സൈദ് ബിൻ ഹാരിസ: പ്രവാചകൻ്റെ ഇഷ്ടതോഴൻ

സെയ്ദുബ്നു ഹാരിസ റളിയല്ലാഹു അൻഹു ഖുർആനിൽ പേര് പറയപ്പെട്ട ഏക സ്വഹാബി, അല്ലാഹുവിൻറെ പ്രവാചകൻറെ പ്രിയപ്പെട്ടവനായിരുന്നു, മോചിതരായ അടിമകളിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് ഞാനാണ്, പ്രവാചകൻ തൻ്റെ ജീവിതകാലത്ത് തന്നെ രണ്ടുതവണ മദീനയുടെ ഭരണാധികാരിയായി എന്നെ നിയമിച്ചു ! ഇസ്‌ലാം ആശ്ലേഷിച്ച ആദ്യകാല സ്വഹാബിയായ സൈദ് ഇബ്‌നു ഹാരിസ ഇബ്‌നു ശറാഹീൽ ൽ ഇബ്ൻ കഅബ് അല്ലാഹുവിൻ്റെ ദൂതനെക്കാൾ പത്തു വയസ്സിന് ഇളയവരായിരുന്നു. ബനൂ ഖുളാഅ ഗോത്രത്തിൽ പിറന്ന സൈദിനെ എട്ട് വയസ്സുള്ളപ്പോൾ ഒരു യാത്രയ്ക്കിടെ തൻ്റെ ഉമ്മയിൽ നിന്ന് കൊള്ളസംഘം തട്ടിക്കൊണ്ടുപോയി. പ്രശസ്തമായ ഉക്കാള് ചന്തയിൽ സൈദിനെ വിൽക്കുകയുണ്ടായി. ഉക്കാള് ചന്തയിൽ നിന്ന് ഹക്കീം ഇബ്നു ഹിസാം വാങ്ങുകയും തൻറെ അമ്മായിയായ ഖദീജ ബിൻത് ഖുവൈലിദിന് സമ്മാനമായി നൽകുകയും ചെയ്തു. ഖദീജ ബീവി സൈദിനെ പ്രവാചകന് സമ്മാനിച്ചു. സൈദിനെ പ്രവാചകന്‍ അതിരറ്റ് സ്നേഹിക്കുകയും അവരെ മോചിതനാക്കി ജനങ്ങളുടെ മുന്നിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ മക്കക്കാർക്കിടയിൽ സൈദ് ബിൻ മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുകയുണ്ടായി ! പ്രവാചകന്‍ സെയ്ദിനെ തന്റെ പോറ്റുമ്മയായ ഉമ്മു അയ്മനുമായി വിവാഹം നടത്തുകയുണ്ടായി.അവരിലാണ് ഉസാമ ഇബ്നു സൈദ് എന്ന മകൻ പിറന്നത്. പിന്നീട് പ്രവാചകന്‍ സെയ്ദിനെ ദത്തെടുത്തപ്പോൾ തന്നെ ബന്ധുവായ സൈനബ ബിൻത് ജഹ്ശുമായി കല്യാണം നടത്തുകയുണ്ടായി. ആ ബന്ധം കൂടുതൽ നീണ്ടുനിന്നില്ല,അവർ തമ്മിൽ വിവാഹമോചനം നടത്തുകയും ഉമ്മുകുൽസും ബിൻത് ഉഖ്ബയെ വിവാഹം ചെയ്യുകയും ചെയ്തു. ആ വിവാഹത്തിൽ സൈദ് ,റുഖിയ എന്ന് രണ്ട് സന്താനങ്ങൾ പിറവിയെടുക്കുകയുണ്ടായി. പിന്നീട് ഹിൻദ് ബിൻത് അവ്വാമിനെയും വിവാഹം ചെയ്യുകയുണ്ടായി. അല്ലാഹുവിൻ്റെ റസൂൽ ഒരു പ്രവാചകനായി നിയോഗിക്കപ്പെടുകയും ദത്തെടുക്കലിനെ നിരോധിക്കുന്ന സൂക്തം അവതരിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, സൈദ് വീണ്ടും തൻ്റെ പിതാവിൻ്റെ പേരിൽ അറിയപ്പെട്ട്, സൈദ് ഇബ്നു ഹാരിസയായി. സൈദ് ഒരു വിദഗ്ദ്ധനായ അമ്പെയ്ത്തുകാരനും വിശിഷ്ട സൈനിക മേധാവിയുമായിരുന്നു. നിരവധി സൈനിക പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ റസൂൽ ﷺ അദ്ദേഹത്തെ നിയോഗിച്ചു. ബദ്ർ, ഉഹ്ദ്, ഖൻദഖ് , ഹുദൈബിയ ഉടമ്പടി, ഖൈബർ എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. മുഅ്ത യുദ്ധത്തിൽ ആദ്യമായി നിയോഗിക്കപ്പെട്ട സൈന്യാധിപൻ കൂടിയായിരുന്നു സൈദ്! ഹിജ്‌റ എട്ടാം വർഷം മുഅ്ത യുദ്ധത്തിൽ സൈദ് മുസ്‌ലിം സൈന്യത്തെ നയിക്കുകയുണ്ടായി. മുസ്‌ലിംകളും ബൈസൻ്റൈൻ ഗസാനിദ് സൈന്യവും തമ്മിൽ കടുത്ത യുദ്ധം നടന്നു. അള്ളാഹുവിനോടും അവൻ്റെ റസൂലിനോടുമുള്ള സ്‌നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും നീണ്ട യാത്രയ്‌ക്ക് ശേഷം ആ യുദ്ധത്തിൽ സൈദ് രക്തസാക്ഷിയായി! സൈദും തൻ്റെ സഹ കമാൻഡർമാരുടെയും രക്തസാക്ഷിത്വ വാർത്ത മുസ്‌ലിംകൾക്ക് കൈമാറുമ്പോൾ അല്ലാഹുവിൻ്റെ ദൂതർ കരയുകയായിരുന്നു.തുടർന്ന് പ്രവാചകൻ സൈദിൻ്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. റസൂൽ (ﷺ) കരയുന്നത്കണ്ടപ്പോൾ ആരോ ചോദിച്ചു, "ഇതെന്താണ്, അല്ലാഹുവിൻ്റെ ദൂതരേ?" അവിടുന്ന് മറുപടി പറഞ്ഞു, "ഇത് പ്രിയപ്പെട്ടവൻ്റെ പ്രിയപ്പെട്ടവനോടുള്ള ഇഷ്ടമാണ്!"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍