രകാരനും നിരവധി വിജ്ഞാന ശാഖകളുടെ പിതാവുമായിരുന്ന ഇബ്നുഖൽദൂൻ തുടങ്ങിയ അതുല്യ പ്രതിഭകൾ ഇവിടെ പഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ലൈബ്രറിയിൽ കൈയെഴുത്തുപ്രതികൾ സൂക്ഷിച്ചുവയ്ക്കാൻ പ്രത്യേകം ഒരു മുറി തന്നെ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. കർശന നിയന്ത്രണം ഏർപ്പെടുത്തിയ പുതിയ മുറി.നാലായിരത്തോളം കൈയ്യെഴുത്തുപ്രതികൾ അവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ലഭ്യമായ ആദ്യ സീറയായ ഇബിനു ഇസ്ഹാഖിൻ്റെ സീറ, ഇമാം മാലിക്ക് (റ)ൻ്റെ മുവത്വ, പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതിയ മാർക്കിൻ്റെ സുവിശേഷം, ഒമ്പതാം നൂറ്റാണ്ടിൽ ഒട്ടകത്തിൻ്റെ തോലിൽ കൂഫി ലിപിയിൽ എഴുതി സുൽത്താൻ അഹമ്മദ് മൻസൂർ സംഭാവന നൽകിയ വിശുദ്ധ ഖുർആൻ, ഇബ്നു ഖൽദൂൻ്റെ വിഖ്യാത ഗ്രന്ഥമായ മുഖദ്ദിമയുടെ ഒറിജിനൽ കൈയ്യെഴുത്തുപ്രതി, മെഡിസിനെക്കുറിച്ചുള്ള ഇബ്നു തുഫൈലിൻ്റെ ലേഖനങ്ങൾ, ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഫാറാബിയുടെ ലേഖനങ്ങൾ തുടങ്ങി നിരവധി കൈയെഴുത്തുപ്രതികൾ ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
22000 ആളുകൾ ഉൾക്കൊള്ളാൻ പറ്റുന്ന ഖറവിയ്യീൻ പള്ളി ഇന്നും ആഫ്രിക്കയിലെ വലിയ പള്ളികളിൽ ഒന്നാണ്.
2017 മുതൽ ടുണീഷ്യൻ ഗവൺമെൻ്റ് സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ ഉയർച്ചക്ക് പ്രവർത്തിക്കുന്ന വനിതകൾക്ക് ഫാത്തിമ ഫിഹ്‌രിയുടെ പേരിൽ അവാർഡുകൾ നൽകിപ്പോരുന്നുണ്ട്.
0 അഭിപ്രായങ്ങള്‍