ദുർറ ബിൻത് അബി ലഹബിൻ്റെ കഥ
അബു ലഹബിൻ്റെയും ഹർബ് ഇബ്നു ഉമയ്യയുടെ മകളായ ഉമ്മു ജമീലിൻ്റെയും മകളായിരുന്നു ദുർറ(റ). ഇരുവരും ഇസ്ലാമിൻ്റെയും പ്രവാചകൻ്റെയും കൊടിയ ശത്രുക്കൾ.അവളുടെ സഹോദരന്മാരായ ഉത്ബയും ഉതൈബയും തഥൈവ. അവരുടെ ഇടയിൽ ജീവിച്ചിരിക്കെ ദുർറ ഇസ്ലാം പുൽകയുണ്ടായി.
ഫിർഔനിൻ്റെ കൊട്ടാരത്തിൽ ജീവിച്ചിരിക്കെ ആസിയ ബീവിയും മൂസാ നബിയും അല്ലാഹുവിൽ വിശ്വസിച്ചു.
നൂഹ് നബിയുടെയും ലൂത്വ് നബിയുടെയും ഭാര്യമാർ ഇസ്ലാമിനെ നിഷേധിക്കുകയുണ്ടായി.
ദുർറയുടെ പേര് കേൾക്കുമ്പോൾ 1400 വർഷങ്ങൾക്കിപ്പുറവും നമ്മൾ തർളിയത്ത് ചൊല്ലുന്നു. അവരെ ഓർക്കുന്നു. അതിനെല്ലാം കാരണം എല്ലാം ത്യജിച്ച് എല്ലാം സഹിച്ച് അവർ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചു.
കുലീനയും ഹാശിമിയായ ദുർറ (റ) അബു ലഹബിൻ്റെയും ഉമ്മു ജമീലിൻ്റെയും മകളായിരുന്നു. പ്രവാചകരെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ചവർ.
എന്നിട്ടും അവൾ ഇസ്ലാം മതം സ്വീകരിക്കുകയും മാതാപിതാക്കളിൽ നിന്ന് മാറി അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കും നടത്തിയ സഞ്ചാരം പ്രശംസക്ക് കാരണമായി. ദുർറ (റ) ഇസ്‌ലാമിന് വേണ്ടി അവളുടെ കുടുംബത്തെയും പരിസ്ഥിതിയെയും വെല്ലുവിളിച്ചു, ഏകദൈവ വിശ്വാസത്തിൻ്റെ വാക്കുകൾ പരസ്യമായി പ്രഖ്യാപിച്ചു. അവൾ ആത്മാർത്ഥമായി ഇസ്ലാം ആശ്ലേഷിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്തു
ഇസ്ലാം ആശ്ലേഷിച്ചതിനു ശേഷം ദുർറ ദിഹ് യത്തുൽ ഖൽബിയുമായി വിവാഹാഭ്യർത്ഥന നടത്തുകയും വിവാഹിതരാവുകയും ചെയ്തു. ഇസ്ലാമിനു മുമ്പ് ദുർറ ഹാരിസുബിന് നൗഫൽ ഇബിനു അബ്ദുൽ മുത്തലിബിനെ വിവാഹം കഴിച്ചിരുന്നു. ആ വിവാഹത്തിൽ മൂന്നു മക്കൾ പിറന്നു: ഉഖ്ബ, വലീദ്, അബൂ മുസ്ലിം. ഖേദകരമെന്ന് പറയട്ടെ,ബദർ യുദ്ധത്തിൽ ഹാരിസ് മുസ്ലിങ്ങൾക്കെതിരായ യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു. ഹാരിസിനുപകരം അസാമാന്യ സൗന്ദര്യത്തിന് പേരുകേട്ട ശ്രേഷ്ഠ സഹചാരി ദിഹ് യത്തുൽ കൽബിയെ അല്ലാഹു ദുർറക്ക് നൽകി.
ബനൂ റുസൈഖ് ഗോത്രത്തിൽ നിന്നുള്ള ചില സ്ത്രീകൾ ദുർറയോട് ഒരിക്കൽ പറഞ്ഞു;
"നീ അബൂലഹബിൻ്റെ മകളല്ലയോ?, അവനെക്കുറിച്ച് അല്ലാഹു എന്താണ് പറഞ്ഞത് നിനക്കറിയില്ലേ: 'അബൂലഹബിൻ്റെ കൈകൾ നശിക്കട്ടെ, അവൻ നശിച്ചിരിക്കുന്നു.'
നിങ്ങളുടെ പലായനം കൊണ്ട് പിന്നെന്ത് പ്രയോജനം?"
ദുർറ നബി(സ)യുടെ അടുത്ത് ചെന്ന് തന്നോട് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. നബി ﷺ അവളോട് പറഞ്ഞു: നീ സമാധാനത്തോടെ ഇവിടെ ഇരിക്കൂ. തുടർന്ന്, ദുഹ്ർ നമസ്‌കാരത്തിന് നേതൃത്വം നൽകിയ ശേഷം, ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് പ്രവാചകൻ ഒരു നിമിഷം പ്രസംഗ പീഠത്തിൽ ഇരുന്നു,
"അല്ലയോ ജനങ്ങളേ, എൻ്റെ വംശപരമ്പരയിൽപ്പെട്ടവരെയും എൻ്റെ അടുത്ത ബന്ധുക്കളെയും വേദനിപ്പിക്കുന്ന സംസാരം ചിലർ പറഞ്ഞിട്ടുണ്ട്.
ആരായാലും ശ്രദ്ധിക്കുക.
എൻ്റെ വംശത്തെയും എൻ്റെ ബന്ധുക്കളെയും ദ്രോഹിച്ചവർ എന്നെ ദ്രോഹിച്ചിരിക്കുന്നു. എന്നെ ഉപദ്രവിക്കുന്നവർ അല്ലാഹുവിനെ ദ്രോഹിച്ചിരിക്കുന്നു."
തുടർന്ന് പ്രവാചകർ കൂട്ടിച്ചേർത്തു, "മരിച്ചവരുടെ പ്രവൃത്തികൾക്ക് ജീവിച്ചിരിക്കുന്നവരെ കുറ്റപ്പെടുത്തരുത്."
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ)യുമായുള്ള ദുർറയുടെ ബന്ധം ദൃഢമായിരുന്നു, വിജ്ഞാനവും നിയമശാസ്ത്രവും പഠിക്കാൻ അവൾ പതിവായി ആഇശാ ബീവിയെ സന്ദർശിക്കുമായിരുന്നു.
ഹിജ്റ 20-ൽ ഉമർ ഇബ്നുൽ ഖത്താബിൻ്റെ (റ) ഖിലാഫത്ത് കാലത്ത് ദുർറ (റ) വഫാത്തായി.
അവരുടെ പൂർവ്വികരെ അന്ധമായി പിന്തുടരാതെ, സത്യം തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമുള്ള മനുഷ്യൻ്റെ കഴിവിൻ്റെ ജീവിക്കുന്ന ഉദാഹരണമായി അവളുടെ ജീവിതം ഇന്നും നമുക്ക് മാതൃകയാണ്. അത് ഇസ്ലാമിൻ്റെ നീതിയുടെയും വ്യക്തിഗത ഉത്തരവാദിത്വത്തിൻ്റെയും നേർ സാക്ഷ്യമായി നിലകൊള്ളുന്നു.
ഒരു വ്യക്തി സ്വന്തം കർമ്മങ്ങൾക്ക് മാത്രമാണ്ഉത്തരവാദി,മാതാപിതാക്കളുടേയോ സഹോദരങ്ങളുടെയോ മറ്റാരുടെയും പ്രവൃത്തികൾക്കല്ല.

0 അഭിപ്രായങ്ങള്‍