ചരിത്ര സഞ്ചാരത്തിലെ മദ്ഹബിൻ്റെ ഇമാമുമാരുടെ സമാഗമങ്ങൾ

ചരിത്ര സഞ്ചാരത്തിലെ നാലു ഇമാമുമാരുടെ അനിവാര്യമായ സമാഗമങ്ങൾ പ്രവാചകൻ വിട പറഞ്ഞ് അവിടുത്തെ അനുചരന്മാർ ഈ ഭൂമുഖത്ത് വിടപറയും മുമ്പ് ഇസ്ലാമിക ശരീഅത്തിനെ സംരക്ഷിക്കാൻ അല്ലാഹു കിടയറ്റ പണ്ഡിതന്മാരെ ഈ ലോകത്തേക്ക് നിയോഗിക്കുകയുണ്ടായി. അല്ലാഹു ഈ മതത്തെ ഈ ലോകത്ത് സംരക്ഷിച്ചു നിർത്തിയത് പ്രധാനമായും നാല് ഇമാമുമാരിലൂടെയാണ്. "അൽ അഇമ്മത്തുൽ അർബഅ" എന്നാണ് അവരെ ചരിത്രം രേഖപ്പെടുത്തിയത്. ചരിത്ര സഞ്ചാരത്തിലെ ഈ നാല് ഇമാമുമാരുടെ അനിവാര്യമായ, ഏറെ ആശ്ചര്യം നിറഞ്ഞ സമാഗമങ്ങളെക്കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. സ്വഹാബികളുടെ തലമുറ അവസാനിക്കുന്നതിന് മുമ്പ് ഹിജ്റ 80 ൽ, ഇമാം അബു ഹനീഫ എന്ന പേരിൽ കേളികേട്ട നുഅമാൻ ബിൻ സാബിത്ത് (റ) കൂഫ നഗരത്തിൽ ജനിച്ചു. ഹിജ്റ 93-ൽ അദ്ദേഹത്തിന് 13 വയസ്സായപ്പോൾ മദീനയിൽ ഇമാം മാലിക് ഇബ്നു അനസും ജനിച്ചു. ഹിജ്റ 118-ൽ ഇമാം മാലിക് ഇബ്‌നു അനസ് തനിക്ക് 25 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ മദീനയിൽ ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങി. അന്ന് ഇമാം അബു ഹനീഫക്ക് 38 വയസ്സായിരുന്നുവെങ്കിലും ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങിയിരുന്നില്ല. ഹിജ്റ 120-ൽ, ഇമാം അബു ഹനീഫ 40-ആം വയസ്സിൽ കൂഫയിൽ ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങി, ജനന തിയതി പ്രകാരം നാല് ഇമാമുകളിൽ ഒന്നാമൻ അബൂ ഹനീഫ ഇമാമാണെങ്കിലും , ഇമാം മാലിക് ആണ് ആദ്യമായി ഒരു ചിന്താധാര സ്ഥാപിച്ചത്. ഹിജ്റ 128-ൽ ഇമാം അബു ഹനീഫ മക്ക സന്ദർശിക്കാൻ പോയി. ഹിജാസിൽ വെച്ച് അവർ രണ്ട് പേരും ( അബു ഹനീഫയും മാലിക്കും) കണ്ടുമുട്ടി. ഹിജ്റ 150-ൽ ഇമാം അബു ഹനീഫ വഫാത്താവുകയും ബാഗ്ദാദിൽ അടക്കം ചെയ്യുകയും ചെയ്തു, അതേ വർഷം തന്നെയാണ് മുഹമ്മദ് ഇബ്‌നു ഇദ്‌രിസ് അൽ-ശാഫിഈ ഫലസ്തീനിൽ ജനിക്കുന്നത്. ഹിജ്റ 164-ൽ, ഇമാം മാലിക്കിൽ നിന്ന് വിജ്ഞാനം നുകരാൻ ഇമാം ശാഫി മദീനയിലേക്ക് പോയി. അതേ വർഷം തന്നെയാണ് ഇമാം അഹ്മദ് ഇബ്നു ഹൻബൽ ബാഗ്ദാദിൽ ജനിക്കുന്നത്. ഹിജ്റ 170-ൽ, ഇമാം അൽ-ശാഫിഈ മക്കയിൽ വെച്ച് ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങി. ഹിജ്റ 179-ൽ ഇമാം മാലിക് മദീനയിൽ വഫാതാവുകയും ജന്നത്തുൽ ബഖീഇൽ ഖബറടക്കപ്പെടുകയും ചെയ്തു. ഹിജ്റ 187-ൽ ഇമാം അഹ്മദ് ഇബ്നു ഹൻബൽ 23-ആം വയസ്സിൽ മക്കയിൽ വരികയും ഇമാം ശാഫിഈയിൽ വിജ്ഞാനം നുകരുകയും ചെയ്തു. ഹിജ്റ 195-ൽ ഇമാം അൽ-ശാഫിഈ ബാഗ്ദാദിലേക്ക് പോയി, അവിടെ ഇമാം അഹ്മദ് ഇബ്നു ഹൻബൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഹിജ്റ 204-ൽ ഇമാം അഹ്മദ് ഇബ്നു ഹൻബൽ ബാഗ്ദാദിൽ ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങിയ അതേ വർഷം തന്നെ ഈജിപ്തിൽ വെച്ച് ഇമാം അൽ-ശാഫിഈ ഈജിപ്തിൽ വഫാത്തായി. ഹിജ്റ 241-ൽ ഇമാം അഹ്മദ് ഇബ്‌നു ഹൻബൽ ബഗ്ദാദിൽ വെച്ച് വഫാത്തായി. നാല് ഇമാമുകളും ലോകത്തിലെ തിളങ്ങുന്ന ചന്ദ്രന്മാരെപ്പോലെയാണ്, അല്ലെങ്കിൽ നാലുപേരും വിലയേറിയ രത്നങ്ങളുടെ അതുല്യമായ മാലയാണ്. അവരിൽ ആദ്യംവന്നത് മാലിക് ഇബ്‌നു അനസാണെങ്കിൽ മുതിർന്നവർ അബൂ ഹനീഫ ഇമാമാണ്. അവരിൽ ഏറ്റവും തിളക്കം ഇമാം ശാഫിഇക്കാണെങ്കിൽ അവരിൽ ഏറ്റവും ശക്തരും ദൃഢമുള്ളവരും അഹ്മദ് ഇബ്‌നു ഹൻബലാകുന്നു. ഏല്ലാവരും പരസ്പരം പ്രസരിക്കുന്ന പ്രകാശമാകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍