സൈനബ് മുഹമ്മദ് : മിനസോട്ട സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിത

 മിനസോട്ട സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയായി സൈനബ് മുഹമ്മദ്


അമേരിക്കൻ സംസ്ഥാനമായ മിനസോട്ടയിലെ തെരഞ്ഞെടുപ്പ് ഫലം പുതു ചരിത്രം രചിക്കുകയുണ്ടായി. ചരിത്രത്തിലാദ്യമായി സംസ്ഥാന സെനറ്റിലേക്ക് മൂന്ന് കറുത്തവർഗ്ഗക്കാരായ സ്ത്രീകളെയാണ്  വോട്ടർമാർ വിജയിപ്പിച്ചത്. അവരിൽ ഒരാൾ മിനസോട്ട സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് 25 വയസ്സ് മാത്രം പ്രായമുള്ള സോമാലിയൻ വംശജയും  ഡെമോക്രാറ്റിക്ക് പാർട്ടി അംഗവുമായ  സൈനബ് മുഹമ്മദ്. 164 വർഷത്തെ മിനിസോട്ടയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കറുത്ത വർഗക്കാരായ സ്ത്രീകൾ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.




മിനിയാപൊളിസ് നിവാസിയും മുൻ നയ സഹായിയുമായ സൈനബിന് 86 ശതമാനം വോട്ട് ലഭിച്ചു.തെക്കൻ മിനിയാപൊളിസ്, റിച്ച്ഫീൽഡ്, ഫോർട്ട് സ്നെല്ലിംഗ് എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന സെനറ്റ് ഡിസ്ട്രിക്റ്റ് 63 ലാണ് അവർ വിജയിച്ചത്.


“സൗത്ത് മിനിയാപൊളിസിലെ ജനങ്ങൾ അവരുടെ അടുത്ത സംസ്ഥാന സെനറ്ററായി പ്രവർത്തിക്കാൻ എന്നിൽ വിശ്വാസം അർപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.” 


“ഈ ചരിത്രപരമായ രാത്രി സാധ്യമാക്കിയ എന്റെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പ്രചാരണ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരോടും ഈ കാമ്പെയ്‌നിലുടനീളം അവർ എന്നിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിനും ഞാൻ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. പല പ്രധാനപ്പെട്ട പദ്ധതികളും എൻ്റെ മുന്നിലുണ്ട്.  മിനസോട്ടയിലെ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ആദ്യ പരിഗണനയിലുള്ളത്."


സൊമാലിയയിൽ ജനിച്ച്  തെക്കൻ മിനിയാപൊളിസിലാണ് വളർന്ന സൈനബ്  2019 ലാണ് മിനസോട്ട സർവകലാശാലയിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയത്.


സൈനബ് മുമ്പ് മിനിയാപൊളിസ് സിറ്റി കൗൺസിൽ അംഗം ജേസൺ ഷാവേസിന്റെ നയ സഹായിയായി പ്രവർത്തിച്ചിരുന്നു. കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ മിനസോട്ട ചാപ്റ്ററിന്റെ കമ്മ്യൂണിറ്റി അഡ്വക്കസി മാനേജരായും അവർ സേവനമനുഷ്ഠിച്ചിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍