ഇബ്നു ഹൈസം: ആധുനിക പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്

 ഏകദേശം AC 1011-1027 വർഷങ്ങൾക്കിടയിലാണ് ഇബ്‌നു ഹൈസം തന്റെ ഏറ്റവും പ്രശസ്തമായ കിതാബ് അൽ-മനാളിർ അല്ലെങ്കിൽ ബുക്ക് ഓഫ് ഒപ്റ്റിക്‌സ് പുസ്തകം രചിച്ചത്.ഈ പുസ്തകം വെളിച്ചത്തെയും കാഴ്ചയെയും കുറിച്ചുള്ള ധാരണയെ അടിമുടി മാറ്റിമറിച്ചു.


ഒരു വസ്തുവിൽ നിന്ന് പ്രകാശം പ്രതിഫലിക്കുകയും പിന്നീട് ഒരാളുടെ കണ്ണുകളിലേക്ക് കടക്കുമ്പോഴാണ് കാഴ്ച

സംഭവിക്കുന്നതെന്ന് ഇബ്നു ഹൈസം വിശദീകരിച്ചു. ഇബ്‌നു ഹൈസം കണ്ണുകളുടെ നിർമ്മിതിയെ കുറിച്ച് പഠിക്കുകയും കണ്ണിന്റെ പ്രധാന ഭാഗങ്ങൾക്ക് പേരിടുകയും ചെയ്തു. ഹ്യൂമൻ ഒപ്റ്റിക്കൽ സിസ്റ്റത്തിന്റെ ഒരു രേഖാചിത്രവും അദ്ദേഹം വരക്കുകയുണ്ടായി.


ലാറ്റിൻ ഭാഷയിൽ  "ക്യാമറ ഒബ്‌സ്‌ക്യൂറ" എന്ന് വിളിക്കുന്ന "അൽ-ബൈത്തുൽ മുള്ലിം" എന്ന് (അറബിയിൽ) വിളിക്കുന്ന 'ഇരുണ്ട അറ'  ഉപയോഗിച്ച് പ്രകാശത്തിന്റെയും കാഴ്ചയുടെയും അടിസ്ഥാന നിയമങ്ങൾ വിശദീകരിച്ചതിന്റെ ബഹുമതി ഇബ്‌നു അൽ-ഹൈതമിനുള്ളതാണ്. ഇതാണ് ആധുനിക ഫോട്ടോഗ്രാഫിയുടെ/ക്യാമറയുടെ അടിസ്ഥാനമായ നിയമങ്ങൾ.


ഇബ്‌നു ഹൈസം പ്രകാശം ചലിക്കുന്നതെങ്ങനെയെന്ന് പഠിക്കുകയും ലെൻസുകളും കണ്ണാടികളും ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്തു. പ്രകാശം വ്യത്യസ്‌ത വസ്തുക്കളിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനത്തെക്കുറിച്ചും അപവർത്തനത്തെക്കുറിച്ചും പഠിച്ചു.


ഇബ്‌നു ഹൈസം മികച്ച രചയിതാവുകൂടിയായിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിൽ 200-ലധികം കൃതികൾ അദ്ദേഹം എഴുതി. അതിൽ അദ്ദേഹത്തിന്റെ 96 ശാസ്ത്രീയ കൃതികളെങ്കിലും അറിയപ്പെടുന്നുണ്ട്.അവയിൽ ഏകദേശം 50 എണ്ണം ഇന്നുവരെ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ അവശേഷിക്കുന്ന കൃതികളിൽ പകുതിയോളം ഗണിതശാസ്ത്രത്തിലും, 23 എണ്ണം ജ്യോതിശാസ്ത്രത്തിലും, 14 എണ്ണം ഒപ്റ്റിക്സിലും, ചിലത് ശാസ്ത്രത്തിന്റെ മറ്റ് മേഖലകളിലുമാണ്.


ഇന്റർനാഷണൽ ഇയർ ഓഫ് ലൈറ്റ് 2015-ൽ കിതാബ് അൽ മനാളിർ പ്രസിദ്ധീകരിച്ചതിന്റെ 1000-ാം വാർഷികം ആഘോഷിക്കുകയുണ്ടായി. 11-ാം നൂറ്റാണ്ടിൽ പരീക്ഷണാത്മക ശാസ്ത്രത്തിൽ അദ്ദേഹം പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയുണ്ടായി. പ്രകാശത്തിന്റെയും ദർശനത്തിന്റെയും ശാസ്ത്രത്തിന് അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പ്രതിഫലമായി ശാസ്ത്രലോകം ഇബ്‌നു ഹൈസമിനെ ആധുനിക ഒപ്‌റ്റിക്‌സിന്റെ പിതാവായി വിശേഷിപ്പിക്കുന്നു.


പ്രശസ്ത മുസ്ലീം സംഗീതജ്ഞൻ സാമി യൂസഫ് 1001 കണ്ടുപിടുത്തങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി "ഷൈൻ" എന്ന ഒരു മ്യൂസിക് വീഡിയോ ഇബ്‌നു ഹൈസമിന്റെ ഓർമകൾക്കായി സമർപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍