ഖുർആനിലെ ആയത്തുകളുടെ എണ്ണവും അഭിപ്രായവ്യത്യാസവും

ഖുർആനിലെ ആയത്തുകളുടെ എണ്ണവും അഭിപ്രായവ്യത്യാസവും നമ്മുടെ നാടുകളിൽ സാധാരണയായി പറയാറുണ്ട്; ഖുർആനിലെ ആയത്തുകളുടെ എണ്ണം 6666 ആണെന്ന്. എന്നാൽ മലയാള പുസ്തകങ്ങളിലും മറ്റും ഖുർആനിലെ ആയത്തുകളുടെ എണ്ണം 6236 ആണ് എന്നും 6666 തെറ്റാണെന്നും പലരും പറയാറുമുണ്ട്. എന്താണ് വസ്തുത എന്ന് നമുക്ക് ചർച്ച ചെയ്യാം. ഖുർആനിലെ ആയത്തുകളുടെ എണ്ണം 6000 ആണ് എന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായമാണ്. 6000ത്തിനു മുകളിൽ എത്രയാണെന്ന് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇങ്ങനെ അഭിപ്രായവ്യത്യാസം വരാനുള്ള കാരണം, നബി തങ്ങൾ എവിടെ വഖ്ഫ് ചെയ്തു എന്നുള്ള വിഷയത്തിൽ സ്വഹാബാക്കളിൽ പലരും പല അഭിപ്രായങ്ങൾ പറഞ്ഞു എന്ന കാരണത്താലാണ്. നമ്മുടെ നാടുകളിൽ കാണപ്പെടുന്ന മുസ്ഹഫ് കൂഫക്കാരുടെ എണ്ണം അനുസരിച്ചുള്ള ഖുർആനാണ്. അത് പ്രകാരം ഖുർആനിൽ ഉള്ളത് 6236 ആയത്തുകളാണ്. ഖുർആനിൽ 6666 ആയത്തുകളാണ് എന്ന് അഭിപ്രായം പല പണ്ഡിതരും പല കിതാബുകളിലും പറഞ്ഞിട്ടുണ്ട്. അത് പ്രകാരമാണ് നമ്മുടെ നാടുകളിൽ സാധാരണ ജനങ്ങൾ ഖുർആനിലെ ആയത്തുകളുടെ എണ്ണം 6666 ആണ് എന്ന് പറയുന്നത്. നമ്മുടെ ദർസുകളിലും അറബി കോളേജുകളിലും വിദ്യാർത്ഥികൾ പഠിക്കുന്ന തഫ്സീറുൽ ജലാലൈനിയുടെ ശറഹ് ആയ ഹാശിയത്തുസ്സാവിയിൽ ഖുർആനിലെ ആയത്തുകളുടെ എണ്ണം 6666 ആയിട്ടാണ് എണ്ണുന്നത്. ചുരുക്കത്തിൽ, ആറായിരം ആയത്തുകൾ ആണ് ഖുർആനിൽ ഉള്ളത് എന്ന് വിഷയത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് .6666 തെറ്റാണെന്നോ 6236 മാത്രമാണ് ശരിയെന്നോ നമ്മൾ പറയേണ്ടതില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍